/sathyam/media/media_files/DtRsosJzklwwOgnJMQ1Z.jpg)
ഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്കുള്ള വരവിന് വിലങ്ങുതടിയായിരുന്നത് ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ പാര്‍ലമെന്‍ററി മോഹമായിരുന്നെന്ന നിഗമനങ്ങള്‍ക്കിടെ പാര്‍ലമെന്‍റിലെത്താനുള്ള ആഗ്രഹം വീണ്ടും വെളിപ്പെടുത്തി വാദ്ര രംഗത്ത്.
താന്‍ ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ പാര്‍ലമെന്‍റില്‍ എത്തുമെന്നും പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്കുള്ള രംഗപ്രവേശം അതിനു തടസമല്ലെന്നുമാണ് പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റോബര്‍ട്ട് വാദ്ര പറഞ്ഞത്.
രാജ്യസഭാംഗത്വത്തിനായി റോബര്‍ട്ട് വാദ്ര പ്രിയങ്കയിലും സോണിയാ ഗാന്ധിയിലും സമ്മര്‍ദ്ദം ശക്തമാക്കിയിട്ട് വര്‍ഷങ്ങളായെന്നാണ് ഡല്‍ഹിയിലെ പിന്നാമ്പുറ സംസാരങ്ങള്‍. എന്നാല്‍ രാഹുല്‍ ഗാന്ധി ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. രാഹുലിന്‍റെ എതിര്‍പ്പാണ് ഇപ്പോള്‍ വാദ്രയുടെ വരവിന് പ്രധാന പ്രതിബന്ധം. കോണ്‍ഗ്രസിലെ നേതൃനിര ഒന്നാകെയും റോബര്‍ട്ട് വാദ്രയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ക്കുന്നവരാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പും റോബര്‍ട്ട് വാദ്ര തനിക്ക് ജനങ്ങളെ സേവിക്കാന്‍ അതിയായ താല്‍പര്യമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല, പിന്നാലെ വന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാം വട്ടവും രാജ്യത്ത് തകര്‍ന്നു വീഴുകയായിരുന്നു.
പിന്നീട് ഇത്തവണ രാജ്യത്ത് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയതോടെയാണ് ജനങ്ങളെ സേവിക്കാന്‍ വെമ്പല്‍കൊള്ളുന്ന വാദ്രയുടെ വാക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
യുപിഎ സര്‍ക്കാര്‍ ഭരണം നടത്തിയ 10 വര്‍ഷക്കാലം ഭരണത്തിന്‍റെ പിന്നാമ്പുറത്തിരുന്ന് റോബര്‍ട്ട് വാദ്രയും ഉപജാപക സംഘങ്ങളും നടത്തിയ ഇടപെടലുകളാണ് പ്രതിപക്ഷ പാര്‍ട്ടിയെന്ന ലേബല്‍ പോലും ലഭിക്കാനാവാത്തവിധം തകര്‍ച്ചയിലേയ്ക്ക് കോണ്‍ഗ്രസിനെ നയിച്ചതെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് വാദ്രയുടെ പുതിയ 'മനസറിയിക്കല്‍' പുറത്തുവന്നിരിക്കുന്നത്. ഇതിനു പിന്നില്‍ അരമന രഹസ്യങ്ങള്‍ പലതുണ്ടെന്നാണ് പാര്‍ട്ടിയിലെ സംസാരം !
വാദ്രയുടെ സമ്മര്‍ദ്ദങ്ങളെ കടത്തിവെട്ടി രാഹുല്‍ ഗാന്ധിയുടെ ശക്തമായ നിലപാടാണ് പ്രിയങ്കയെ വയനാട് മല്‍സരിപ്പിക്കാന്‍ തീരുമാനമായത്. ഇതോടെയാണ് അടുത്ത അവസരം തനിക്കാണെന്ന സ്വയം പ്രഖ്യാപനവുമായി വാദ്ര രംഗത്ത് വന്നത്.
പാര്‍ട്ടി ഏത് വിധേനയും തിരിച്ചുവരാനുള്ള അക്ഷീണ പ്രയത്നങ്ങള്‍ നടത്തുന്നതിനിടെ പഴയ 'കാവടി'കള്‍ വീണ്ടും രംഗത്തു വന്നിരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.
ഗാന്ധി കുടുംബത്തിന്‍റെ ഭാഗമായിപ്പോയ ഒരാളെന്ന നിലയില്‍ വാദ്രയെ തുറന്നെതിര്‍ക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും പരിമിതികളുണ്ട്. അതിനാല്‍ തന്നെ നേതൃത്വം മൗനം പാലിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us