എയർ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലില്‍ ഇടിച്ചു. യാത്രക്കാര്‍ സുരക്ഷിതര്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, October 12, 2018

ചെന്നൈ:  എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലില്‍ ഇടിച്ചു. തൃശിനാപ്പള്ളിയിൽ നിന്നും ദുബൈയിലേക്കുള്ള ബോയിങ് ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

രണ്ട് ചക്രങ്ങൾക്ക് തകരാർ സംഭവിച്ച വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. 130 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. എല്ലാവരും സുരക്ഷിതാരാണെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് സംഭവം. വിമാനത്തിന്റെ പിൻ ചക്രങ്ങളാണ് മതിലിൽ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെയടക്കം ചോദ്യം ചെയ്ത് വരികയാണ്. യാത്രക്കാരെ ദുബായിലേക്ക് എത്തിക്കാനായി മറ്റൊരു വിമാനം സജ്ജീകരിച്ച് നല്‍കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

×