follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

അതിര്‍ത്തി സംഘര്‍ഷം രൂക്ഷം; സേനാ മേധാവി ബിപിന്‍ റാവത്ത് ലഡാക്കിലേക്ക്

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 19/08/2017

ന്യൂഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ ദോക്‌ലായിലേക്ക് സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്‍ണായക സന്ദര്‍ശനം. സേനാ മേധാവിയുടെ ത്രിദിന ലഡാക്ക് സന്ദര്‍ശനം ഞായറാഴ്ച ആരംഭിക്കും. ലഡാക്കിലെ സുരക്ഷാ നടപടികള്‍ ജനറല്‍ ബിപിന്‍ റാവത്ത് വിലയിരുത്തും. ചൈനയുമായി ഒന്നരമാസത്തിലേറെയായി തുടരുന്ന ഉരസല്‍ എങ്ങനെ തീര്‍ക്കണമെന്നതാവും ബിപിന്‍ റാവത്തിന്റെ സന്ദര്‍ശനത്തിന്റെ മുഖ്യ അജന്‍ഡ എന്നറിയുന്നു.



കൂടുതല്‍ സൈന്യത്തെ ചൈനാ അതിര്‍ത്തിയിലേക്കു നീക്കിത്തുടങ്ങിയ ശേഷമാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനമെന്നതും നിര്‍ണായകമാണ്. മുതിര്‍ന്ന കമാന്‍ഡര്‍മാരുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. അതിര്‍ത്തിയിലെ സന്നാഹങ്ങള്‍ നേരിട്ടു പരിശോധിക്കും. സൈനികര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തിയശേഷം കുറവുകളുണ്ടെങ്കില്‍ പരിഹരിക്കും. ദോക്‌ലായില്‍ സദാ സജ്ജരായി നിലയുറപ്പിച്ചിട്ടുള്ളസൈനികര്‍ക്ക് മാനസിക പിന്തുണ നല്‍കുക കൂടിയാണ് ബിപിന്‍ റാവത്തിന്റെ മൂന്നുദിവസം നീണ്ട സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

ലഡാക്കിലെ പ്രസിദ്ധമായ പാന്‍ഗോങ് തടാകക്കരയിലൂടെ ഇന്ത്യയുടെ ഭൂപ്രദേശത്തു പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസം ചൈനീസ് പട്ടാളം ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്ത്യന്‍ സൈനികരെ അതിര്‍ത്തിയിലേക്കു കൂടുതലായി നീക്കിയത്. ഗാങ്‌ടോക്കില്‍നിന്ന് 17-ാം ഡിവിഷനെയും കലിപോങ്ങില്‍ നിന്ന് 27-ാം ഡിവിഷനെയുമാണ് ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിക്കുന്നത്. ഓഗസ്റ്റ് 15നാണ് ചൈനയുടെ ഭാഗത്തുനിന്നും കടന്നുകയറ്റ ശ്രമം ഉണ്ടായത്. ഇരു രാജ്യങ്ങളിലെയും സൈന്യം ഏതാണ്ട് ഒരു മണിക്കൂറോളം മുഖാമുഖം നിന്നു. മേഖലയിലെ ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നിവിടങ്ങളിലാണു ചൈനീസ് പട്ടാളം കയ്യേറ്റത്തിനു ശ്രമിച്ചത്.

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ദോക് ലായില്‍ ചൈന റോഡ് നിര്‍മാണം ആരംഭിച്ചതാണ് സംഘര്‍ഷത്തിന് വഴിമരുന്നിട്ടത്. എന്നാല്‍, ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചുവെന്നാണു ചൈനയുടെ ഇപ്പോഴും ആരോപിക്കുന്നത്. കഴിഞ്ഞ ഒന്നരമാസത്തിലേറെയായി മേഖലയില്‍ ഇന്ത്യ- ചൈന സൈനികര്‍ മുഖാമുഖം നില്‍ക്കുകയാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+