follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

പളനിസാമി സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു; സര്‍ക്കാരിനെ പുറത്താക്കുമെന്ന് ദിനകരന്‍; ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിരുദ്ധം

ന്യൂസ് ബ്യൂറോ ചെന്നൈ » Posted : 12/09/2017

ചെന്നൈ : തമിഴ്‌നാട് സര്‍ക്കാരിനെ പുറത്താക്കുമെന്ന ഭീഷണിയുമായി ടിടിവി ദിനകരന്‍. പളനിസാമി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ദിനകരന്റെ ഭീഷണി. തനിക്കൊപ്പം ഇപ്പോഴും 21 എംഎല്‍എമാരുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എത്രയും വേഗം പളനിസാമി സര്‍ക്കാര്‍ രാജിവയ്ക്കണം. ഇല്ലെങ്കില്‍ സര്‍ക്കാരിനെ മറിച്ചിടാനും മടിക്കില്ലെന്ന് ദിനകരന്‍ ഭീഷണി മുഴക്കി.



പളനിസാമി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി 21 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്കു കൈമാറിയിട്ടുണ്ടെന്നും ദിനകരന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നടപടിയെടുക്കുന്നില്ലെന്നും ദിനകരന്‍ വിമര്‍ശിച്ചു. പളനിസാമിക്ക് ഭരിക്കാനാവശ്യമായ 117 എംഎല്‍എമാരുടെ പിന്തുണയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണം. മുഖ്യമന്ത്രിയെയും മന്ത്രിസഭയേയും മാറ്റേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് പാര്‍ട്ടിയെ കരകയറ്റേണ്ടതുണ്ട്. ഏതാനും ദിവസം കൂടി കാത്തിരിക്കാനാണ് ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം. തനിക്കൊപ്പമുള്ള 21 എംഎല്‍എമാരും വിശ്വാസവോട്ടെടുപ്പു വന്നാല്‍ പളനിസാമി സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്നും ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ദിനകരന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയ സാഹചര്യത്തില്‍ ജനറല്‍ കൗണ്‍സില്‍ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളെയും കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ദിനകരന്‍ അറിയിച്ചു. ഇപ്പോഴും ജനങ്ങള്‍ കൂടെയുണ്ടെന്ന് വിശ്വാസമുണ്ടെങ്കില്‍, രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പളനിസാമി–പനീര്‍സെല്‍വം വിഭാഗം തയാറാകണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിക്കു രണ്ടില ചിഹ്നം നഷ്ടമാകാന്‍ കാരണം പനീര്‍സെല്‍വമാണ്. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. പനീര്‍സെല്‍വത്തിനും പളനിസാമിക്കുമെതിരെ പോരാടാന്‍ ഞങ്ങള്‍ക്ക് അവരുടെ പിന്തുണ മതി. അമ്മയുടെ (ജയലളിത) യഥാര്‍ഥ അനുയായി ഞാനാണെന്ന് ജനങ്ങള്‍ക്കറിയാം. പളനിസാമിയെയും പനീര്‍സെല്‍വത്തെയും അവര്‍ക്കു വിശ്വാസമില്ല.

പാര്‍ട്ടിയെയും തമിഴ്‌നാട്ടിലെ ജനങ്ങളെയും അവര്‍ ചതിച്ചു. ഒരിക്കല്‍ക്കൂടി തമിഴ്‌നാട്ടിലേക്ക് ‘അമ്മ’യുടെ ഭരണം കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യഥാര്‍ഥ പോരാട്ടം ഞങ്ങളും ഡിഎംകെയും തമ്മിലാണ്. എടപ്പാടി പളനിസാമി മുഖ്യമന്ത്രി കസേരയില്‍ ഇനിയും ഇരുന്നുകാണാന്‍ തനിക്കു താല്‍പര്യമില്ലെന്നും ദിനകരന്‍ വ്യക്തമാക്കി.

ശശികല വിഭാഗത്തിലെ നേതാക്കളെ പുറത്താക്കുന്നതിനായി പളനിസാമി വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരനും സംഘവും ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഈ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചിനെയും സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് വിധി ശരിവയ്ക്കുകയാണുണ്ടായത്. കോടതിയുടെ സമയം വെറുതെ കളഞ്ഞതിന് ഒരു ലക്ഷം രൂപ പിഴയുമിട്ടു. ഇതിനു പിന്നാലെ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ദിനകരന്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+