നിരന്തരം ശല്യംചെയ്തതിനെത്തുടര്‍ന്ന്‍ യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ് മരിച്ചു. യുവതിയെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു

ന്യൂസ് ബ്യൂറോ, മുംബൈ
Monday, December 31, 2018

മുംബൈ:  നിരന്തരം ശല്യംചെയ്തതിനെത്തുടര്‍ന്ന്‍ യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ് മരിച്ചു. മുംബൈ സ്വദേശി 27 കാരനായ തുഷാര്‍ പൂജാരയാണ് മരിച്ചത്. യുവതിയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

മുകേഷ് കനിയ, തേജസ് മഹ്ത്രേ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

നിരന്തരം ശല്യം ചെയ്തിരുന്ന യുവാവ് വീട്ടിലെത്തി ഭർത്താവിനോട് തന്റെ ഇഷ്ടത്തേക്കുറിച്ച് സംസാരിക്കുക കൂടി ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയ യുവാവിനെ ഡിസംബർ 25നാണ് യുവതിയും കൂട്ടുകാരും ചേർന്ന് വിജനമായൊരു സ്ഥലത്തെത്തിച്ചു. ക്രൂരമായി മർദ്ദിച്ച ശേഷം മരത്തിൽ കെട്ടിയിട്ട് യുവതി തന്റെ കൈയിൽ കരുതി വെച്ചിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റുകയായിരുന്നു.

തുടർന്ന് പൂജാരയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതിനുശേഷം യുവതിയും കൂട്ടുകാരും രക്ഷപ്പെടുകയായിരുന്നു. ആശുപത്രി അധിക‍ൃതർ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സംഭവത്തിന് രണ്ടാഴ്ച മുമ്പ് തന്നെ ശല്യം ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുവാവിന് യുവതി മുന്നറിയിപ്പ് നല്‍കിയിരുന്നതായി പൂജാരയുടെ സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തിൽ യുവതിയുൾപ്പടെ മൂന്ന് പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി മൺപാഡ പൊലീസ് വിശദമാക്കി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മുംബൈ ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വെച്ചാണ് തുഷാര്‍ പൂജാര മരിച്ചത്.

×