തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിഷ്പക്ഷത നഷ്ടമായോ ? തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതിപോലും മുന്‍കൂര്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരും മുമ്പ് ! കമ്മീഷന്റെ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യത്തിന് അനുസരിച്ചെന്നും ആക്ഷേപം. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കാന്‍ കമ്മീഷന്റെ സമ്പൂര്‍ണ യോഗം ചേരുന്നു !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, February 23, 2021

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ അവിടെയും കാര്യങ്ങള്‍ സുതാര്യമല്ലെന്ന സൂചനകള്‍ തന്നെയാണ് ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് തീയതിയടക്കമുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നത് അതീവ രഹസ്യമായിട്ടും ആണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് തീയതിയടക്കം പ്രഖ്യാപിക്കുക. എന്ന് ഈ പ്രഖ്യാപനമുണ്ടാകുമെന്ന് കമ്മീഷന്‍ സാധാരണ ഗതിയില്‍ ആരെയും അറിയിക്കില്ല. വാര്‍ത്താസമ്മേളന വിവരം പോലും അന്നു രാവിലെ മാത്രമാണ് അറിയിക്കുക.

എന്നാല്‍ ഇവിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതിയടക്കം പറഞ്ഞ് പ്രധാനമന്ത്രി അസമില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിച്ചത്. ഇന്നലെയാണ് മാര്‍ച്ച് ഏഴിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി അസമില്‍ പറഞ്ഞത്.

കഴിഞ്ഞ തവണ മാര്‍ച്ച് നാലിന് ആയിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പക്ഷേ, ഞാന്‍ മനസ്സിലാക്കുന്നത് അടുത്ത മാസം ഏഴോട് കൂടി അതായത് മാര്‍ച്ച് ആദ്യവാരം അവസാനിക്കുന്നതോട് കൂടി ഈ തീയതി പ്രഖ്യാപിക്കും എന്നുള്ളതാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. കമ്മീഷന്‍ യോഗം ചേരും മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി പ്രധാനമന്ത്രി പറഞ്ഞതോടെ എല്ലാം നിയന്ത്രിക്കുന്നത് തങ്ങളാണെന്ന സന്ദേശം കൂടിയാണ് ലഭിച്ചത്.

കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഈ തീയതിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നാണ് പ്രധാനമന്ത്രി സൂചന നല്‍കിയത്. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ചേരും മുമ്പ് തന്നെ പ്രധാനമന്ത്രി ഈ തീയതി പറഞ്ഞതില്‍ അസ്വഭാവികത ഉണ്ടെന്നു തന്നെയാണ് ആക്ഷേപം.

അതേസമയം കമ്മീഷന്റെ പൂര്‍ണയോഗം ഇന്നു ചേരുകയാണ്. ഓരോ സംസ്ഥാനങ്ങളിലും, എത്ര ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യവും ചര്‍ച്ചയാകും. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലും ഒന്നിലധികം ഘട്ടങ്ങളിലായി തെരെഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന്റെ പരിഗണനയിലാണ്.

പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം, വോട്ടിംഗ് മെഷീനുകളുടെ വിതരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനം എന്നിവ ഉള്‍പ്പെടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുക. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരടങ്ങുന്ന ഫുള്‍ കമ്മീഷന്‍ യോഗമാണ് ചേരുന്നത്.

×