Advertisment

ഖത്തർ അമീറിന് സൗദി രാജാവിന്റെ സന്ദേശം; ആഗോള മേഖലാ സംഭവ വികാസങ്ങളില്‍ സഹകരണം ശക്തിപ്പെടും.

New Update

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും സന്ദേശങ്ങളുമായി വിദേശകാര്യ മന്ത്രി ഖത്തർ തലസ്ഥാനമായ ദോഹയിൽ. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ഫർഹാൻ ആലുസഊദ് രാജകുമാരനാണ് തിങ്കളാഴ്ച സൗദി ഭരണ നേതൃത്വത്തിൽ നിന്നുള്ള ശബ്ദസന്ദേശവുമായി ഖത്തറിൽ എത്തിയത്. ഭരണ സിരാകേന്ദ്രത്തിൽ വെച്ച് ഖത്തർ അമീർ അൽഷൈഖ്‌ തമീം ബിൻ ഹമദ് ആലുഥാനി സൗദി സംഘത്തെ എതിരേറ്റു.

Advertisment

publive-image

ദോഹാ വിമാനത്താവളത്തിൽ ഖത്തർ ഉപ പ്രധാനമന്ത്രി അൽഷൈഖ്‌ മുഹമ്മദ് ആലുഥാനിയുടെ നേതൃത്വത്തിലാണ് സൗദി സംഘത്തെ ഊഷ്മളമായി എതിരേറ്റത്.  ഈ വർഷാദ്യത്തിൽ സൗദിയിലെ ചരിത്ര പ്രധാന മേഖലയായ അൽഉലയിൽ ചേർന്ന ഗൾഫ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ വെച്ച് പൂർണത പുനഃസ്ഥാപിതമായ മേഖലാ സൗഹൃദത്തിന്റെ അനുരണനമായാണ് സൗദി ഭരണാധികാരിയുടെ സന്ദേശവും വിദേശകാര്യ മന്ത്രിയുടെ സന്ദർശനവും വിലയിരുത്തപ്പെടുന്നത്.

ഇത് ഉഭയകക്ഷി സഹകരണത്തിന് കൂടുതൽ ഊഷ്മളത പകരുമെന്ന് ഉറപ്പ്. ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹാർദം കൂടുതൽ ശക്തിപ്പെടുത്തുക, ആഗോള തലത്തിലും മേഖയിലും നിലനിൽക്കുന്ന അവസ്ഥാ വിശേഷങ്ങളിൽ യോചിച്ച നീക്കം നടത്തുക തുടങ്ങിയവ ഖത്തർ ഭരണാധികാരിയ്ക്കുള്ള സൗദി രാജാവിന്റെ സന്ദേശത്തിൽ അടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

അതോടൊപ്പം, ഇരു രാജ്യങ്ങൾക്കും താല്പര്യമുള്ള വിഷയങ്ങൾ, യമനിലെ അവസ്ഥകൾ, സമീപ രാജ്യങ്ങളിൽ അതുളവാക്കുന്ന ആശങ്കകൾ എന്നിവ പരിഹരിക്കുന്നതിനായുള്ള യോജിച്ച ശ്രമങ്ങളും ഇരു രാജ്യങ്ങളുടെയും ആശയ കൈമാറ്റങ്ങളിലൂടെ സാധ്യമാവുമെന്നാണ് പ്രതീക്ഷ. വിവിധ വിഷയങ്ങളിൽ യോജിച്ച അറബ് നീക്കങ്ങൾ നടത്തേണ്ടതിന്റെയും ആഗോള - മേഖലാ സ്ഥിരതയ്ക്ക് ഭീഷണിയാവുന്ന എല്ലാറ്റിനെയും തള്ളിക്കളയേണ്ടതിന്റെയും ആവശ്യകത ഇരു നേതാക്കളും ആവർത്തിച്ചു.

ഞായറാഴ്ച കിഴക്കൻ സൗദിയിലെ റാസത്തന്നൂറ തുറമുഖത്തെ എണ്ണ ടാങ്കിനും ദഹ്റാനിലെ ആരാംകോ പാർപ്പിട സമുച്ചയങ്ങൾക്കും നേരെ നടന്ന ഹൂഥി ആക്രമണത്തെ ഖത്തർ അപലപിച്ചിരുന്നു. എല്ലാ അന്താരാഷ്‌ട്ര മര്യാദകളെയും ആഗോള നിയമങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടുള്ള ഭീകരാക്രമണം എന്നാണു ഖത്തർ ഹൂഥി ആക്രമണത്തെ വിശേഷിപ്പിച്ചത്.

ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അൽഷൈഖ്‌ മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ആലുഥാനിയുമായും സൗദി വിദേശകാര്യ മന്ത്രി ഔദ്യോഗിക സംഭാഷണം നടത്തി. നാല് വർഷങ്ങളോളം നീണ്ട ഗൾഫ് രാജ്യങ്ങൾ തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ സൗദി രാജാവിന്റെ മുൻകൈ ശ്രമത്തിൽ അൽഉലയിൽ നടന്ന ഉച്ചകോടിയോടെയാണ് ചരിത്രമായി മാറിയത്. കഴിഞ്ഞ മാസം ഇരുപത്തിയാറിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് വേണ്ടിവന്ന വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഖത്തർ അമീർ നേരിട്ട് അദ്ദേഹത്തെ വിളിച്ച് ആശംസയും പ്രാർത്ഥനയും നേർന്നിരുന്നു.

Advertisment