വരൂ…മീശപ്പുലിമയിലേക്ക് പോകാം…മഞ്ഞ് പുതച്ച മീശപ്പുലിമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ന്യൂസ് ബ്യൂറോ, ഇടുക്കി
Saturday, January 12, 2019

ഇടുക്കി: പ്രളയംമൂലം തകര്‍ന്ന ടൂറിസത്തിന് കരുത്ത് പകരുകയാണ് അതിശൈത്യം. മഞ്ഞ് മൂടിയ ഇടുക്കി മീശപ്പുലിമലയില്‍ സഞ്ചാരികളുടെ തിരക്ക് ദിനം പ്രതി കൂടുകയാണ്. മഞ്ഞുമൂടുന്ന മലനിരകളും സൂര്യോദയവുമാണ് മീശപ്പുലിമലയിലെ പ്രധാന ആകര്‍ഷണം.

പ്രളയംമൂലം തകര്‍ന്ന ടൂറിസത്തിന് കരുത്ത് പകരുകയാണ് അതിശൈത്യം. മഞ്ഞ് മൂടിയ ഇടുക്കി മീശപ്പുലിമലയില്‍ സഞ്ചാരികളുടെ തിരക്ക് ദിനം പ്രതി കൂടുകയാണ്. മഞ്ഞുമൂടുന്ന മലനിരകളും സൂര്യോദയവുമാണ് മീശപ്പുലിമലയിലെ പ്രധാന ആകര്‍ഷണം.
നീലക്കുറിഞ്ഞി വര്‍ണ വസന്തമൊരുക്കിയ കൊളുക്കുമലയ്ക്ക് തൊട്ടരുകിലാണ് മീശപ്പുലിമല. അതിശൈത്യത്തെ തുടര്‍ന്നുള്ള അനുഗ്രഹീത കാലാവസ്ഥ മീശപ്പുലിമലയെ മനോഹരിയാക്കിരിക്കുന്നു. മൂന്നാറില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയാണ് ഈ കാഴ്ച വിസ്മയം.

മീശപ്പുലിമലയില്‍ പോകാന്‍ ഓണ്‍ലൈനിലൂടെ വനംവകുപ്പിന്റെ അനുമതി തേടണം. മൂന്നാറില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സൈലന്റ്‌വാലിയിലെ വനംവകുപ്പിന്റെ ബേസ് ക്യാമ്പിലെത്താം. ഇവിടെ നിന്ന് ജീപ്പില്‍ 16 കിലോമീറ്റര്‍ നീളുന്ന ഓഫ് റോഡിംഗ് നടത്തി കെഎഫ്ഡിസിയുടെ റോഡോമെന്റഷന്‍ കോട്ടേജിലെത്തണം. രാത്രി ഇവിടെ തങ്ങിയതിന് ശേഷം അതിരാവിലെയാണ് മീശപ്പുലിമലയിലേക്കുള്ള യഥാര്‍ത്ഥ യാത്ര.

ഏഴര കിലോമീറ്റര്‍ നീളുന്ന ട്രെക്കിംഗ്. കാല്‍നടയായി ഏഴ് മലകള്‍ താണ്ടിയുള്ള യാത്ര അല്‍പം ആയാസകരമാണെങ്കിലും മലയുടെ നെറുകയിലെത്തിയാലുള്ള കാഴ്ച ആരുടെയും മനംനിറയ്ക്കും.

വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറില്‍ നിന്നുള്ള യാത്ര സൗകര്യങ്ങള്‍ വനംവകുപ്പ് വിപുലപ്പെടുത്തി. പ്രകൃതിയുടെ വിസ്മയത്തിനൊപ്പം മാനും, കേഴയും, വരയാടുമെല്ലാം മീശപ്പുലിമലയില്‍ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കും. തിരക്ക് കൂടിയതോടെ കെഎഫ്ഡിസി സഞ്ചാരികള്‍ക്കായി പ്രത്യേക യാത്ര പാക്കേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

×