2 മാസം മുമ്പ് ടിക്കറ്റെടുത്ത 6 യാത്രക്കാര്‍ക്ക് കാരണമില്ലാതെ യാത്ര നിഷേധിച്ച് എയര്‍ഇന്ത്യ. യാത്രക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ പകരം ഫ്ലൈറ്റില്‍ യാത്രയൊരുക്കി അധികൃതര്‍ തലയൂരി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 25, 2018

ഡല്‍ഹി:  മുന്‍കൂട്ടി ടിക്കറ്റ് എടുത്ത മലയാളി യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യയുടെ കടുംകൈ. ഇന്ന് രാവിലെ 5.50 ന് ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരിക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് എടുത്ത് എയര്‍പോര്‍ട്ടില്‍ എത്തിയ കുട്ടികളടക്കമുള്ള 6 പേര്‍ക്കാണ് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചത്.

ഇവര്‍ രാവിലെ രണ്ടു മണിക്ക് യാത്രയ്ക്കായി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ബോര്‍ഡിംഗ് പാസ് എടുക്കാന്‍ ചെന്നപ്പോഴാണ് യാത്രാനുമതി ഇല്ലെന്ന വിവരമറിയുന്നത്. അതിന് വ്യക്തമായ ഒരു കാരണം പറയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞതുമില്ല. ഒടുവില്‍ ഉച്ചകഴിഞ്ഞ് 2.05 ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവര്‍ക്ക് ടിക്കറ്റ് ഇടപാടാക്കുകയായിരുന്നു.

പുലര്‍ച്ചെ 2 ന് കുട്ടികളുമായി എയര്‍പോര്‍ട്ടില്‍ എത്തിയ ഈ യാത്രക്കാര്‍ ഇതോടെ ഉച്ചകഴിഞ്ഞ് രണ്ടു മണിവരെ ഇവിടെ കാത്തിരിക്കേണ്ട ഗതികേടിലായി. മുന്‍‌കൂര്‍ എടുത്ത ടിക്കറ്റിന് എന്തുകൊണ്ട് യാത്രാനുമതി നല്‍കാന്‍ കഴിയില്ലെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാനാകാതെ വന്നത് എയര്‍ഇന്ത്യയ്ക്ക് നാണക്കേടാണ്.

ഇതുപോലെതന്നെ രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരിയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ഇവരെ സ്വീകരിക്കാന്‍ എത്തിയ ബന്ധുക്കളും യാത്രക്കാരും വൈകിട്ട് അഞ്ചര വരെ എയര്‍പോര്‍ട്ടില്‍ കുത്തിയിരിക്കേണ്ട ഗതികേടിലുമാണ്.

×