Advertisment

മോദി കെയര്‍ ഇനി ‘നമോ കെയര്‍’; കാരണം നീരവ് മോദി

New Update

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദി കാരണം മോദി സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ പേര് മാറ്റുന്നു. ‘മോദി കെയര്‍’ എന്ന പേരില്‍ പ്രചാരണം തുടങ്ങിയ പദ്ധതിയെ ഇനി ‘നമോ കെയര്‍’ എന്നറിയപ്പെടും. നമോ കെയര്‍ എന്ന് വിശേഷിപ്പിച്ചാല്‍ മതിയെന്ന് കേന്ദ്രമന്ത്രിമാര്‍ക്കും പാര്‍ട്ടി വക്താക്കള്‍ക്കും ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി.

Advertisment

publive-image

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുറുപ്പുചീട്ടാകുമെന്നു ബിജെപി പ്രതീക്ഷിക്കുന്ന പദ്ധതിക്കാണു തുടങ്ങും മുന്‍പേ പേരുദോഷമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വജ്രവ്യാപാരി നീരവ് മോദിയെയും ബന്ധിപ്പിച്ചു പ്രതിപക്ഷം ‘ബഡാ മോദി, ഛോട്ടാ മോദി’ യെന്നു പരിഹസിച്ചതും ബിജെപിയെ ആശങ്കയിലാഴ്ത്തി. ആരോഗ്യ പരിരക്ഷാ പദ്ധതിയായ ‘മോദി കെയറി’നെ ‘നീരവ് മോദി കെയര്‍’ ആക്കി പ്രതിപക്ഷം പ്രചാരണം നടത്തുമെന്ന അങ്കലാപ്പിലാണു തിടുക്കത്തില്‍ പേരുമാറ്റുന്നത്.

നരേന്ദ്ര മോദി എന്നതിന്റെ ചുരുക്കമായ ‘നമോ’ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി വ്യാപകമായി പ്രയോഗിച്ചിരുന്നു. കേന്ദ്ര ബജറ്റില്‍ രാജ്യത്തെ അന്‍പത് കോടി ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് ഔപചാരികമായി ‘മോദി കെയര്‍’ എന്നു പേരു നല്‍കിയിട്ടില്ലെങ്കിലും കേന്ദ്രമന്ത്രിമാരും ബിജെപി വക്താക്കളും ഉള്‍പ്പെടെ ‘മോദി കെയര്‍’ എന്ന പേരില്‍ പ്രചാരണം തുടങ്ങിയിരുന്നു. യുഎസിലെ ‘ഒബാമ കെയര്‍’ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ മാതൃകയില്‍ ഇന്ത്യയില്‍ ‘മോദി കെയര്‍’ പദ്ധതിയെന്നായിരുന്നു വിശദീകരണം.

കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും കഴിഞ്ഞ ദിവസങ്ങളില്‍ ‘നമോ കെയര്‍’ എന്ന പേരിലാണു പദ്ധതിയെ പരാമര്‍ശിച്ചത്. ഒരാഴ്ച മുന്‍പു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഢ ‘മോദി കെയര്‍’ എന്നു പരാമര്‍ശിച്ച പദ്ധതിയെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ‘നമോ കെയര്‍’ എന്നു പേരുമാറ്റി വിശേഷിപ്പിച്ചു. ബിജെപിയുടെ വക്താക്കളും ഇനി ‘നമോ കെയര്‍’ എന്നാകും പദ്ധതിയെ വാഴ്ത്തുക. നരേന്ദ്ര മോദിയെ ‘നമോ’ എന്നു വിശേഷിപ്പിക്കുന്ന മാതൃകയില്‍ നീരവ് മോദിയെ പ്രതിപക്ഷ വക്താക്കള്‍ ‘നിമോ’യെന്നു പരിഹസിക്കുന്നതും ബിജെപിക്കു വൈക്ലബ്യമുണ്ടാക്കുന്നുണ്ട്.

Advertisment