ഡോ. സോണി സെബാസ്റ്റിയന് ലിംങ്കണ്‍ അവാര്‍ഡ്

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, November 26, 2018

ചെന്നൈ:  യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ യു.എസ്.എ ഏര്‍പ്പെടുത്തിയ ലിംങ്കണ്‍ ബെസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡ് കുവൈത്തിലെ ഫ്യൂഷന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സോണി സെബാസ്റ്റിയന്.

യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ചാപ്റ്റര്‍ ചെന്നൈയിലെ പ്ലസന്റ് ഡേ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മദ്രാസ് ഹൈക്കോര്‍ട്ട് മുന്‍ ജസ്റ്റിസ്റ്റ് ഡോ. എസ്.കെ കൃഷ്ണന്‍, യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ മുഖ്യ രക്ഷാധികാരി ഡോ. സെല്‍വിന്‍ കുമാര്‍, ഗ്ലോബല്‍ സൂഫി മൂവ്‌മെന്റ് ചെയര്‍മാന്‍ ഡോ. ശൈഖ് യൂസുഫ് സുല്‍ത്താന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.

ബിസിനസിന് പുറമേ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ അദ്ധേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ മുഖ്യ രക്ഷാധികാരി ഡോ. സെല്‍വിന്‍ കുമാര്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റി കോര്‍ഡിനേറ്റര്‍ ഡോ. പെരുമാള്‍ജി, മദ്രാസ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സൗന്ദര്‍ രാജന്‍, നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, കിംഗ്‌സ് യൂണിവേഴ്‌സിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ. അമാനുല്ല വടക്കാങ്ങര തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

കുവൈത്തിന് പുറമേ യു.എ.ഇ, യു.കെ, ഇന്ത്യ എന്നിവിടങ്ങളിലായി നിരവധി ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഡോ. സോണി സെബാസ്റ്റിയന് ഗര്‍ഷോം ബിസിനസ് അവാര്‍ഡ്, ബിസിനസ് ദീപിക ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ അതിരമ്പുഴ സ്വദേശിയാണ്. ഷൈനി സെബാസ്റ്റ്യനാണ് ഭാര്യ, നിക്കോള്‍ സോണി വട്ടമല, ന്യൂറ സോണി വട്ടമല, നോറബിള്‍ സോണി വട്ടമല മക്കളാണ്

×