കള്ളം പറഞ്ഞതിന് പിതാവ് 10 വയസ്സുകാരനെ കഴുത്തില്‍ പിടിച്ചുപൊക്കി എടുത്തെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ കുട്ടിയെ കാണിച്ചുകൊടുക്കാന്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ മൊബൈല്‍ കടക്കാര്‍ ഇവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പിതാവ് അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Sunday, January 28, 2018

ബാംഗ്ലൂര്‍ : കള്ളം പറഞ്ഞെന്ന് ആരോപിച്ച് ബംഗളൂരുവില്‍ പത്തുവയസ്സുകാരനെ പിതാവ് അതിക്രൂരമായി മര്‍ദ്ദിച്ചു . കുട്ടിയെ കഴുത്തില്‍ പിടിച്ചുപൊക്കി എടുത്തെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

കുട്ടി വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ കാണിച്ചുകൊടുക്കുന്നതിനുവേണ്ടി പിതാവിന്റെ നിര്‍ദ്ദേശപ്രകാര൦ കുട്ടിയുടെ അമ്മ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സംഭവം എങ്ങനെയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ കുട്ടിയുടെ പിതാവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സന്നദ്ധ സംഘടനയായ ബോസ്‌കോ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബെംഗളൂരു കൊങ്കേരി സ്വദേശി മഹേന്ദ്ര അറസ്റ്റിലായത്.

പിതാവ് കുട്ടിയെ കൈകള്‍ കൊണ്ടും മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചും അതിക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് കുട്ടിയെ  കഴുത്തില്‍ പിടിച്ചുയര്‍ത്തി തറയിലേക്ക് വലിച്ചെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നുണ്ട്. കുട്ടി നിലവിളിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും തുടര്‍ച്ചയായി രണ്ടു മിനിറ്റോളം മര്‍ദ്ദനം തുടരുകയാണ്.

രണ്ടു മാസം മുന്‍പാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ വീഡിയോ ചിത്രീകരിച്ച ഫോണ്‍ നന്നാക്കുന്നതിന് നല്‍കിയതിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പുറത്തായതെന്നാണ് സംശയം. മൊബൈല്‍ ഫോണ്‍ കടക്കാരനാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. തുടര്‍ന്ന് സംഭവം വിവാദമാകുകയും ബാലനീതി നിയമ പ്രകാരം പോലീസ് കേസെടുക്കുകയുമായിരുന്നു.

×