follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വി.കെ.ശശികല 9234 നമ്പര്‍ തടവുകാരി ; ആവശ്യപ്പെട്ട സൗകര്യങ്ങള്‍ ഒന്നുമില്ലാതെ ജയിലിലെ ആദ്യ ദിനത്തില്‍ തറയില്‍ കിടന്ന് ഉറക്കം ; പ്രഭാത ഭക്ഷണത്തിന് പുളിസാദവും ചട്‌നിയും !

ന്യൂസ് ബ്യൂറോ ചെന്നൈ » Posted : 16/02/2017

ചെന്നൈ : വി.കെ.ശശികല, ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ 9234 നമ്പര്‍ തടവുകാരി. ജയിലിലെ ആദ്യ ദിനത്തില്‍ സെല്ലിലെ തറയില്‍ കിടന്നായിരുന്നു ഉറക്കം. ആവശ്യപ്പെട്ട സൗകര്യങ്ങള്‍ ഒന്നുമില്ലാതെ തന്നെ. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ശശികലയുടെ ജയില്‍വാസം ഇന്നലെ മുതല്‍ ആരംഭിച്ചു. സാധാരണ ജയില്‍പുള്ളികള്‍ക്ക് അനുവദിക്കുന്ന സൗകര്യങ്ങള്‍ മാത്രമേ ശശികലയ്ക്കും ലഭിക്കുകയുള്ളൂ.

61കാരിയായ അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് സെല്ലില്‍ കൂട്ടായി അനന്തരവള്‍ ഇളവരസിയുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇപ്പോള്‍ മറ്റ് രണ്ട് സ്ത്രീ തടവുകാരാണുള്ളത്.



പ്രഭാത ഭക്ഷണത്തിന് പുളിസാദവും ചട്‌നിയുമായിരുന്നു ഇന്ന് ശശികല കഴിച്ചത്. അതിന് ശേഷം അവര്‍ അല്‍പ്പസമയം മെഡിറ്റേഷന്‍ ചെയ്തുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.അതേസമയം നേരത്തെ തീരുമാനിച്ചതില്‍ നിന്ന് വ്യത്യസ്തമായി ജയില്‍ അധികൃതര്‍ ശശികലയ്ക്ക് ടിവി സെറ്റും കിടക്കയും ഒരു ടേബിള്‍ ഫാനും അനുവദിച്ചിട്ടുണ്ട്.

കോടതിയില്‍ കീഴടങ്ങും മുമ്പേ പരപ്പന അഗ്രഹാര ജയിലില്‍ തനിക്ക് വേണ്ട സുഖസൗകര്യങ്ങള്‍ ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് ശശികല കത്തയച്ചിരുന്നെങ്കിലും അവര്‍ ആ ആവശ്യങ്ങള്‍ തള്ളിക്കളയുകയായിരുന്നു. ജയലളിത പരപ്പന ജയിലിലെത്തിയപ്പോള്‍ താമസിച്ചിരുന്ന സെല്‍ തനിക്ക് നല്‍കണമെന്ന് ശശികല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെയാണ് ബംഗലൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിലെത്തി ശശികലയും കേസിലെ നാലാം പ്രതിയായ അനന്തരവള്‍ ഇളവരസിയും കീഴടങ്ങിയത്. തുടര്‍ന്ന് 6.20തോടെ ഇരുവരെയും ജയിലിലേക്ക് അയച്ചു. രാത്രി 8 മണിയോടെ ഇവര്‍ ജയിലിലെത്തി. രണ്ടാം നമ്പര്‍ ജയില്‍ സെല്ലാണ് ശശികലക്ക് അനുവദിച്ചിട്ടുള്ളത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+