ഏകപക്ഷീയമായ തീരുമാനങ്ങള്‍ അമ്മയില്‍ ഉണ്ടാകില്ലെന്ന് മോഹന്‍ലാല്‍ ഉറപ്പു നല്‍കിയതായി മന്ത്രി എ കെ ബാലന്‍;അമ്മയിലെ പ്രശ്‌നങ്ങളിൽ സര്‍ക്കാര്‍ ഇടപെടില്ല

ഫിലിം ഡസ്ക്
Wednesday, July 11, 2018

ഏകപക്ഷീയമായ തീരുമാനങ്ങള്‍ അമ്മയില്‍ ഉണ്ടാകില്ലെന്ന് സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ ഉറപ്പുനല്‍കിയെന്ന് മന്ത്രി എ കെ ബാലന്‍. ദിലീപിനെ സംഘടനയിലേക്ക് തിരികെയടുത്ത വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചത്താലത്തില്‍ മോഹന്‍ലാലുമായി കൂടികാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലായിരുന്നു കൂടികാഴ്ച്ച

അമ്മയിലെ വിവാദങ്ങള്‍ സംഘടനയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടില്ല. ദിലീപിനെ സംഘടനയിലേക്ക് തിരികെയടുത്ത വിഷയത്തില്‍ അമ്മയുടെ തീരുമാനത്തിനെതിരെ പൊതു വികാരമുണ്ടായിരുന്നു. വിഷയത്തില്‍ പൊതുവികാരത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം അമ്മ തന്നെ എടുത്തിട്ടുണ്ട്. അതു സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെ മാധ്യമങ്ങള്‍ മുഖേന എല്ലാവരെയും അറിയിച്ചിരുന്നു.

അതില്‍ പൂര്‍ണ്ണമായി യോജിക്കാത്ത ഒരു വിഭാഗമുണ്ട്. സംഘടനയില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ മോഹന്‍ലാല്‍ തയാറാണ്. അമ്മയില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്ന് മോഹന്‍ലാല്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നാളെ മോഹന്‍ലാല്‍ വിദേശത്ത് പോവുകയാണ്. മടങ്ങി വന്ന ശേഷം മോഹന്‍ലാല്‍ തന്നെ യോഗം വിളിച്ച് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

×