എങ്കില്‍ എന്നോടു പറ….. എലിപ്പനിക്കെതിരെ വളരെ രസകരമായ ട്രോളുമായി മോഹന്‍ലാല്‍

ഫിലിം ഡസ്ക്
Tuesday, September 11, 2018

തിരുവനന്തപുരം: കേരളം എലിപ്പനി ഭീഷണിയില്‍ വിറയ്ക്കുമ്പോള്‍ നിരവധി ഡോക്ടര്‍മാകരും ആരോഗ്യ വകുപ്പും ബോധവത്കരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നടന്‍ മോഹന്‍ലാലും എലിപ്പനിക്കെതിരെ വളരെ രസകരമായ ട്രോളുമായി ബോധവത്കരണം നടത്തുകയാണ്.

എങ്കില്‍ എന്നോടു പറ ഐ ലവ്യൂന്ന്… വന്ദനത്തില്‍ ഉണ്ണി ഗാഥയോട് പറഞ്ഞ ഡയലോഗാണ്. അന്ന് ഗിരിജ ഷെട്ടാറിനോടു പറഞ്ഞ അതേ ഭാവത്തോടെ ഇന്ന് മോഹന്‍ലാല്‍ ജനങ്ങളോടു പറയുന്നു, എങ്കില്‍ എന്നോടു പറ ഡോക്‌സിസൈക്‌ളിന്‍ കഴിച്ചൂന്ന്…..ഡയലോഗ് പുതുക്കിപ്പറഞ്ഞത് എലിപ്പനിക്കെതിരെ പോരാടാനാണെന്നു മാത്രം. തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ആ പ്രണയരംഗത്തിലെ ഡയലോഗ് ഉപയോഗിച്ച് എലിപ്പനി ബോധവത്കരണത്തിനായി ട്രോളൊരുക്കിയത്.

എലിപ്പനിയുടെ പേടി അകറ്റി ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുകയാണ് ഈ ട്രോളിന്റെ ലക്ഷ്യം. തന്റെ ഫേസ്ബുക്ക് പേജില്‍ ട്രോള്‍ ഷെയര്‍ ചെയ്ത് മോഹന്‍ലാലും ബോധവത്കരണ ശ്രമങ്ങളില്‍ പങ്കാളിയായി. ഒരുപേക്ഷേ ഇതാദ്യമായിട്ടായിരിക്കും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ഒരു ട്രോള്‍ ഷെയര്‍ ചെയ്യുന്നത്. 48 ലക്ഷത്തിനു മേല്‍ ഫേസ്ബുക്ക് ലൈക്കുകളാണു മോഹന്‍ലാലിന്റെ പേജിലുള്ളത്. ആയിരക്കണക്കിന് ആരാധകരാണ് ട്രോള്‍ ഷെയര്‍ ചെയ്യുന്നത്.

×