എക്സിറ്റ് പോളുകളുടെ മോഡി തരംഗ സൃഷ്ടിയിലും 295 സീറ്റുമായി കേവല ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിൽ ഇന്ത്യാ സഖ്യം. അധികാരം കിട്ടുമെന്നുറപ്പായാൽ സഖ്യത്തിൽ ഇല്ലാത്തവരും ഒപ്പം ചേരും. വിജയത്തിൽ നിർണായക പങ്കുവഹിക്കുന്നതു ദക്ഷിണേന്ത്യ. കേരളത്തിലെയും തമിഴ്നാട്ടിലെയും മുഴുവൻ സീറ്റും നേടുമെന്ന് പ്രതീക്ഷ. ഖാർഗെയ്ക്കും രാഹുലിനുമൊപ്പം എല്ലാറ്റിനും ചുക്കാൻ പിടിച്ചത് കെ.സി വേണുഗോപാൽ. സർപ്രൈസ് സ്ഥാനാർത്ഥികളിലൂടെ യുദ്ധതന്ത്രം മാറ്റിയതും കെ.സി

എക്‌സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്കു വേണ്ടി നേരത്തെ തയ്യാറാക്കിയതാണെന്നാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നത്. 'ഇന്ത്യ' മുന്നണി 295 സീറ്റു വരെ നേടുമെന്ന പ്രതീക്ഷ അവർ ആവർത്തിക്കുന്നു. എല്ലാ 'ഇന്ത്യ' നേതാക്കളും എക്‌സിറ്റ് പോളുകളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.

New Update
kc venugopal rahul gandhi mallikarjun kharge

ഡൽഹി: മൂന്നൂറിലേറെ സീറ്റുകൾ നേടി എൻ.ഡി.എ മൂന്നാംവട്ടവും അധികാരത്തിലേറുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുകയാണെങ്കിലും യഥാർത്ഥ ഫലങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ നാളത്തെ വോട്ടെണ്ണൽ ഫലം കാക്കുകയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന 'ഇന്ത്യ' കൂട്ടായ്‌മ.

Advertisment

എക്‌സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്കു വേണ്ടി നേരത്തെ തയ്യാറാക്കിയതാണെന്നാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നത്. 'ഇന്ത്യ' മുന്നണി 295 സീറ്റു വരെ നേടുമെന്ന പ്രതീക്ഷ അവർ ആവർത്തിക്കുന്നു. എല്ലാ 'ഇന്ത്യ' നേതാക്കളും എക്‌സിറ്റ് പോളുകളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.


ഇപ്പോൾ പുറത്തുവന്നത് എക്‌സിറ്റ് പോൾ അല്ല, മോഡി മീഡിയ പോൾ ആണെന്നും ഇന്ത്യ മുന്നണി 295 സീറ്റു നേടുമെന്നുമാണ് രാഹുൽ ഗാന്ധി പറയുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് മൂന്ന് ദിവസം മുമ്പ് പുറത്തുവന്നത് ബി.ജെ.പിക്കായുള്ള വ്യാജ സർവെകളാണെന്ന് അരവിന്ദ് കേജരിവാളും പറഞ്ഞു. ഇന്ത്യ സഖ്യം 295 സീറ്റ് നേടി സർക്കാർ രൂപീകരിക്കുമെന്നാണ് ജയ്‌റാം രമേശ് പറയുന്നത്.


ബി.ജെ.പി തരംഗമാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നതെങ്കിലും ഇന്ത്യാ മുന്നണി വൻ ആത്മവിശ്വാസത്തിലാണ്. ചിട്ടയായ സംഘടനാ പ്രവർത്തനവും നേതാക്കളുടെ ഐക്യത്തോടെയുള്ള പോരാട്ടവുമാണ് ഈ ആത്മവിശ്വാസത്തിന് ആധാരം. സഖ്യത്തിൽ ചേരാത്ത മറ്റ് കക്ഷികളുടെ കൂടി പിന്തുണ കിട്ടിയാൽ ഇന്ത്യാ മുന്നണിക്ക് സർക്കാർ രൂപീകരിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 295 സീറ്റുകൾ ഇന്ത്യ സഖ്യം നേടുമെന്ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വിലയിരുത്തുന്നു. വിവിധ പാർട്ടികൾ നൽകിയ റിപ്പോർട്ട് അനുസരിച്ചാണിത്. കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.


യു.പിയിലെ 80 സീറ്റുകളിൽ ഇന്ത്യാ സഖ്യത്തിന് 40 വരെ കിട്ടാം. ഡൽഹിയിൽ 4, തമിഴ്നാട്ടിൽ 39, പഞ്ചാബിൽ 14, ബീഹാറിൽ 20. മഹാരാഷ്ട്രയിൽ 24 സീറ്റുകൾ കിട്ടുമെന്നാണ് ഇന്ത്യാ മുന്നണി വിലയിരുത്തുന്നത്. ബംഗാളിൽ തൃണമൂൽ, ഇടത്, കോൺഗ്രസ് കക്ഷികൾ ചേർന്ന് 30 സീറ്റ് നേടാമെന്നും മുന്നണി നേതാക്കൾ വിലയിരുത്തുന്നു.


295 സീറ്റ് കിട്ടിയാൽ സർക്കാ‌ർ രൂപീകരിക്കാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. അധികാരം ലഭിക്കുന്ന സാഹചര്യം വന്നാൽ അതുറപ്പിക്കാൻ നിലവിൽ സഖ്യത്തിന്റെ ഭാഗമല്ലാത്ത തൃണമൂലിന്റെയടക്കം പിന്തുണ തേടും. അധികാരം ലഭിച്ചാൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിയാകണമെന്നു മുൻപ് സഖ്യത്തിന്റെ ഭാഗമായിരുന്ന വേളയിൽ മമതാ ബാനർജി നിലപാടെടുത്തിരുന്നു. 

സർക്കാർ രൂപീകരിക്കാൻ കഴിയുന്ന സ്ഥിതിവിശേഷമുണ്ടായാൽ അതനുസരിച്ച് കക്ഷികളെ ഒരുമിച്ച് നിർത്താനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ് നേതാക്കൾ. ഡൽഹിയിലും യുപിയിലുമടക്കം മിക്ക സംസ്ഥാനങ്ങളിലും സഖ്യമാണ് പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചത്.

കേവലഭൂരിപക്ഷമായ 272 ലേക്ക് ഇന്ത്യാ മുന്നണി എത്തുമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വിലയിരുത്തൽ. 2019 ൽ കനത്ത തോൽവി നേരിട്ടപ്പോഴും വോട്ടുശതമാനം കാര്യമായി കുറ‍ഞ്ഞിരുന്നില്ലെന്നതാണ് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്ന ഘടകം. ദക്ഷിണേന്ത്യയിലെ കരുത്തിൽ ഇന്ത്യാ സഖ്യം അധികാരത്തിലേക്ക് വരുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.


ഇന്ത്യാമുന്നണിയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുന്നതു ദക്ഷിണേന്ത്യയായിരിക്കുമെന്ന് പലവട്ടം ആവർത്തിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ 20 സീറ്റും യുഡിഎഫ് നേടുമെന്നും കർണാടകയിൽ 20, തെലങ്കാനയിൽ പത്തിൽ കൂടുതൽ, തമിഴ്നാട്ടിലെ മുഴുവൻ സീറ്റും ഡിഎംകെ–കോൺഗ്രസ് സഖ്യം നേടുമെന്നാണ് പ്രതീക്ഷ. ‌


കഴിഞ്ഞ തവണ ബിജെപി മുഴുവൻ സീറ്റുകളും നേടിയ സംസ്ഥാനങ്ങളിൽ മറ്റു കക്ഷികളുമായി ചേർന്നു മുന്നേറ്റം, ദക്ഷിണേന്ത്യയിൽ നിന്ന് 56 സീറ്റ്. ഇതു രണ്ടുമായാൽ  ബിജെപിക്ക് വെല്ലുവിളി ഉയർത്താമെന്നു കോൺഗ്രസ് കരുതുന്നു. ഇന്ത്യാസഖ്യത്തിലെ മറ്റ് 27 കക്ഷികൾക്കുംകൂടി 120ൽ പരം സീറ്റ് ലഭിക്കണം.

ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യാ സഖ്യത്തിനായി കോൺഗ്രസ് വിട്ടുവീഴ്ചയ്ക്കു തയാറായത്. 2019 ലെ 423 സീറ്റിൽ നിന്ന് 300നടുത്ത് സീറ്റുകളിലേക്കു കോൺഗ്രസ് മത്സരം ചുരുക്കിയതും ഈ സഖ്യശക്തിയുടെ വിജയം ലക്ഷ്യമിട്ടാണ്. 

ഇത്തവണ ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ പടയാളികളായി മാറിയത്  മല്ലികാർജ്ജുൻ ഖാർഗയെയും രാഹുൽഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമാണ്. ഇവർക്കെല്ലാം ഏകോപന പാതയൊരുക്കിയത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും.

തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നു. ബിജെപിയുടെ അജണ്ടയ്ക്ക് പിറകെ പോകുന്നതിന് പകരം കോൺഗ്രസ് തിരികൊളുത്തിയ പ്രചരണത്തിന് പിന്നാലെ ബിജെപിയെ കൊണ്ടുവന്നു. ബിജെപിയെപ്പോലും മറികടക്കുന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിംഗ് ആയിരുന്നു കോൺഗ്രസ് ഇത്തവണ പുറത്തെടുത്തത്.

സ്ഥാനാർത്ഥി നിർണ്ണയത്തിലും ജനക്ഷേമ പദ്ധതികൾ ഉൾപ്പെടുന്ന പ്രകടന പത്രിക തയ്യാറാക്കുന്നതിലും കോൺഗ്രസ് മികച്ചുനിന്നു. കുറ്റമറ്റതും തർക്കരഹിതവുമായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക. കോൺഗ്രസിന്റെ ഓരോ സംസ്ഥാനങ്ങളിലെയും സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ കെ.സി.വേണുഗോപാൽ നേരിട്ട് പങ്കെടുത്താണ് സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്.

107 റാലികളിലും റോഡ്ഷോകളിലും പ്രധാന പ്രചാരണ പരിപാടികളിലുമാണ് രാഹുൽ ഗാന്ധി പങ്കെടുത്തത്. 108 പൊതുയോഗങ്ങളിലും റോഡ്ഷോകളിലും പങ്കെടുത്ത് പ്രിയങ്ക ഗാന്ധിയും ആവേശകരമായ പ്രചാരണം നടത്തി. 16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തി.

തിരഞ്ഞെടുപ്പിനിടെ സംഘടനാ സംവിധാനം ക്രിയാത്മകമായി ചലിപ്പിക്കാൻ കെ.സി വേണുഗോപാലനുമായി. തെരഞ്ഞെടുപ്പിന് മുന്നേ നടത്തിയ 'ഭാരത് ജോഡോ യാത്ര' കോൺഗ്രസിനെയും രാജ്യത്തെയും വീണ്ടെടുക്കാനുള്ള രാഷ്ട്രീയ മുന്നേറ്റമായിരുന്നു. ഈ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന്റെ ബലവും അടിത്തറയും രൂപപ്പെടുത്തിയതിൽ ഈ ചരിത്രയാത്രകളുടെ പങ്ക് ചെറുതല്ല.


തിരഞ്ഞെടുപ്പെത്തും മുന്നേ അടിച്ചുപിരിയുമെന്ന് സകലരും സ്വപ്‌നം കണ്ട ഇന്ത്യാ മുന്നണിയെ കൃത്യമായ സീറ്റ് വിഭജനത്തിലൂടെയും നയങ്ങളിലൂടെയും സംഘാടനാ പാടവം കൊണ്ട് കെ.സി വേണുഗോപാലും  കരയ്ക്കടുപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുതൽ എൻസിപി നേതാവ് ശരദ് പവാർ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ മുതൽ കാശ്മീരിലെ ഫാറൂഖ് അബ്ദുള്ള വരെ നീളുന്ന നേതാക്കളുമായുള്ള വേണുഗോപാലിന്റെ ദൃഢബന്ധവും ഏതു സമയത്തും അവരുമായി പ്രശ്‌ന പരിഹാരത്തിനും പരിപാടികൾ ഏകോപിപ്പിക്കാനുമുള്ള വ്യക്തിബന്ധവും കോൺഗ്രസിനും സഖ്യത്തിനും തുണയായി.


ജനാധിപത്യ, മതേതര ഇന്ത്യയ്ക്കുവേണ്ടി വർഗീയ ശക്തികളോടും കുത്തകകളോടും സന്ധിയില്ലാതെ പോരാടുന്ന രാഹുൽഗാന്ധിയും അദ്ദേഹത്തിന് കരുത്തായി കെ സി വേണുഗോപാൽ ഉൾപ്പെടെ മുതിർന്ന ഒരുകൂട്ടം നേതാക്കളുടെ പിൻബലവുമുണ്ട്.

രാഹുൽ ഗാന്ധിക്കൊപ്പം നിന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട മലയാളിയായ നേതാവ് കൂടിയാണ് കെസി വേണുഗോപാൽ. ആലപ്പുഴയിലെ മത്സരത്തെ സംബന്ധിച്ച് വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ഒട്ടും നിസ്സാരനല്ലാത്ത എതിരാളിയിൽ നിന്ന് ആലപ്പുഴ തിരിച്ചുപിടിക്കാൻ കോൺഗ്രസിന്റെ മുന്നിലുണ്ടായിരുന്ന ഏക വഴി കെ.സിയുടെ സ്ഥാനാർത്ഥിത്വമായിരുന്നു.

അമേഠിയിലും റായ്ബറേലിയിലും നോർത്ത് ഈസ്റ്റ് ഡൽഹിയിലും തുടങ്ങി വടകരയിൽ വരെ 'സർപ്രൈസ്' സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച കെ.സി വ്യക്തിഹത്യകൾ ഭയക്കാതെ സ്വയം അങ്കത്തട്ടിലേക്കിറങ്ങയത് കൊണ്ടുമാത്രമാണ് ആലപ്പുഴ കോൺഗ്രസിന് തിരിച്ചുപിടിക്കാൻ സാധിക്കുന്ന നിലയിലായത്. ലോക്സഭയിൽ പരമാവധി അംഗങ്ങളെ ഒറ്റയ്ക്ക് വിജയിപ്പിക്കുക എന്ന കോൺഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മുതിർന്ന നേതാക്കൾ  മത്സരിച്ചത്.

Advertisment