‘ ആള്‍ക്കൂട്ട ആക്രമണം പോലുള്ള സംഭവങ്ങള്‍ എല്ലാവരേയും അസ്വസ്ഥരാക്കുന്നു ; തെറ്റിദ്ധാരണ കാരണം ചിലര്‍ കൊല്ലപ്പെടുന്നു ; അവര്‍ക്ക് കൊല്ലാന്‍ എന്ത് അവകാശമാണുള്ളത്? ദുരഭിമാന കൊലപാതകങ്ങള്‍ക്കെതിരെയും കര്‍ശന നിയമം കൊണ്ടുവരും ; ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടു വരുമെന്ന് അശോക് ഗെഹ്‌ലോട്ട്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

ജയ്പൂര്‍: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ചൊവ്വാഴ്ച നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ‘ ആള്‍ക്കൂട്ട ആക്രമണം പോലുള്ള സംഭവങ്ങള്‍ എല്ലാവരേയും അസ്വസ്ഥരാക്കുന്നു. തെറ്റിദ്ധാരണ കാരണം ചിലര്‍ കൊല്ലപ്പെടുന്നുവെന്നത് വളരെ അസ്വസ്ഥനാക്കുന്നു. മതത്തെ ഇതില്‍ നിന്നുംമാറ്റി നിര്‍ത്തണം.’ എന്നാണ് ഗെഹ്‌ലോട്ട് പറഞ്ഞത്.

’20-30 ആളുഖള്‍ ഒരു മനുഷ്യനെ തല്ലിക്കൊല്ലുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ യാതൊരു സ്ഥാനവുമില്ല. ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരേണ്ടത് നമ്മുടെ ആവശ്യമാണ്.’ അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണ സംഭവങ്ങളില്‍ നിങ്ങള്‍ക്കും വേദന തോന്നുന്നില്ലേയെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് ചോദിച്ചപ്പോള്‍ ‘അതെ’ എന്ന് അവര്‍ പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞത്.

മറ്റൊരു ജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന് സിരോഹി ജില്ലയില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവവും അദ്ദേഹം സൂചിപ്പിച്ചു. ‘ അവര്‍ക്ക് കൊല്ലാന്‍ എന്ത് അവകാശമാണുള്ളത്? ദുരഭിമാന കൊലപാതകങ്ങള്‍ക്കെതിരെയും കര്‍ശന നിയമം കൊണ്ടുവരും.’ അദ്ദേഹം പറഞ്ഞു.

അതേസമയം, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരാനുള്ള തീരുമാനത്തെ ബി.ജെ.പി എതിര്‍ത്തു. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ഭാഗമാകുന്നവര്‍ക്കെതിരെ ഇതിനകം തന്നെ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും നിയമം വളരെ ശക്തമാണെന്നും രാജസ്ഥാന്‍ ബി.ജെ.പി വൈസ് പ്രസിഡന്റ് ഗ്യാന്‍ദേവ് അഹൂജ പറഞ്ഞു.

×