ആരൊക്കെ ബഹളം വച്ചാലും കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല, മുങ്ങുന്ന സേവകനെയാണോ വേണ്ടത്; രാഹുലിനെതിരെ മോദിയുടെ ഒളിയമ്പ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 12, 2019

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരൊക്കെ ബഹളം വച്ചാലും കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആഘോഷിക്കാന്‍ മുങ്ങുന്ന സേവകനെയാണോ വേണ്ടതെന്നും രാഹുലിനെ പരിഹസിച്ച് മോദി ചോദിച്ചു. വിശാലസഖ്യം ജനങ്ങളോടുള്ള വഞ്ചനയാണെന്നും മോദി ആരോപിച്ചു.

അയോധ്യതര്‍ക്കം പരിഹരിച്ചുകാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. വിശാലസഖ്യം ജനങ്ങളോടുള്ള വഞ്ചനയാണ്, കോണ്‍ഗ്രസ് വിരോധികള്‍ അവരോട് കീഴടങ്ങിയെന്നും ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ മോദി പറഞ്ഞു. അതേസമയം ബിജെപിക്കെതിരെ മായാവതിയും അഖിലേഷ് യാദവും സഖ്യപ്രഖ്യാപനം നടത്തി.

എന്നാല്‍ എസ്.പി ബിഎസ്പി സഖ്യം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയല്ല നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്ന് ബിജെപി ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥിരതയുള്ള സത്യസന്ധനായ നേതാവും നേതാവില്ലാത്ത അവസരവാദ കൂട്ടുകെട്ടും തമ്മിലെന്ന് ബിജെപി ദേശീയ കൗണ്‍സിലില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു.

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിക്ഷത്തിനു നേരെ ശക്തമായ പ്രത്യക്രമണം നടത്തി ഭരണത്തുടര്‍ച്ച നേടുക എന്നതാണ് ലക്ഷ്യമെന്ന് ഇന്നലെ ദേശീയ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. നരേന്ദ്ര മോദിയെ മാത്രം കേന്ദ്രീകരിച്ചാകും പ്രചാരണം.

×