തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്തി കര്‍ണ്ണാടകയില്‍ ന്യൂനപക്ഷ സെല്‍ സംസ്ഥാന കണ്‍വെന്‍ഷന്‍. പുതിയ ക്രിസ്ത്യന്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ച ആവേശത്തില്‍ ക്രിസ്തീയ വിഭാഗങ്ങളുടെ ആവേശവും ശ്രദ്ധേയമായി. രാജ്യത്തെ എല്ലാ സമുദായങ്ങളെയും ഒന്നിച്ചുമുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസെന്ന് നഥീം ജാവേദ്

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Tuesday, March 5, 2019

ബാംഗ്ലൂര്‍:  തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആയിരങ്ങളെ സംഘടിപ്പിച്ച് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്‍ സംസ്ഥാന സമ്മേളനം ശ്രദ്ധേയമായി. ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ വിവിധ ഘട്ടങ്ങളിലായി പതിനായിരത്തോളം ആളുകളെ അണിനിരത്തിയാണ് കെ പി സി സി ന്യൂനപക്ഷ സെല്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ അരങ്ങേറിയത്.

ക്രിസ്ത്യന്‍, മുസ്ലീം, ജൈന, ബുദ്ധ മതവിഭാഗങ്ങളില്‍ നിന്നായി വന്‍ ജനപങ്കാളിത്തം സമ്മേളനത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് സംസ്ഥാനത്ത് പുത്തനുണര്‍വ്വ് പകരും.

ഒരു മാസം മുമ്പ് സംസ്ഥാന ക്രിസ്ത്യന്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ചതോടെ ക്രൈസ്തവ വിഭാഗങ്ങള്‍ ആവേശത്തോടെയാണ് സമ്മേളനത്തില്‍ അണിനിരന്നത്. ഇക്കാര്യം ന്യൂനപക്ഷ സെല്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡി കെ ബ്രിജേഷ് സമ്മേളനത്തില്‍ എടുത്തുപറയുകയും ചെയ്തു.

ആന്ധ്രാപ്രദേശിന്‌ ശേഷം ക്രിസ്ത്യന്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കുന്ന രണ്ടാമത് സംസ്ഥാനമായി കര്‍ണ്ണാടക മാറിയിരിക്കുകയാണെന്നും 200 കോടി രൂപയാണ് കോര്‍പറേഷന് വേണ്ടി ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്നും ഡി കെ ബ്രിജേഷ് സമ്മേളനത്തെ അറിയിച്ചു.

എ ഐ സി സി ന്യൂനപക്ഷ വിഭാഗം ദേശീയ ചെയര്‍മാന്‍ നഥീം ജാവേദ് മുഖ്യാതിഥിയായിരുന്നു. രാജ്യത്തെ വിവിധങ്ങളായ ന്യൂനപക്ഷ വിഭാഗങ്ങളെയും ഭൂരിപക്ഷ സമുദായങ്ങളെയും ചേര്‍ത്തു നിര്‍ത്തി രാജ്യവികസനം സാധ്യമാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് നഥീം ജാവേദ് പറഞ്ഞു.

സമുദായങ്ങളുടെ പേരില്‍ വര്‍ഗീയത പറയാതെ എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി രാജ്യത്ത് കോണ്‍ഗ്രസ് മാത്രമാണെന്നും ജാവേദ്‌ പറഞ്ഞു.

സംസ്ഥാന ചെയര്‍മാന്‍ വൈ സൈദ്‌ അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ കണ്ഠര് സമ്മേളനം ഉദ്ഘാടനം ചെയ്തു.

മന്ത്രിമാരായ സമീര്‍ അഹമ്മദ് ഖാന്‍, യു ടി ഖാദര്‍, റഹിം ഖാന്‍, രാജ്യസഭാംഗ൦ സൈദ്‌ നസീര്‍ ഹുസൈന്‍, മുതിര്‍ന്ന നേതാക്കളായ റഹ്മാന്‍ അഹമ്മദ് ഖാന്‍, റോഷന്‍ ബൈഗ് എം എല്‍ എ, എം എ ഹാരിസ് എം എല്‍ എ, എ ഐ സി സി സെക്രട്ടറി സലിം അഹമ്മദ്, വെനീഷ്യ നേരോ എം എല്‍ എ, ജാഫര്‍ എം എല്‍ സി, മറ്റ്‌ സംസ്ഥാന നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

×