Advertisment

ഡൽഹി നഴ്സുമാർ മെയ് 12 മുതൽ അനിശ്ചിത കാല സമരത്തിലേക്ക്

New Update

ഡൽഹി:  നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുവാൻ ഡൽഹി സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ യു എൻ എ യുടെ നേതൃത്വത്തിൽ ഡൽഹി നഴ്സുമാർ നഴ്സുമാരുടെ ദിവസമായ മെയ് 12 മുതൽ അനിശ്ചിത കാല സമരത്തിലേക്ക് പോകുവാൻ മാർച്ച് ഒന്നിന് ചേർന്ന യു എൻ എ ഡൽഹി സംസ്ഥാന കമ്മറ്റിയോഗം തീരുമാനിച്ചു.

Advertisment

publive-image

നഴ്സുമാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുക എന്ന ആവശ്യവുമായി യു എൻ എ അധികാരികളെ 2017 മുതൽ സമീപിച്ചു വരികയാണ്. മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാൾ യു എൻ എ യ്ക്കു 2018 ജൂലൈ 16 ന് നൽകിയ വാഗ്ദാനം നിറവേറ്റുവാൻ സർക്കാർ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.

2019 ജൂലൈ 24 ന് ഡൽഹി ഹൈക്കോടതി മൂന്നുമാസത്തിനകം നഴ്സുമാർക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് വിധി പ്രസ്താവിച്ചിരുന്നു.

എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ചു ഡൽഹിയിൽ നഴ്സുമാർ 40 ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരവും ആയിരകണക്കിന് നഴ്സുമാരെ അണി നിരത്തി ദേശീയ മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന് ഡൽഹി സെക്രെട്ടറിയേറ്റിലേയ്ക്ക് മാർച്ചും സംഘടിപ്പിക്കുകയുണ്ടായി.

പുതിയതായി ചുമതലയേറ്റ സർക്കാരിനോട് നഴ്സുമാരുടെ പ്രശ്നങ്ങൾ ശ്രവിക്കുവാൻ രണ്ടു മിനിറ്റ് സമയം ആവശ്യപ്പെട്ട് യു എൻ എ ഡൽഹി മുഖ്യമന്ത്രി ശ്രി അരവിന്ദ് കേജരിവാളിന് കത്തയച്ചിരുന്നു.

എന്നാൽ മുഖ്യമന്ത്രി യു എൻ എ യ്ക്കു നൽകിയ മറുപടി ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തുക എന്നായിരുന്നു.

പത്തുദിവസം പിന്നിട്ടിട്ടും ആരോഗ്യമന്ത്രിയുടെ പക്കൽ നിന്നും യാതൊരു പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ നഴ്സുമാരോടുള്ള നിരുത്തരവാദ പരമായ സമീപനത്തിൽ പ്രതിക്ഷേധിച്ചു മെയ് 12 മുതൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കുന്നത് വരെ അനിശ്ചിത കാല സമരത്തിലേക്ക് പോകുവാൻ നഴ്സുമാരുടെ സംഘടന നിർബന്ധിതരായത്.

ജനിച്ച മണ്ണിൽ അതിജീവനം നയിക്കുവാൻ കഴിയാത്ത സാഹചര്യത്തിലാണ് ഡൽഹിയിലെ നഴ്സുമാർ തങ്ങളുടെ അതിജീവന സമര പോരാട്ടങ്ങളിലേയ്ക്ക് കടക്കുവാൻ തീരുമാനിച്ചത്. വളരെ തുശ്ചമായ ശമ്പളം മൂലം ദൈനംദിന ജീവിതം മുൻപോട്ട് നയിക്കുവാൻ പാടുപെടുകയാണ് ഭൂമിയിലെ മാലാഖമാർ.

കോടതി വിധി പ്രസ്താവിച്ചിട്ടും ഡൽഹി സർക്കാർ നടപടികൾ സ്വീകരിക്കാത്തത് നിരാശാജനകമാണ് എന്ന് യു എൻ എ നേതാക്കൾ ആശങ്ക രേഖപ്പെടുത്തി.

നിയമ പരമായ എല്ലാവിധ നടപടികളും അനുസരിച്ചും കൃത്യമായ മുന്നറിയിപ്പ് അധികാരികൾക്ക് നൽകിയതിനും ശേഷമാണു യു എൻ എ യുടെ നേതൃത്വത്തിൽ ഡൽഹിയിൽ നഴ്സുമാർ മെയ് 12 മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരത്തിലേയ്ക്ക് നീങ്ങുന്നത്. റിൻസ് ജോസഫ് പ്രസിഡന്റ് യു എൻ എ ഡൽഹി

Advertisment