follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

മെഡിക്കല്‍ പ്രവേശന കുംഭകോണം: ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ഡല്‍ഹി ബ്യൂറോ » Posted : 22/09/2017

ന്യൂഡല്‍ഹി : മെഡിക്കല്‍ പ്രവേശന കുംഭകോണവുമായി ബന്ധപ്പെട്ട് ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ഉള്‍പ്പെടെ ആറുപേരെ സിബിഐ അറസ്റ്റ് ചെയ്തു. വിലക്ക് ഏര്‍പ്പെടുത്തിയ മെഡിക്കല്‍ കോളെജുകളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ഒത്താശ ചെയ്തു എന്ന കുറ്റത്തിനാണ് ജഡ്ജിയെ അറസ്റ്റ് ചെയ്തത്. 2004 മുതല്‍ 2010 വരെ ഒഡീഷ ഹൈക്കോടതി ജഡ്ജിയായിരുന്ന ഇശ്‌റത്ത് മസ്‌റൂര്‍ ഖുദ്ദുസി, ലക്‌നൗവിലെ പ്രസാദ് മെഡിക്കല്‍ കോളെജ് ഉടമകളായ ബി.പി.യാദവ്, പലാഷ് യാദവ്, ഇടനിലക്കാരന്‍ വിശ്വനാഥ് അഗ്രവാല, ഹവാല ഇടപാടുകാരന്‍ രാംദേവ് സാരസ്വത്, ഭാവ്‌ന പാണ്ഡെ എന്നിവരാണു പിടിയിലായത്.



നേരത്തേ, റിട്ട. ജഡ്ജിയുടെ വസതിയിലുള്‍പ്പെടെ എട്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1.86 കോടി രൂപ സിബിഐ പിടിച്ചെടുത്തിരുന്നു. പ്രസാദ് മെഡിക്കല്‍ കോളെജിന് അനുകൂലമായി വിധി സമ്പാദിക്കുന്നതിനു കോടതിയെ സ്വാധീനിക്കാന്‍ ഖുദ്ദുസി പണം കൈപ്പറ്റിയെന്നാണ് ആരോപണം. പ്രതികളെ പ്രത്യേക കോടതി നാലുദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടു. 2017-18 അധ്യായന വര്‍ഷത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളെജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതികള്‍ ഇടപെടല്‍ നടത്തരുതെന്ന സുപ്രീംകോടതി ഉത്തരവ് മറികടന്നായിരുന്നു ജഡ്ജിമാരുടെ ഇടപെടല്‍. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടിരുന്നു.

അതേസമയം, പരിശോധനയ്‌ക്കെത്തിയ സിബിഐ സംഘം ഇശ്‌റത്ത് ഖുദ്ദുസിയുടെ വീടെന്നു കരുതി സിറ്റിങ് ജഡ്ജിയുടെ വീട്ടിലെത്തിയത് വിവാദമായി. ഒഡീഷ ഹൈക്കോടതി ജഡ്ജി സി.ആര്‍.ഡാഷിന്റെ കട്ടക്കിലെ വസതിയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെ അഞ്ചു സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്നു പരാതിയില്‍ പറയുന്നു. ഖുദ്ദുസി നേരത്തേ ഈ വീട്ടിലാണു താമസിച്ചിരുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+