അമ്മയുടെ മരണമുണ്ടാക്കിയ ആഘാതത്തിൽനിന്ന് മോചിതനാകാന്‍ കഴിഞ്ഞില്ല, മകന്‍ ആത്മഹത്യ ചെയ്തു. ഒപ്പം ഒറ്റപ്പെടുമെന്ന ചിന്തയില്‍ മകന്റെ ഭാര്യയും

ന്യൂസ് ബ്യൂറോ, ചെന്നൈ
Thursday, December 13, 2018

ചെന്നൈ:  അമ്മയുടെ മരണത്തിൽ മനംനൊന്ത മകൻ ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ മരണത്തോടെ താൻ ഒറ്റപ്പെടും എന്ന ചിന്തയില്‍ നാല് മാസം ഗർഭിണിയായ ഭാര്യയും ആത്മഹത്യ ചെയ്തു.

മാടിപ്പക്കം സ്വദേശിയായ ജി സാരഥിയും ഇയാളുടെ ഭാര്യ പ്രശാന്തിയുമാണ്‌ ആത്മഹത്യ ചെയ്തത്. മാടിപ്പക്കത്തെ വീട്ടിലെ കിടപ്പുമുറിയിലാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായിരുന്നു സാരഥി. അമ്മ ലളിതയുമായി സാരഥി വളരെ അടുപ്പത്തിലായിരുന്നു. 2017 നവംബറിലാണ് ലളിത മരിച്ചത്. എന്നാൽ, അമ്മയുടെ മരണവാർത്തയുണ്ടാക്കിയ ആഘാതത്തിൽനിന്ന് കരകയറാൻ സാരഥിയ്ക്ക് കഴിഞ്ഞിരുന്നില്ല. അയാൾ പതുക്കെ വിഷാദ രോഗിയായി മാറി.

സാരഥിയെ വിഷാദത്തിൽനിന്ന് കറക്കയറ്റുന്നതിനായി സഹോദരൻ മണിബാലൻ സാരഥിയെ വിവാഹം കഴിപ്പിച്ചു. 2018ലാണ് പ്രശാന്തിയെ സാരഥി വിവാഹം കഴിക്കുന്നത്. അനാഥാലയത്തിൽ ജനിച്ചുവളർന്ന യുവതിയാണ് പ്രശാന്തി. എന്നാൽ, വിവാഹിതനായിട്ടും സാരഥിയുടെ വിഷാദത്തിനോ ദുഃഖത്തിനോ ഒരു കുറവും ഉണ്ടായില്ല.

സാരഥിയുടെ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം മണിബാലനും കുടുംബവും താമസം മാറി. വീടിനടുത്ത് കോവിലമ്പക്കം എന്ന് സ്ഥലത്ത് വാടകയ്ക്ക് വീടെടുത്താണ് മണിബാലൻ താമസം മാറിയത്. അമ്മയുടെ വേർപാടിനൊപ്പം സഹോദരൻ താമസം മാറിയതും സാരഥിയെ കൂടുതൽ വിഷാദത്തിലാക്കി.

സാരഥിയുടെ മരണത്തോടെ താൻ ഒറ്റപ്പെടും എന്ന ചിന്തയാണ് നാല് മാസം ഗർഭിണിയായ പ്രശാന്തിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. സംഭവത്തിൽ‌ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരുകയാണെന്നും മാടിപ്പക്കം പൊലീസ് പറഞ്ഞു.

×