Advertisment

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു

New Update

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗം വിളിച്ചു. വൈകീട്ട് 3.30 ന് സെക്രട്ടേറിയറ്റിലാണ് വിവിധ വകുപ്പുകളുടെ ഉന്നത തല യോഗം ചേരുക. ബുറേവി നേരിടാൻ സ്വീകരിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് യോഗം ചേരുന്നത്.

നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എന്നിവരെ ടെലഫോണിൽ വിളിച്ച്‌ സംസാരിച്ചിരുന്നു. കേന്ദ്രസർക്കാർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അമിത് ഷാ മുഖ്യമന്ത്രിമാർക്ക് ഉറപ്പു നൽകി. ഇരു സംസ്ഥാനങ്ങളിലേക്കും രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘങ്ങളെ അയച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച്‌ സംസ്ഥാനം സ്വീകരിച്ച സുരക്ഷാ നടപടികൾ വിശദീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കൻ തീരത്തു നിന്നും ബുറേവി ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം കാറ്റ് പാമ്ബൻ വഴി തമിഴ്‌നാട് തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്കൻ കേരളം തെക്കൻ തമിഴ്‌നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (റെഡ് അലർട്ട്) പ്രഖ്യാപിച്ചു. കേരളത്തിൽ ഇന്നു രാത്രിയോ നാളെ പുലർച്ചെയോടെയോ കാറ്റ് എത്തിയേക്കും. അതി തീവ്ര ന്യൂനമർദമായാകും കാറ്റ് പ്രവേശിക്കുകയെന്നാണ് സൂചന. കേരളത്തിൽ 65 കിലോമീറ്ററിലേറെ വേ​ഗതയിൽ കാറ്റും, അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Advertisment