Advertisment

സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് പാവങ്ങളുടെ ദുരിതം മനസിലാകില്ല; രാഹുലിനെതിരെ ആഞ്ഞടിച്ച് മോദി

author-image
admin
New Update

publive-image

Advertisment

 

കൊപ്പല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി. സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് പാവങ്ങളുടെ ദുരിതം അറിയില്ലെന്നും സ്വച്ഛ് ഭാരത് പ്രചാരണത്തിന്റെ പ്രാധാന്യം മനസിലാകില്ലെന്നും അദ്ദേഹം ആരോപിച്ചു.

ചെങ്കോട്ടയില്‍നിന്നുകൊണ്ട് സ്വച്ഛ് ഭാരതിനെപ്പറ്റിയും ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനെപ്പറ്റിയും സംസാരിച്ചപ്പോള്‍ ചിലര്‍ പരിഹസിച്ചു. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് പാവപ്പെട്ടവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസിലാകില്ല. എന്നാല്‍, പാവപ്പെട്ടവരെ സഹായിക്കാന്‍ തങ്ങളുടെ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ മോദി പറഞ്ഞു.

കര്‍ണാടകത്തിലെ കൊപ്പല്‍ ജില്ലയിലുള്ള മല്ലമ്മ എന്ന പെണ്‍കുട്ടി വീട്ടില്‍ ശൗചാലയം നിര്‍മിക്കുന്നതിനുവേണ്ടി നിരാഹാര സമരം നടത്തിയകാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘അത്തരം സാധാരണക്കാരെപ്പറ്റിയാണ് മന്‍ കി ബാത്തില്‍ സംസാരിച്ചത്. അവയാണ് സ്വച്ഛ് ഭാരത് പ്രചാരണത്തിന് പ്രോത്സാഹനമായത്. ശൗചാലയമെന്നത് വെറുമൊരു സൗകര്യം മാത്രമാവാം. എന്നാല്‍ അതിന് സ്ത്രീകളുടെ മാന്യതയുമായി ബന്ധമുണ്ട്’ മോദി പറഞ്ഞു.

‘2014 നുമുമ്പ് രാജ്യത്തെ 40 ശതമാനം വീടുകളില്‍ മാത്രമാണ് ശൗചാലയങ്ങള്‍ ഉണ്ടായിരുന്നത്. കഠിനമായ പരിശ്രമത്തിന്റെ ഫലമായി രാജ്യത്തെ 80 ശതമാനം ഭവനങ്ങളിലും ഇന്ന് ശൗചാലയങ്ങളുണ്ട്. ബിജെപി രാജ്യസ്‌നേഹത്തില്‍ വിശ്വസിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ഒരു കുടുംബത്തെ മാത്രമാണ് വിശ്വസിക്കുന്നത്. രാജ്യത്തിന് മൂന്ന് പ്രധാനമന്ത്രിമാരെ സംഭാവനചെയ്ത ഗാന്ധി കുടുംബത്തില്‍പ്പെട്ട രാഹുല്‍ഗാന്ധി 2019 ഓടെ നാലാമത്തെ പ്രധാനമന്ത്രിയാകാനുള്ള പരിശ്രമത്തിലാണെന്നും’ മോദി പരിഹസിച്ചു.

Advertisment