follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ഗവര്‍ണര്‍ തിരക്കിട്ട കൂടിയാലോചനയില്‍. പനീര്‍ശെല്‍വത്തെയും പളനി സ്വാമിയെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. സാധ്യത ഇപ്പോഴും പനീര്‍ശെല്‍വത്തിന്. തീരുമാനം ഉടനെന്ന് സൂചന !

ന്യൂസ് ബ്യൂറോ, ചെന്നൈ » Posted : 15/02/2017

ചെന്നൈ: തമിഴ്നാട്ടിലെ ഭരണ സ്തംഭനത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചു . ഇന്ന് പകല്‍ പല നിയമോപദേശങ്ങള്‍ തേടിയ ഗവര്‍ണര്‍ രാത്രിയോടെ സര്‍ക്കാര്‍ ഉന്നയിക്കാന്‍ അവകാശ വാദം ഉന്നയിച്ച ഇരു നേതാക്കളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു . അണ്ണാ ഡി എം കെ യുടെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസ്വാമിയെ ഏഴരയ്ക്ക് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച ഗവര്‍ണര്‍ എട്ടരയ്ക്ക് കാവല്‍ മുഖ്യമന്ത്രി ഓ പനീര്‍ശെല്‍വത്തെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു .



ഇതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി . ശശികല അഗ്രഹാര ജയിലില്‍ തടവില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ രാജ്ഭവന്‍ കേന്ദ്രീകരിച്ചു പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങളാണ് നടന്നുവരുന്നത് .

ഇതോടെ ഗവര്‍ണറുടെ തീരുമാനം ഇന്ന് രാത്രിയോ നാളെ രാവിലെയോ ഉണ്ടായേക്കുമെന്ന സൂചന ശക്തമായി . കാവല്‍ മുഖ്യമന്ത്രി ഓ പനീര്‍ശെല്‍വത്തോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാനാണ് സാധ്യത കൂടുതലെന്നാണ് സൂചന. ഗവര്‍ണര്‍ക്ക്‌ ലഭിച്ചിട്ടുള്ള അനൌദ്യോഗിക നിയമോപദേശങ്ങള്‍ ആദ്യം പനീര്‍ശെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന വിധത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ അവകാശ വാദങ്ങള്‍ പ്രകാരം എടപ്പാടി പളനിസ്വാമി 124 എം എല്‍ എമാരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. ഇന്ന് രാത്രിയിലെ കൂടിക്കാഴ്ചയിലും അദ്ദേഹം ഇത് ആവര്‍ത്തിച്ചു . എന്നാല്‍ റിസോര്‍ട്ടില്‍ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന എം എല്‍ എമാര്‍ ഒപ്പിട്ട പളനിസ്വാമിയുടെ അവകാശ വാദം മാത്രമാണ് ഗവര്‍ണറുടെ പക്കലുള്ളത്‌. ഇതില്‍ നിന്ന് 30 ലേറെ എം എല്‍ എമാര്‍ തങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് പനീര്‍ ശെല്‍വവും രാത്രിയിലെ കൂടിക്കാഴ്ചയില്‍ ഗവര്‍ണറോട് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

അത് സത്യമെങ്കില്‍ ഡി എം കെയുടെ 89 എം എല്‍ എമാര്‍ക്കുമൊപ്പം കോണ്‍ഗ്രസിന്റെ 8 അംഗങ്ങളുടെയും ഒരു ലീഗ് എം എല്‍ എയുടെയും പിന്തുണ കൂടിയാകുമ്പോള്‍ പനീര്‍ ശെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കാനാകും. 117 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായി വരിക.

നിലവില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക് പെട്ടെന്ന് ആവശ്യപ്പെടാന്‍ കഴിയുന്നത് പനീര്‍ ശെല്‍വത്തോടാണ്. കാരണം നിയമസഭ വിളിച്ചുകൂട്ടണമെങ്കില്‍ ഭരണഘടനാ പ്രകാരം സര്‍ക്കാരിന് മാത്രമേ അവകാശമുള്ളൂ.

ഗവര്‍ണര്‍ക്ക്‌ അതിനുള്ള അവകാശമില്ല. ഇപ്പോള്‍ കാവല്‍ മുഖ്യമന്ത്രിയാണെങ്കിലും സര്‍ക്കാര്‍ പനീര്‍ശെല്‍വത്തിന്റെതാണ്. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ നിയമസഭ വിളിച്ചുകൂട്ടാന്‍ പനീര്‍ ശെല്‍വത്തിനെ സാധ്യമാകൂ. അതിനാല്‍ ആദ്യ അവസരം പനീര്‍ ശെല്‍വത്തിനു തന്നെ നല്‍കാനാണ് സാധ്യത.



പളനിസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെങ്കില്‍ ആദ്യം അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണം. തുടര്‍ന്ന്‍ നിയമസഭ വിളിച്ചുകൂട്ടി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.

അങ്ങനെ ചെയ്യണമെങ്കില്‍ പളനിസ്വാമിക്ക് ഭൂരിപക്ഷം എം എല്‍ എമാരുടെ പിന്തുണയുണ്ടെന്നു ഗവര്‍ണര്‍ക്ക്‌ ബോധ്യപ്പെടണം. നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക്‌ അങ്ങനൊരു ബോധ്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതല്ലെങ്കില്‍ ഗവര്‍ണര്‍ എം എല്‍ എമാരെ ഓരോരുത്തരെയായി വിളിച്ചു ചേര്‍ത്ത് നിലപാട് ആരായണം. അതിനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ട്.

എന്നാല്‍ അതിനേക്കാള്‍ എളുപ്പമുള്ള തീരുമാനമായി ഗവര്‍ണര്‍ പരിഗണിക്കാന്‍ സാധ്യത നിലവിലെ സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുകയെന്നതാണ്. ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിന് ഒരാഴ്ചത്തെ സമയമായിരിക്കും പനീര്‍ ശെല്‍വത്തിന് ഗവര്‍ണര്‍ അനുവദിക്കാന്‍ സാധ്യത. ഈ തീരുമാനം ഇന്ന് വൈകിട്ടോ അതല്ലെങ്കില്‍ നാളെ രാവിലെയോ ഉണ്ടാകുമെന്ന് തീര്‍ച്ച.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+