Advertisment

ഡൽഹിയിൽ മലയാളി കുടുംബത്തിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. 5 പവനും അയ്യായിരം രൂപയും നഷ്ടപ്പെട്ടു ! കവർച്ച നടന്നത് വീട്ടുകാരെ കബളിപ്പിച്ച് !

New Update

ഡൽഹി: ഡൽഹിയിൽ പ്രവാസി മലയാളിയുടെ വീട്ടിൽ കവർച്ച. 5 പവനും അയ്യായിരം രൂപയുമാണ് കവർന്നത്. പാലം മഹാവീർ എൻക്ലേവിൽ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ബിജോയിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പട്ടാപ്പകൽ വീട്ടുകാരെ കബളിപ്പിച്ച് മോഷണം നടന്നത്.

Advertisment

ഡൽഹിയിൽ മലയാളികളെ കേന്ദ്രീകരിച്ച് നടക്കുന്ന കവർച്ചയുടെ പുതിയ രൂപമാണ് ബിജോയിയുടെ വീട്ടിൽ അരങ്ങേറിയത്.

publive-image

സംഭവ സമയത്ത് ബിജോയിയും മകളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകൾ ക്ളാസുകഴിഞ്ഞു വന്നപ്പോൾ കുട്ടിയെ കൂട്ടാനായി അമ്മയും പുറത്തേക്ക് പോയി. തിരികെ വന്നപ്പോൾ ബൈക്കിൽ വന്ന അജ്ഞാതൻ മകൾ വാതിൽ തുറന്ന ഉടൻ വീടിനുള്ളിലേക്ക് കയറുകയായിരുന്നു.

ബിജോയിയുടെ ഭാര്യ റീനയുടെ പേര് പറഞ്ഞ് ആ വീടല്ലേ ഇതെന്ന് കുട്ടിയോട് ചോദിച്ചു. റീന ഓഫീസിൽ ഒരു കുട്ടിയെ ജോലിക്ക് വച്ചിരുന്നെന്നും ആ കുട്ടി എന്തോ തട്ടിപ്പ് കാണിച്ചതിനാൽ കമ്പനി അധികൃതർ റീനയ്ക്കെതിരെ പരാതി നൽകി റീനയെ പോലീസ് പിടിച്ചെന്നും ബിജോയെയും പോലീസ് വിളിപ്പിച്ചിരിക്കുകയാണെന്നും ഇയാൾ കുട്ടിയോടും വല്യമ്മയോടും പറഞ്ഞു.

അതിനാൽ അമ്മയെ ഇറക്കാൻ അലമാരയിൽ എന്തോ രേഖകൾ ഉണ്ടെന്നും അതെടുത്തുകൊണ്ട് ചെല്ലാൻ ഓഫീസിൽ നിന്നും പറഞ്ഞെന്നും പറഞ്ഞു അലമാര തുറപ്പിച്ചു.

ഇതിനിടയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവന്റെ ആഭരണങ്ങളും അയ്യായിരം രൂപയും ഇയാൾ കൈക്കലാക്കിയത്. ഉടൻ ഇയാൾ പുറത്ത് പോകുകയും ചെയ്തു/ മകളെയും മകനെയും പോലീസ് പിടിച്ചെന്നറിഞ്ഞ അമ്പരപ്പിൽ അമ്മയ്ക്കും പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല.

ഇതിനിടയിൽ അജ്ഞാതൻ കടന്നുകളഞ്ഞു. പിന്നീട് റീനയുടെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.

ഉടൻ പോലീസിനെ വിവരം അറിയിച്ചപ്പോൾ ഓൺലൈനിൽ പരാതി നൽകാനായിരുന്നു മറുപടി. പരാതി നൽകിയശേഷം സ്ഥലത്തെത്തിയ പോലീസ് വീടിരിക്കുന്ന ബിൽഡിംഗിൽ പോലും കയറാൻ കൂട്ടാക്കാതെ റോഡിൽ നിന്ന് വിവരം തിരക്കി മടങ്ങുകയായിരുന്നു. സഫ്ദര്‍ജങ്ങ് എന്‍ക്ലേവ് സെന്‍റ് മേരീസ് സ്കൂള്‍ അധ്യാപകനാണ് ബിജോയ്‌. ഗുര്‍ഗാവില്‍ ഒരു സ്വകാര്യ കമ്പനിയില്‍ മാനേജരാണ് റീന.

മലയാളികൾക്കെതിരെ ഡൽഹിയിലുണ്ടാകുന്ന മിക്ക കേസുകളിലും പോലീസിന്റെ സമീപനം ഇപ്രകാരമാണെന്നതാണ് കവർച്ചകൾ വ്യാപകമാകുന്നതിന് കാരണമെന്ന് ആക്ഷേപമുണ്ട്.

പോലീസും കേസുമായി നടക്കുന്നത് അന്യ നാട്ടിൽ ബുദ്ധിമുട്ടേറിയ കാര്യമാണെന്നതിനാൽ പലപ്പോഴും മലയാളികളും അതിന് മിനക്കെടാറില്ല.

പട്ടാപ്പകൽ പോലും മാല പറിച്ചുകൊണ്ടുപോകുന്ന രീതി ഡൽഹിയിൽ പതിവായിരുന്നു. പ്രവാസികളായിരുന്നു ഇവരുടെ ഉന്നം. അതുമാറി ഇപ്പോൾ വീട്ടിൽ പോലും സ്വർണ്ണവും പണവും വയ്ക്കാൻ പറ്റാത്തതായി സ്ഥിതി.

Advertisment