ഐ ഐ ടിയില്‍ പ്രൊഫസറായ ഇന്ത്യയിലെ ഏക വൈദികന്‍ ഫാ. സെബാസ്റ്റ്യന്‍ ചെരിക്കനാപുറത്ത് സില്‍വര്‍ ജൂബിലി നിറവില്‍. ലാളിത്യം മുഖമുദ്രയാക്കിയ വൈദികന്റെ സില്‍വര്‍ ജൂബിലിയും ആഘോഷരഹിതമായി ആത്മീയ നിറവില്‍

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, February 2, 2019

ബോംബെ:  ബോംബെ ഐ ഐ ടി പ്രൊഫസറും കത്തോലിക്കാ സഭയിലെ മുതിര്‍ന്ന വൈദികനുമായ ഫാ. സെബാസ്റ്റ്യന്‍ ചെരിക്കനാപുറത്ത് സില്‍വര്‍ ജൂബിലി നിറവില്‍. വടാട്ടുപാറ സെന്റ്‌ മേരീസ് കത്തോലിക്കാപ്പള്ളി ഇടവകാംഗമായ ഫാ. സെബാസ്റ്റ്യന്‍ ചെരിക്കനാപുറത്ത് സഭയില്‍ എളിമയുടെയും കരുണയുടെയും ലാളിത്യത്തിന്റെയും മാതൃകയായാണ് അറിയപ്പെടുന്നത്. ഐ ഐ ടിയില്‍ പ്രൊഫസറായ ഇന്ത്യയിലെ ഏക വൈദികനാണ് ഫാ. സെബാസ്റ്റ്യന്‍.

ബോംബെ ഐ ഐ ടിയില്‍ ഫിലോസഫിയിലാണ് ഫാ. സെബാസ്റ്റ്യന്‍ പ്രൊഫസറായി സേവനം അനുഷ്ടിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ബോംബെ ഐ ഐ ടി. തനിക്ക് ലഭിക്കുന്ന ഉയര്‍ന്ന ശമ്പളം സഹജീവികളുടെ നന്മയ്ക്കായി ചിലവഴിക്കുന്ന ഇദ്ദേഹം അജപാലന രംഗത്ത് നന്മയുടെയും കരുണയുടെയും ഉദാത്ത മാതൃകയായി മാറിയിട്ടുണ്ട്. സാധാരാണ ഇത്തരം ആഘോഷങ്ങള്‍ വിപുലമായി കൊണ്ടാടപ്പെടാറാണ് പതിവെങ്കിലും സഭയിലെ ‘സമ്പന്നനായ’ ഈ വൈദികന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും ലാളിത്യത്തിന്റെതായിരുന്നു.

ജൂബിലിയുടെ ഭാഗമായി ഇടവക പള്ളിയിലെത്തി വികാരി ഫാ. ഫ്രാന്‍സിസ് മഠത്തിപ്പറമ്പില്‍, ഫാ. ഫ്രാന്‍സിസ് കോലോത്ത് എന്നിവരോടൊപ്പം ദിവ്യബലിയര്‍പ്പിച്ച് ദൈവത്തിനും ഇടവക സമൂഹത്തിനും മാതാപിതാക്കള്‍ക്കും നന്ദിയര്‍പ്പിച്ച് പ്രകാശദീപം തെളിച്ച് മടങ്ങുകയാണ് അദ്ദേഹം ചെയ്തത്.

വടാട്ടുപാറ ചെരിക്കനാംപുറത്ത് പരേതരായ ദേവസ്യ – ഏലിക്കുട്ടി ദമ്പതികളുടെ 5 മക്കളില്‍ ഇളയ മകനാണ് അദ്ദേഹം. സഭയില്‍ വൈദ്യരത്ന പദവി ലഭിച്ച മുതിര്‍ന്ന വൈദികനും ആദരണീയനുമായ വൈദ്യരത്നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേലിന്റെ ബന്ധുവും ശിഷ്യനുമാണ് ഫാ. സെബാസ്റ്റ്യന്‍ ചെരിക്കനാപുറത്ത്. ഭരണങ്ങാനം ആസ്ഥാനമായിട്ടുള്ള അമ്പാറ എം എസ് ടി (ദീപ്തി സെമിനാരി) സഭാംഗമാണ്.

ഉജ്ജൈന്‍ വിക്രം യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി എ നേടി, റോമിലെ പൊന്തഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ ബി ടെക് നേടിയ ശേഷം വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നാണ് രണ്ടു ഗോള്‍ഡ്‌ മെഡലുകളോടെ എം എ കരസ്ഥമാക്കിയത്.

2003 ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡിയും കരസ്ഥമാക്കി. യു കെയിലെ ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലാണ് പോസ്റ്റ്‌ ഡോക്ടറല്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. 2004 ലായിരുന്നു മുംബൈ ഐ ഐ ടിയില്‍ അസി. പ്രൊഫസര്‍ ആയി നിയമിതനായത്. 2005 ല്‍ പ്രൊഫസറുമായി.

×