54 പന്തില്‍ 137 റണ്‍സ്, അമ്പരപ്പിക്കുന്ന പ്രകടനവുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍ ! അഭിനന്ദിച്ച് വീരേന്ദര്‍ സെവാഗും ഹര്‍ഷ ഭോഗ്ലെയും; 1.37 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെ.സി.എ

സ്പോര്‍ട്സ് ഡസ്ക്
Thursday, January 14, 2021

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരെ ഉജ്ജ്വല പ്രകടനം കാഴ്ച വച്ച് കേരളത്തിന്റെ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് 1.37 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. 54 പന്തില്‍ 137 റണ്‍സ് നേടിയ അസ്ഹറുദ്ദീന്റെ പോരാട്ട മികവില്‍ കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്.

അതേസമയം, അസ്ഹറുദ്ദീന്റെ പ്രകടനത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ എന്നിവര്‍ രംഗത്തെത്തി.

അസ്ഹറുദ്ദീന്റേത് വളരെ മികച്ച പ്രകടനമായിരുന്നുവെന്നും മുംബൈക്കെതിരെ ഇത്രയും റണ്‍സ് നേടുന്നത് ശ്രമകരമാണെന്നും സെവാഗ് പറഞ്ഞു.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീനെന്ന പേരില്‍ അസാധ്യനായ കളിക്കാരനെ കണ്ടിട്ടുണ്ട്. ഇപ്പോള്‍ അതേ പേരില്‍ മറ്റൊരു കളിക്കാരന്‍. അദ്ദേഹത്തിന് മികച്ച ഷോട്ടുകള്‍ കളിക്കാന്‍ കഴിയും’-ഭോഗ്ലെ ട്വീറ്റ് ചെയ്തു.

×