രാഷ്ട്രീയത്തില്‍ രജനിക്കൊപ്പമില്ലെന്ന് കമലാഹസന്‍ പറഞ്ഞതിന് കാരണം രജനിയുടെ മോഡി ഭക്തി. കമല്‍ യുപിഎയ്ക്കൊപ്പവും രജനി എന്‍ഡിഎയ്ക്കൊപ്പവും നിലകൊണ്ടേയ്ക്കും ?

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, February 9, 2018

ചെന്നൈ:  സിനിമയില്‍ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളാണ് സൂപ്പര്‍ സ്റ്റാറുകളായ രജനികാന്തും കമലാഹസനും.  ഇരുവരും രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചതും ഒരേ സമയത്താണ്. ഒരേ ആശയങ്ങളുള്ള നേതാക്കളുമാണ് ഇരുവരും. അതിനാല്‍ തന്നെ രാഷ്ട്രീയം തമിഴകത്ത് സജീവമായിരുന്നു.

എന്നാല്‍ തമിഴ് മാസികയായ ആനന്ദവികടനില്‍ എഴുതിയ ലേഖനത്തില്‍ തങ്ങള്‍ രണ്ടുവഴിക്കാണെന്ന് കമല്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇരുവരും ഓരോ വ്യത്യസ്ത പാര്‍ട്ടികളുമായി രാഷ്ട്രീയമായി പരസ്പരം സഹകരിക്കാതെ മുന്നോട്ട് നീങ്ങാനാണ് തീരുമാനം.

ഇതിനു കാരണമായി പറയുന്നത് രജനിയുടെ ബി ജെ പി ബന്ധമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ മോഡിയാണെന്ന സംശയം ശക്തമാണ്.

അണ്ണാ ഡി എം കെ ദുര്‍ബലമായതോടെ തമിഴകം പിടിയ്ക്കാന്‍ രജനിയിലൂടെ ഒരു കൈ പയറ്റാനാണ് ബി ജെ പി നീക്കമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബി ജെ പി ലൈന്‍ കമല്‍ അംഗീകരിക്കുന്നില്ല. ഇടതുപക്ഷ ആഭിമുഖ്യമുള്ള വ്യക്തിത്വമാണ് കമലാഹസന്‍.

യു പി എ രാഷ്ട്രീയത്തോടായിരിക്കും കമലിന് കൂടുതല്‍ താല്പര്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.  ഈ മാസം 21 ന് ആരംഭിക്കുന്ന കമലിന്റെ സംസ്ഥാന പര്യടനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച കൂടുതല്‍ വിലയിരുത്തലുകള്‍ക്ക് കാരണമായി മാറിയേക്കാം.

×