മുംബൈ കേരളീയ കേന്ദ്ര സംഘടന ഭരണസമിതി തെരഞ്ഞെടുപ്പ്: പ്രസിഡണ്ട് – ടി എൻ ഹരിഹരൻ, ജനറൽ സെക്രട്ടറി – മാത്യു തോമസ്

മനോജ്‌ നായര്‍
Monday, April 1, 2019

മുംബൈ: കേരളീയ കേന്ദ്ര സംഘടനയുടെ ഭരണസമിതിയിലേക്കു 31-3-2019 നു നടന്ന തെരെഞ്ഞെടുപ്പിൽ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരിച്ച ടി എൻ ഹരിഹരൻ, മാത്യു തോമസ് എന്നിവരോടൊപ്പമുള്ള പാനലിലെ മറ്റു ഭാരവാഹിത്വങ്ങളിലേക്കും ഭരണസമിതി അംഗത്വത്തിലേക്കും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വിജയം ഉറപ്പാക്കിയത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ടി എൻ ഹരിഹരൻ 419 വോട്ടു നേടിയപ്പോൾ എതിർസ്ഥാനാർഥി അഡ്വക്കേറ്റ് പദ്മ ദിവാകരന് ലഭിച്ചത് 209 വോട്ടുകളായിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മാത്യു തോമസ് 430വോട്ടു സ്വന്തമാക്കിയപ്പോൾ എതിരായി നിന്ന് ടി എൻ രാജേന്ദ്രന് കിട്ടിയത് 190 വോട്ടുകളായിരുന്നു.

വൈസ് പ്രസിഡണ്ട് പോസ്റ്റിലേക്ക് ഡോ എ വേണുഗോപാൽ 454 വോട്ടിനും പി വി കെ നമ്പ്യാർ 430 വോട്ടിനും സുരേന്ദ്ര ബാബു 428 വോട്ടിനും തിരഞ്ഞെടുത്തു.

സെക്രട്ടറിമാരായി തിരഞ്ഞെടുത്ത ദിനേശ് പൊതുവാൾ 431 വോട്ടു നേടിയപ്പോൾ സദാനന്ദൻ ടി എം 412വോട്ടുകളും വത്സൻ മൂർക്കോത്ത് 395 വോട്ടുകളും സ്വന്തമാക്കി.

ട്രഷറർ പോസ്റ്റിൽ ശ്രീകുമാർ ടി 413 വോട്ടുകളുംസന്ദീപ് കുമാർ 401 വോട്ടുകളും എണ്ണിയെടുത്തപ്പോൾ ഈ പാനലിന്റെ എല്ലാ സ്ഥാനാർത്ഥികളും വിജയം തൂത്തു വരുകയായിരുന്നു.

ജി വിശ്വനാഥനായിരുന്നു ഇലക്ഷൻ കമ്മീഷണർ. കെ കെ എസ്സിന്റെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായത്തിനായിരിക്കും നിരവധി സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ മികച്ച സംഘാടകർ കൂടിയായ ഹരിഹരൻ – മാത്യു തോമസ് നേതൃത്വത്തിൽ അധികാരത്തിലേറുന്ന പാനൽ തുടക്കമിടുക.

ജാതിമത-രാഷ്ട്രീയ കക്ഷി വ്യത്യാസങ്ങൾക്കുപരിയായി എല്ലാ വിഭാഗങ്ങളിലും പെട്ട സമാജം പ്രവർത്തകർക്ക് യോജിച്ചു പ്രവർത്തിക്കാനുതകുന്ന പ്ലാറ്റ്ഫോറമായി കെ കെ എസ് കൂടുതൽ ഉയരങ്ങൾ തേടണം എന്ന നിലപാടിനുള്ള അംഗീകാരമാണ് ഈ തെരെഞ്ഞെടുപ്പ് ഫലമെന്ന് സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ടി എൻ ഹരിഹരനും മാത്യു തോമസും രേഖപ്പെടുത്തി.

എല്ലാ സമാജം പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയായിരിക്കും തുടർ പ്രവർത്തനങ്ങളെന്നും പാനലുകളുടെ പ്രസക്തി ഇതോടെ കഴിഞ്ഞെന്നും ഇനിയങ്ങോട്ട് ഒന്നായി മുന്നോട്ട് പോകുവാനുള്ള പ്രവർത്തന മേഖല സജ്ജമാക്കുമെന്നും ഇവർ പറഞ്ഞു.

മുംബൈ മലയാളി സമൂഹത്തിന്റെ ആഭ്യന്തരമായ കെട്ടുറപ്പ് ശക്തിപ്പെടുത്താനും മഹാനഗരത്തിന്റെ മഹത്തായ ഒരംശമായി മലയാളി സമൂഹത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതിനും ഒരുമിച്ചു പ്രവർത്തിക്കാമെന്ന സന്ദേശം പകർന്നാടുന്നതായിരുന്നു ഇവരുടെ പ്രസ്താവന.

×