മനുഷ്യൻ മാറി ലോകവും മാറി. എന്നിട്ടും മാറ്റമില്ലാതിരുന്ന വിദ്യാഭ്യാസരംഗം അടിമുടി പൊളിച്ചെഴുതുന്നത് അനിവാര്യത ! എന്തിനുവേണ്ടിയെന്നറിയാതെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അനാവശ്യങ്ങളോട് ഇനിയെങ്കിലും വിടപറയാം !

എഡിറ്റോറിയല്‍ / വിന്‍സെന്റ് നെല്ലിക്കുന്നേല്‍
Wednesday, July 29, 2020

പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന രീതികളും സമ്പ്രദായങ്ങളും കൊണ്ട് തുരുമ്പിച്ചതായിരുന്നു ഇന്ത്യയുടെ നിലവിലെ വിദ്യാഭ്യാസ നയം. അത് അടിമുടി പൊളിച്ചെഴുതാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പ്രഥമദൃഷ്ട്യാതന്നെ സ്വാഗതം ചെയ്യുകയാണ്.

ഇന്ന് കേന്ദ്രമന്ത്രി സഭ അംഗീകരിച്ച പുതിയ വിദ്യാഭ്യാസ നയത്തിന്റെ വിശദമായ രൂപം പുറത്തുവരുന്നതേയുള്ളു. അതിൽ ചില അപാകതകളും അവ്യക്തതകളും പോരായ്മകളും ഉണ്ടാകാം. അവയൊക്കെ സ്വാഭാവികമാണ്. അത് രാജ്യം ഒറ്റക്കെട്ടായി തിരുത്തണം.

പുതിയ കാലത്തിനും പുതിയ തലമുറകൾക്കും പുതിയ ലോകത്തിനും അനുസരിച്ചുള്ളതാകണം പുതിയ വിദ്യാഭ്യാസവും. മനുഷ്യനുതന്നെ മാറ്റങ്ങളുണ്ട്. 5 വർഷം മുമ്പത്തെ മനുഷ്യനല്ല ഇന്നത്തെ മനുഷ്യൻ. അവന്റെ ചിന്തകൾ വിഭിന്നമാണ്, രീതികൾ വ്യത്യസ്തമാണ്, ശൈലികൾ വേറിട്ടതാണ്, അഭിരുചികളും മാറ്റമുള്ളതാണ്.

അങ്ങനെയെങ്കിൽ അവനുവേണ്ടിയുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളും മാറ്റേണ്ടതുതന്നെയാണ്. സ്വാതന്ത്ര്യാനന്തര ഭാരതം ഇതിനു മുമ്പ് പല തവണ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ അടിമുടി പരിഷ്കരിക്കേണ്ടതായിരുന്നു. അതുണ്ടായില്ല.

ഇപ്പോൾ അത് സംഭവിക്കുന്നു എന്നത് എന്തൊക്കെ പോരായ്‌മകൾ ഉണ്ടെങ്കിലും അഭിനന്ദനീയമാണ്. കുറ്റങ്ങളും കുറവുകളും നമുക്ക് പരിഹരിക്കാനാകും.

18 വർഷങ്ങൾകൊണ്ട് 12 ഗ്രേഡുകൾ പൂർത്തിയാക്കുന്നതാണ് പുതിയ നയത്തിലെ പ്രാഥമിക കാലഘട്ടം. ആറാം ക്‌ളാസ് മുതലുള്ള അപ്പർ പ്രൈമറി തലം മുതൽ തന്നെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ കൂടി സിലബസിന്റെ ഭാഗമായി മാറുന്നു എന്നതാണ് ഒറ്റനോട്ടത്തിൽ പുതിയ നയത്തിന്റെ പ്രധാന ആകർഷണം.

എന്തിനുവേണ്ടിയെന്നറിയാതെ പഠിപ്പിച്ചുപോകുന്ന നിരവധി അനാവശ്യങ്ങൾ അടങ്ങിയതാണ് നമ്മുടെ നിലവിലെ സിലബസ്. ഇനി അതിനോട് ‘ബൈ’ പറയാം.

ബിരുദം 4 വർഷമാക്കിയതും ഡിപ്ലോമ രണ്ട് വർഷമാക്കിയതും വിദ്യാഭ്യാസ നിലവാരം ഉയർത്തുമെന്ന് പ്രത്യാശിക്കാം. എന്തിനോ വേണ്ടി തുടർന്നുകൊണ്ടിരുന്ന എംഫിൽ എന്ന ഏർപ്പാട് നിർത്തലാക്കുന്നതും പണ്ടേ ചെയ്യേണ്ടതായിരുന്നു.

മാനവശേഷിവികസന മന്ത്രാലയത്തിന്റെ പേരുമാറ്റി വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കിയതുതന്നെ അതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

എന്തായാലും മാറ്റങ്ങൾക്കു സന്മനസുകാണിച്ചതുതന്നെ സ്വാഗതാർഹമാണ്. ഇനി അത് പ്രതിസന്ധികൾ ഉണ്ടാകാത്ത വിധം നടപ്പിലാക്കുകയാണ് വേണ്ടത്. പുതിയ വിദ്യാഭ്യാസ നയത്തിന് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു.

– എഡിറ്റർ

×