Advertisment

ബാങ്കിൽനിന്ന് 50 പവനും 50,000 രൂപയും എടുത്തിറങ്ങിയ ആളെ റോഡിൽനിന്ന് സ്കൂട്ടർ ഉൾപ്പെടെ കാണാതായിട്ട് 50 ദിവസം കഴിഞ്ഞു; തെളിവില്ലാതെ വലഞ്ഞ് പൊലീസ്‌

New Update

തിരുവനന്തപുരം: ബാങ്കില്‍ നിന്ന് സ്വര്‍ണവും പണവും എടുത്ത് മടങ്ങിയയാളെ വഴിയില്‍ നിന്നും കാണാതായ സംഭവത്തില്‍ തുമ്പില്ലാതെ വലഞ്ഞ് പൊലീസ്. കുളപ്പട സുവര്‍ണ നഗര്‍ ഏദന്‍ നിവാസില്‍ മോഹനനെയാണ് മെയ് 8ന് കാണാതായത്. ബാങ്കില്‍ നിന്നും 50 പവനും 50000 രൂപയും എടുത്ത് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം അപ്രത്യക്ഷമായത്.

Advertisment

മോഹനനെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും കിട്ടിയിട്ടില്ല.ധ്യാന കേന്ദ്രങ്ങളിലും പള്ളികളിലുമെല്ലാം പൊലീസ് മോഹനനെ തിരഞ്ഞു. തൃശൂരിലെ ധ്യാനകേന്ദ്രങ്ങളിലെത്തി നോട്ടിസ് ഒട്ടിച്ച് മടങ്ങി. ഇനി മറ്റു സംസ്ഥാനങ്ങളിലാണ് അന്വേഷിക്കാനുള്ളത്.

publive-image

കോവിഡ് കാലമായതിനാൽ അതിനും കഴിയുന്നില്ല. മോഹനന് സാമ്പത്തിക ബാധ്യത ഇല്ലെന്നു ബന്ധുക്കൾ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ബാങ്കിലേക്ക് കൊണ്ടുപോകുന്ന സ്വർണം കുറവായിരുന്നു. മുൻപ് ഇതിനേക്കാൾ അളവ് സ്വര്‍ണം കൊണ്ടു പോയിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കുന്നു.

ഭാര്യാ സഹോദരൻ പറണ്ടോട്ട് നടത്തുന്ന ഫിനാൻസ് സ്ഥാപനത്തിൽ 10 വർഷമായി ജോലി ചെയ്യുകയായിരുന്നു മോഹനൻ. അവിടെനിന്ന് സ്വർണം പേരൂർക്കട സർവീസ് സഹകരണ ബാങ്കിന്റെ പ്രഭാതശാഖയിൽ കൊണ്ടുപോയി പണയം വയ്ക്കുന്നതും തിരികെ എടുക്കുന്നതും വർഷങ്ങളായി മോഹനനാണ്. പതിവുപോലെ ബാങ്കിൽ പോയി തിരികെ വരുന്നതിനിടയിലാണ് വാഹനം സഹിതം അപ്രത്യക്ഷനായത്. പേരൂർക്കട– നെടുമങ്ങാട് റോഡിൽ കരകുളം പഞ്ചായത്ത് ഓഫിസിനു സമീപം വരെ മോഹനൻ എത്തിയതായി തെളിവുണ്ട്. കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളിൽ 11.02 ന് മോഹനൻ സ്കൂട്ടറിൽ കടന്നുപോയതായി കാണുന്നുണ്ട്. പിന്നീടാണ് കാണാതായത്.

തട്ടികൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞതിനെത്തുടർന്ന് പൊലീസ് ഇക്കാര്യം വിശദമായി പരിശോധിച്ചു. ലോക്‌ഡൗൺ കാലമായതിനാൽ ജില്ല വിട്ടുപോകാൻ ശ്രമിച്ചാൽ അതിർത്തിയിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെടേണ്ടതാണ്. അതിർത്തി ചെക്പോസ്റ്റുകൾ വഴി സംശയകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോയിട്ടില്ല.

തട്ടികൊണ്ടുപോയതാണെങ്കിൽ കൊലപ്പെടുത്തിയോ ആഭരണങ്ങളും പണവും തട്ടിയെടുത്തതിനു ശേഷമോ ഉപേക്ഷിക്കണം. അതിനുമുള്ള തെളിവില്ല. പണം ആവശ്യപ്പെട്ട് ആരും കുടുംബത്തെ ബന്ധപ്പെട്ടിട്ടുമില്ല.

സ്ഥിരമായി ബാങ്കിലേക്കു പോകുന്ന മോഹനനെ നിരീക്ഷിച്ച അക്രമിസംഘം അവസരം കിട്ടിയപ്പോൾ തട്ടിക്കൊണ്ടുപോയതാകാമെന്ന സാധ്യത ഉറപ്പിക്കാനായി പല പരിശോധനകളും പൊലീസ് നടത്തി.

മിക്ക കേസുകളിലും ആദ്യ തുമ്പുകൾ പൊലീസിന് ലഭിക്കുന്നത് മൊബൈൽ ഫോൺ വഴിയാണ്. ഈ കേസിൽ ഫോണും പൊലീസിനെ സഹായിച്ചില്ല. ഒരു സാധാരണ ഫോണാണ് മോഹനൻ ഉപയോഗിച്ചിരുന്നത്. ഫോണിലേക്കു വിളി വന്ന അ‍ഞ്ഞൂറിലധികം നമ്പരുകൾ പൊലീസ് പരിശോധിച്ചെങ്കിലും കേസിനു സഹായകരമായി ഒന്നും കണ്ടെത്താനായില്ല. സംഭവ ദിവസം പണമിടപാട് സ്ഥാപനത്തിൽനിന്ന് 2 തവണ കോൾ വന്നതൊഴിച്ചാൽ മറ്റു കോളുകളുമില്ല.

‘മൊബൈൽ രേഖകൾ തുടക്കത്തിൽതന്നെ പരിശോധിച്ചെങ്കിലും സഹായകരമായി ഒന്നും ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാന്‍ കഴിയാതെ നിൽക്കുന്നു. കേസിലെ വലിയ സാധ്യതകൾ പ്രയോജനം ചെയ്യാത്ത സാഹചര്യത്തിൽ ചെറിയ സാധ്യതകൾ പരിശോധിക്കുകയാണ്’– ആര്യനാട് സിഐ പറയുന്നു. കരകുളം മേഖലയിലെ ടവറുകളിൽനിന്ന് ആ സമയം പോയ കോളുകൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

കരകുളത്തെ കടയിലെ സിസിടിവിയിൽ മോഹനൻ സ്കൂട്ടറിൽ പോകുന്ന ദൃശ്യമുണ്ട്. എന്നാൽ പോകുന്ന വഴിയിൽ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ മോഹനനില്ല. ഈ ഭാഗങ്ങളിൽ വൈദ്യുതി ഇല്ലാത്തതിനാൽ പല കടകളുടെയും സിസിടിവി പ്രവർത്തിച്ചിരുന്നില്ല. വൈദ്യുതി തടസ്സത്തിന്റെ കാരണങ്ങളെക്കുറിച്ചുപോലും പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

missing case latest news all news mohanan missing case
Advertisment