Advertisment

ടീമില്‍ നിന്നുള്ള പുറത്താക്കല്‍: ടീം മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മിതാലി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ദേശീയ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേശ് പവാര്‍, കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അംഗം ഡയാന എദുല്‍ജി എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ താരം മിതാലി രാജ്. ബി.സി.സി.ഐക്ക് എഴുതിയ കത്തിലാണ് ഇരുവര്‍ക്കുമെതിരെ മിതാലി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മിതാലി രാജിനെ കളിപ്പിക്കാതിരുന്നത് വലിയ തോതില്‍ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ച്ചയായ അര്‍ധ സെഞ്ചുറികള്‍ നേടി മികച്ച ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു താരത്തെ കളിപ്പിക്കാതിരുന്നത്. മത്സരം ഇന്ത്യ തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു. ടീം തെരഞ്ഞെടുപ്പിനെ ചൊല്ലി വിവാദങ്ങള്‍ പുകയുമ്പോഴാണ് മിതാലി ഇക്കാര്യത്തെ കുറിച്ച് വിശദീകരിക്കുന്നത്.

ഇരുവര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും നായിക ഹര്‍മന്‍പ്രീത് കൗറിനെതിരെ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും മിതാലി കത്തില്‍ പറയുന്നുണ്ട്. തന്നെ ടീമില്‍നിന്ന് പുറത്താക്കാനുള്ള പരിശീലകന്റെ തീരുമാനത്തെ ഹര്‍മന്‍പ്രീത് പിന്തുണച്ചത് വേദനിപ്പിച്ചു. ഈ ലോകകപ്പ് ടീമിനായി നേടിയെടുക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ലോകകപ്പ് ജയിക്കാനുള്ള സുവര്‍ണാവസരമാണ് ഇക്കുറി നാം നഷ്ടമാക്കിയത്- മിതാലി വ്യക്തമാക്കി. എന്നാല്‍, മിതാലിയെ ടീമില്‍ ഉള്‍പ്പെടുത്താത്ത തീരുമാനത്തില്‍ ഖേദമില്ലെന്നു പ്രഖ്യാപിച്ച ഹര്‍മന്‍പ്രീത്, നിലപാട് വ്യക്തമാക്കിയിരുന്നു.

രമേഷ് പവാര്‍ പലതവണ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചതായും മിതാലി ആരോപിച്ചു. ''അടുത്തെങ്ങാനും ഞാനുണ്ടെങ്കില്‍ അദ്ദേഹം വേഗം അവിടെനിന്ന് മാറിനില്‍ക്കും. മറ്റുള്ളവര്‍ നെറ്റ്‌സില്‍ പരിശീലിക്കുമ്പോള്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി നിരീക്ഷിക്കും. ഞാന്‍ നെറ്റ്‌സിലെത്തിയാല്‍ അവിടെനിന്നു മാറും. എന്തെങ്കിലും ചോദിക്കാന്‍ അടുത്തുചെന്നാല്‍ ഫോണില്‍ ഞെക്കിക്കൊണ്ട് നടന്നുപോകും. അദ്ദേഹം എന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും ഏറ്റവും ശാന്തതയോടു കൂടിയേ ഞാന്‍ പെരുമാറിയിട്ടുള്ളൂ. മിതാലി വ്യക്തമാക്കി.''

അധികാര കേന്ദ്രങ്ങളിലിരിക്കുന്നവര്‍ ഞാന്‍ രാജ്യത്തിനായി നല്‍കിയതൊന്നും വില കല്‍പിക്കുന്നതായി തോന്നിയിട്ടില്ലെന്ന് ഡയാന എദുല്‍ജിക്കെതിരായി മിതാലി പറഞ്ഞു. ബിസിസിഐയില്‍ അവര്‍ക്കുള്ള സ്ഥാനവും അധികാരവും തനിക്കെതിരെ ഉപയോഗിക്കുകയാണെന്ന് മിതാലി ആരോപിച്ചു. 20 വര്‍ഷത്തിലധികം നീളുന്ന കരിയറില്‍ ഞാന്‍ ഈ വിധത്തില്‍ തകര്‍ന്നുപോകുന്നത് ഇതാദ്യമാണ്. അവര്‍ എന്നെ തകര്‍ക്കാനും ആത്മവിശ്വാസം ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നതെന്ന് തോന്നിയെന്നും ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിയേയും ക്രിക്കറ്റ് ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ സബ കരിമിനേയും അഭിസംബോധന ചെയ്തുള്ള കത്തില്‍ മിതാലി രാജ് പറയുന്നു.

 

Advertisment