മോഡി – മോഹന്‍ലാല്‍ കൂടിക്കാഴ്ചയുടെ രാഷ്ട്രീയ പ്രാധാന്യം ചര്‍ച്ചയാകുന്നു. മോഹന്‍ലാലിന്‍റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാകുമ്പോള്‍ പ്രളയ സമയത്ത് മലയാളതാരങ്ങള്‍ കാണിച്ച പിശുക്ക് പാരയാകും !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, September 4, 2018

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോഡിയും സൂപ്പര്‍ താരം മോഹന്‍ലാലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് യഥാര്‍ഥത്തില്‍ കളമൊരുക്കിയത് ആരെന്ന ചോദ്യത്തിനു ഇപ്പോഴും ഉത്തരമില്ല. എന്നാല്‍ അതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന സംശയം ബാക്കിയാണ്.

ബിജെപി അങ്ങനൊരു നീക്കം പുറത്തെടുക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അത് അങ്ങനെ നിര്‍ത്തുന്ന താരങ്ങള്‍ വിജയിച്ചു വരുമോ എന്നതിനല്ല, മറിച്ച് ബിജെപിക്ക് പൊതുവായി ജനശ്രദ്ധ ആകര്‍ഷിക്കാന്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇത്തരം സെലിബ്രിറ്റികളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

എന്നാല്‍, നിലവിലെ കേരളത്തിലെ സാഹചര്യം മോഹന്‍ലാലിന് അനുകൂലമല്ല എന്ന പൊതു അഭിപ്രായം നിലവിലുണ്ട്. ദിലീപിനെ തിരിച്ചെടുത്ത വിവാദങ്ങള്‍ തുടങ്ങി ലാലിന്‍റെ ഗ്രാഫ് താഴേയ്ക്കാണ്. മാത്രമല്ല കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നല്‍കിയ സഹായം മറ്റു ഭാഷകളിലെ താരങ്ങള്‍ നല്‍കിയതിനേക്കാള്‍ നാലിലൊന്ന് കുറവായിരുന്നു എന്നത് മലയാള താരങ്ങള്‍ക്കെതിരായ വികാരം രൂപപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെ പരീക്ഷിക്കും മുന്‍പ് അദ്ദേഹത്തിനു ജനകീയ മായ സ്വീകാര്യത ഉണ്ടാക്കിയെടുക്കുക എന്നതാണ് ബിജെപി സംസ്ഥാന നേതാക്കള്‍ കാണുന്നത് . എന്നാല്‍ സംസ്ഥാന നേതൃത്വത്തിന് മോഹന്‍ലാലിന്‍റെ മോഡി കൂടിക്കാഴ്ച സംബന്ധിച്ച് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുമില്ല .

അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് . സെലിബ്രിറ്റി വാര്‍ പ്ലാന്‍ ചെയ്യുന്ന പാര്‍ട്ടി മോഹന്‍ലാലിന് പുറമേ സുരേഷ് ഗോപിയെയും കളത്തിലിറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.

മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രളയശേഷമുള്ള കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കേരളത്തെ സഹായിക്കാന്‍ ആകുന്നതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി മോഹന്‍ലാല്‍ കുറിച്ചു. പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ അദ്ദേഹം ഒപ്പമുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

×