Advertisment

വഞ്ചിയൂര്‍ ട്രഷറിയില്‍ നടന്ന തട്ടീപ്പ് അതീവഗൗരത്തില്‍ തന്നെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി തോമസ് ഐസക്; ട്രഷറിയുടെ വിശ്വാസ്യതയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി

New Update

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിലെ തട്ടിപ്പ് അതീവഗൗരവത്തോടെയാണ് സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ട്രഷറിയുടെ വിശ്വാസ്യതയ്ക്ക് മേൽ കരിനിഴൽ വീഴ്ത്താൻ ആരെയും അനുവദിക്കില്ലെന്നും ഉത്തരവാദികൾ ആരായാലും കർക്കശമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

Advertisment

publive-image

തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണരൂപം:

വഞ്ചിയൂർ ട്രഷറിയിൽ നടന്ന തട്ടിപ്പ് അതീവഗൗരവത്തിൽ തന്നെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ട്രഷറിയുടെ വിശ്വാസ്യതയ്ക്കുമേൽ കരിനിഴൽ വീഴ്ത്താൻ ആരെയും അനുവദിക്കുകയില്ല. ഇതിനുത്തരവാദികൾ ആരു തന്നെയായാലും കർക്കശമായ നടപടി സർക്കാർ സ്വീകരിക്കും.

ഇതുസംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിന് ധനകാര്യ സെക്രട്ടറിയെത്തന്നെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ പരിശോധനയും സെക്യൂരിറ്റി / ഫംങ്ഷണൽ ഓഡിറ്റും, അച്ചടക്ക, ക്രിമിനൽ നടപടികളും സ്വീകരിക്കും.

ട്രഷറി കമ്പ്യൂട്ടറൈസേഷന് രണ്ടു ലക്ഷ്യങ്ങളുണ്ട്. ട്രഷറിയിലെ ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കുക, കൃത്യമായ വിവരം സർക്കാരിന് അപ്പപ്പോൾ ലഭ്യമാക്കുക. ഇതിന്റെ ഫലമായി അനധികൃതമായ ഇടപാടുകൾ ഇല്ലാതാക്കുക. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ട്രഷറി നവീകരണം നല്ല ഫലം ഉണ്ടാക്കിയിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് മേൽപ്പറഞ്ഞതുപോലെ ഒരു തട്ടിപ്പിന് ഇടവന്നതെന്ന കാര്യം തീർച്ചയായും കണ്ടുപിടിക്കും. ഈ തട്ടിപ്പ് ഉയർത്തുന്ന ഗൗരവമായ പ്രശ്നങ്ങൾ ഇവയാണ്.

ഒന്ന്, ട്രഷറിയിൽ നിന്നും ഓൺലൈനായി ആർക്കു പണം പിൻവലിക്കണമെങ്കിലും അക്കൗണ്ടന്റ് മാത്രം കണ്ടാൽ പോരാ. മുകളിലുള്ള ഓഫീസറും കാണണം. മെയ് 31 നു റിട്ടയർ ചെയ്ത ട്രഷറി ഓഫീസറുടെ പാസുവേർഡ് ഉപയോഗപ്പെടുത്തിയാണ് അപ്രൂവൽ നൽകിയിട്ടുള്ളത്. ട്രഷറി ജീവനക്കാർ റിട്ടയർ ചെയ്യുമ്പോൾ അവരുടെ യൂസർ ഐഡിയും പാസ് വേഡും ഡീആക്ടിവേറ്റ് ചെയ്യണമെന്നാണ് ചട്ടം.

ഇതു പാലിക്കാത്തതിന്റെ ഉത്തരവാദികളുടെമേൽ നടപടിയുണ്ടാകും. ഭാവിയിൽ റിട്ടയർ ചെയ്യുമ്പോൾ സ്പാർക്കുമായി ബന്ധപ്പെടുത്തി ഓട്ടോമാറ്റിക്കായി പാസുവേർഡുകൾ ഡീആക്ടിവേറ്റ് ചെയ്യിക്കുന്നതിനുള്ള സാധ്യതയും ആരായും. അതോടൊപ്പം വിരമിച്ചവരുടെ യൂസർ നെയിമും പാസ് വേഡും യഥാസമയം ഡീ ആക്ടിവേറ്റ് ചെയ്യാത്ത സമാന സംഭവങ്ങൾ വേറെയുണ്ടോ എന്നും പരിശോധിക്കും.

രണ്ട്, വഞ്ചിയൂർ തട്ടിപ്പിൽ പ്രതി ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നും പണം ട്രഷറിയുടെ തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയശേഷം ആ ട്രാൻസ്ഫർ ഡിലീറ്റ് ചെയ്തു. അതോടെ കളക്ടറുടെ അക്കൗണ്ടിൽ രണ്ടുകോടി രൂപ കുറവു വന്നത് പുനസ്ഥാപിക്കപ്പെട്ടു.

എന്നാൽ പ്രതിയുടെ അക്കൗണ്ടുകളിൽ കുറവു വന്നിട്ടില്ല. ഇത്തരമൊരു കണക്ക് ഒരിക്കലും പൊരുത്തപ്പെടില്ല. ഡേ ബുക്ക് ക്ലോസ് ചെയ്യാനാവില്ല. അങ്ങനെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു സംശയങ്ങൾക്കും ഉത്തരം കാണേണ്ടതുണ്ട്, എന്തുകൊണ്ട് ഇതിന് രണ്ടുദിവസം വേണ്ടിവന്നു, 27 ന് കണക്ക് പൊരുത്തപ്പെടാതെയാണോ ട്രഷറി അടച്ചത്, അതോ അറിഞ്ഞിട്ടും മുകളിലേയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെടാത്തതോ, ആരാണ് ഇതിന് ഉത്തരവാദി എന്നീ ചോദ്യങ്ങൾ ധനകാര്യ സെക്രട്ടറിയുടെ അന്വേഷണ പരിധിയിൽ വരും.

മൂന്ന്, സോഫ്റ്റ് വെയറിൽ മറ്റെന്തെങ്കിലും പഴുതുകളുണ്ടോ എന്നും പരിശോധിക്കും. കേന്ദ്രസർക്കാരിന്റെ അംഗീകൃത Standardisation Testing and Quality Certification (STQC) സ്ഥാപനമാണ് ട്രഷറി സോഫ്ടുവെയറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയിട്ടുള്ളത്. ഫംങ്ഷണൽ ഓഡിറ്റ് എൻഐസിയും ട്രഷറി ഐറ്റി വിംങും സംയുക്തമായാണ് നടത്തുന്നത്.

ഇരുവരോടും ഒരുവട്ടംകൂടി സമഗ്രമായ പരിശോധന നടത്തുവാൻ ആവശ്യപ്പെടും. പ്രതി മുമ്പ് ഇരുന്ന ട്രഷറികളിലെ അക്കൗണ്ടുകളും പരിശോധിക്കും. സംസ്ഥാനത്ത് ക്യാൻസൽ ചെയ്ത ട്രഷറി ചെക്കുകളുടെ എല്ലാ കേസുകളും പരിശോധിക്കും. ശമ്പളം, പെൻഷൻ ഒഴികെയുള്ള ബില്ലുകൾ മാറും മുമ്പ് ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കും.

വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് ബിജുലാൽ എം ആറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ബിജുലാലിലിന്റെയും ഭാര്യയുടെയും ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. തുക കൈമാറിയ എല്ലാ അക്കൗണ്ടുകളുടെയും ഇടപാടുകൾ മരവിപ്പിക്കാൻ ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വകുപ്പിലെ വിജിലൻസ് ഓഫീസറും ജോയിന്റ് ഡയറക്ടറുമായ സാജൻ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പോലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടന്നുവരുന്നു.

അടിയന്തിരമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടിയും ക്രിമിനൽ നടപടിയും സ്വീകരിക്കും. സർക്കാരിനുണ്ടായ നഷ്ടം ഇവരിൽ നിന്നും ഈടാക്കുന്നതുമാണ്. ഭാവിയിൽ ഇതുപോലുള്ള തിരിമറികൾ ഒഴിവാക്കുന്നതിന് ആവശ്യമായ പരിഷ്കാരങ്ങളും കൊണ്ടുവരും.

https://www.facebook.com/thomasisaaq/posts/3769169836432463?__xts__%5B0%5D=68.ARAHEUVCRCp2smRiYNxsArcJr7in8Bx_LKXkwX_o6QNsUO8MOpn1tv9YwWZCfahxvx2GmDslX7chJ9-ynoIGfBKULzLyZH4IvVX6qMZgtBKILMnLxfhqoK0gLIN-oqIxXTxMO9xQOOsGxpQE6HY6CwjJO4e9BD7xRkbNsNqfo05xHrXVdSwdYqoNrhqtvlI6CRkOyYMrUerawRUFgOroive5_J3s4CtkPmqQOLALnNKWzw8AbXZ80gxD8ROQr1sotBO2yWgyUpstwO3G3CkHP8LL1-JfkRTrS7JK_esE00WOFA8d9s_iq3OXgPyTZhGXejxxRmI3CEVCY45qK5bZttXLcg&__tn__=K-R

Advertisment