/sathyam/media/media_files/WtxBdjD3yR7ImLe15KpG.jpg)
ഡല്‍ഹി: ബി.ജെ.പി ഭരണത്തിന് കീഴില്‍ കോടിക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിച്ച പേപ്പര്‍ ചോര്‍ച്ച വിഷയം ദേശീയ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
24 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കത്തക്കവിധം നീറ്റ് അഴിമതിയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്ന് പ്രിയങ്കാ ഗാന്ധി എക്സില്‍ കുറിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 43 റിക്രൂട്ട്മെന്റ് പരീക്ഷകളുടെ പേപ്പറുകള്‍ ചോര്‍ന്നതായും അവര്‍ എക്‌സില്‍ കുറിച്ചു. ബി.ജെ.പി ഭരണത്തില്‍ കോടിക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിച്ച് നമ്മുടെ രാജ്യത്തിന്റെ ദേശീയ പ്രശ്‌നമായി പേപ്പര്‍ ചോര്‍ച്ച മാറിയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ് ഇന്ത്യ. ഏറ്റവും വലിയ യുവജനസംഖ്യയാണ് നമ്മുടേത്. ഈ യുവാക്കളെ നൈപുണ്യമുള്ളവരും കഴിവുള്ളവരുമാക്കുന്നതിന് പകരം ബിജെപി സര്‍ക്കാര്‍ അവരെ ദുര്‍ബലരാക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
കഴിവുള്ള കോടിക്കണക്കിന് വിദ്യാര്‍ത്ഥികള്‍ രാവും പകലും കഷ്ടപ്പെട്ട് പഠിക്കുന്നു, വ്യത്യസ്ത പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നു, അവരുടെ മാതാപിതാക്കള്‍ എല്ലാം ത്യജിച്ച് മക്കളുടെ പഠനഭാരം വഹിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഒരു ഒഴിവ് വരാന്‍ കുട്ടികള്‍ വര്‍ഷങ്ങളോളം കാത്തിരിക്കുന്നു. ഒരു ഒഴിവ് വന്നാല്‍ ഫോം പൂരിപ്പിക്കാനുള്ള ചിലവും പരീക്ഷയ്ക്ക് പോകാനുള്ള ചെലവും വഹിക്കുന്നു. ഒടുവില്‍ അഴിമതി മൂലം ഇവരുടെ മുഴുവന്‍ അധ്വാനവും പാഴാകുന്നു. ബിജെപിയുടെ അഴിമതി രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us