മുന്നില്‍ നിന്നും പോയി എന്നേയുള്ളൂ, മനസ്സില്‍ എന്നുമുണ്ടാകും; കെ വി ആനന്ദിന്റെ വിയോഗത്തില്‍ മോഹന്‍ലാല്‍

ഫിലിം ഡസ്ക്
Friday, April 30, 2021

ചെന്നൈ: തമിഴ് സംവിധായകനായും ഛായാഗ്രാഹകനുമായ കെ.വി ആനനദിന്റെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ. “മുന്നില്‍ നിന്നും പോയി എന്നേയുള്ളൂ, മനസ്സില്‍ എന്നുമുണ്ടാകും” എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കെ.വി. ആനന്ദിന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്.

ഹൃദയസ്തംഭനം മൂലം വെള്ളിയാഴ്ച രാവിലെയാണ് കെ വി ആനന്ദ് മരണപ്പെട്ടത്. 54 വയസ്സായിരുന്നു. 1994ൽ മോഹൻലാൽ നായകനായ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛയാഗ്രാഹകനുള്ള ദേശിയ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.

പത്രത്തിൽ ഫോട്ടോഗ്രാഫറായി തന്റെ കരിയർ ആരംഭിച്ച കെ.വി ആനന്ദ് പി.സി ശ്രീറാമിന്റെ ഗോപുര വാസലിലെ, മീര, ദേവർ മഗൻ, അമരൻ, തിരുവിത തിരുവിത എന്നി ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

ഛായാഗ്രാഹകനായി ഒരു ദശാബ്‌ദം നീണ്ട കരിയറിൽ മിന്നാരം, ചന്ദ്രലേഖ, മുതൽവൻ, ജോഷ്, നായക്, ബോയ്‌സ്, കാക്കി, ശിവാജി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ക്യമാറ ചലിപ്പിച്ച അദ്ദേഹം 2005ൽ കാണ കണ്ടേൻ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. പിന്നീട് അയൻ, കോ, മാട്രാൻ, അനേഗൻ, കവൻ, കാപ്പൻ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ തമിഴ് സിനിമാലോകത്തിന് നൽകി.

തമിഴ്, മലയാളം സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ കെ.വി. ആനന്ദിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുന്നുണ്ട്. പൃഥ്വി രാജ്, തമിഴ് നടൻ ഗൗതം കാർത്തിക്, ഛയാഗ്രാഹകൻ സന്തോഷ് ശിവൻ , സംഗീത സംവിധായകൻ ഹാരിസ് ജയരാജ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

×