Advertisment

കീഴൂർ-പെരുവ-അവർമ്മ റോഡ് നവീകരണം ആരംഭിച്ചു: മോൻസ് ജോസഫ് എംഎൽഎ

New Update

publive-image

Advertisment

കടുത്തുരുത്തി: സർക്കാർ തലത്തിലുണ്ടായ വിവിധങ്ങളായ സാങ്കേതിക പ്രശ്നങ്ങളും, തുടർച്ചയായി ഉണ്ടായ പ്രതികൂല കാലാവസ്ഥയും മൂലം മാസങ്ങളായി റോഡ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്ന കീഴൂർ-പെരുവ-അവർമ്മ റോഡിന്റെ റീ ടാറിംഗ് നവീകരണ പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ നടപ്പാക്കി വരുന്നതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

തലയോലപ്പറമ്പ്-കൂത്താട്ടുകുളം റോഡിൽ ഏറ്റവും കൂടുതൽ ശോച്യാവസ്ഥയിൽ കിടന്നിരുന്ന കീഴൂർ മുതൽ മൂർക്കാട്ടിപ്പടി വരെയുള്ള ഭാഗത്താണ് റീ ടാറിംഗ് ജോലികൾ ആദ്യം നടപ്പാക്കി വരുന്നത്.

ഇതേ തുടർന്ന് പെരുവ-അവർമ്മ റീച്ചിന്റെ വികസന ജോലികളും ഉടനെ തന്നെ നടപ്പാക്കുന്നതാണ്. ഹൈടെക് നിലവാരത്തിലുള്ള റോഡ് നവീകരണ പ്രവർത്തനങ്ങളാണ് കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കീഴൂർ-അവർമ്മ റീച്ചിൽ ഇപ്പോൾ നടപ്പാക്കിവരുന്നത്.

ഇതിനുവേണ്ടി പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.95 കോടി രൂപയാണ് മോൻസ് ജോസഫ് എംഎൽഎയുടെ പരിശ്രമ ഫലമായി ലഭിച്ചിട്ടുള്ളത്.

സർക്കാർ തലത്തിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളും, വിവിധ തടസ്സങ്ങളും മൂലം നിരവധി മാസങ്ങളാണ് കടന്ന് പോയത്. പൊതുമരാമത്ത്-റവന്യൂ വകുപ്പുകളുടെ തലത്തിൽ മോൻസ് ജോസഫ് എംഎൽഎ നിരന്തരമായി നടത്തിയ ഇടപെടലിനെ തുടർന്നാണ് സർക്കാർ തലത്തിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് റോഡ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ അനുകൂല സാഹചര്യം ഉണ്ടാക്കിയത്.

കഴിഞ്ഞ മെയ് മാസം നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയുന്ന വിധത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചെങ്കിലും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന പ്രതികൂല കാലാവസ്ഥയും, കോവിഡ് പശ്ചാത്തലത്തിൽ സംജാതമായ ലോക്ഡൗൺ പ്രതിസന്ധികളും നിർമ്മാണം ആരംഭിക്കുന്നതിന് വീണ്ടും തടസ്സം സൃഷ്ടിച്ചു.

ശക്തമായ മഴ തുടർന്നുകൊണ്ടിരുന്നത് മൂലം റോഡിന്റെ സ്ഥിതി കൂടുതൽ ശോച്യാവസ്ഥയിൽ ആയിത്തീർന്നു. ദുരിതപൂർണ്ണമായ ഈ സാഹചര്യം പരിഹരിക്കേണ്ടതിന്റെ ഗൗരവാവസ്ഥ കണക്കിലെടുത്തുകൊണ്ടാണ് പ്രശ്ന പരിഹാരത്തിന് വേണ്ടി സാധ്യമായ എല്ലാ നടപടികളും റോഡ് നവീകരണ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളതെന്ന് എംഎൽഎ വ്യക്തമാക്കി.

കീഴൂർ മുതൽ അവർമ്മ വരെ ഉന്നത നിലവാരത്തിലുള്ള ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗാണ് നടപ്പാക്കുന്നത്. പിറവം-കടുത്തുരുത്തി റോഡിന്റെ പെരുവ ടൗൺ ഭാഗവും റീടാറിംഗ് നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി മോൻസ് ജോസഫ് അറിയിച്ചു.

ഹൈടെക് നിലവാരത്തിലുള്ള റോഡ് ടാറിംഗ് ജോലികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതാണ്. ഇതേ തുടർന്ന് റോഡ് സുരക്ഷയ്ക്ക് ആവശ്യമായ സ്‌റ്റഡുകൾ റോഡിൽ പതിക്കുന്നതും, സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതുമാണ്. കീഴൂർ മുതൽ അവർമ്മ വരെയും, പെരുവ സെൻട്രൽ ജംഗ്ഷനിലും റോഡ് മാർക്കിംഗ് ഏർപ്പെടുത്തുന്നതാണ്.

കീഴൂർ-പെരുവ-അവർമ്മ റോഡ് ഇതുവരെ ശോച്യാവസ്ഥയിൽ ആയിരുന്നെങ്കിലും ഉന്നത നിലവാരത്തിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ തുടങ്ങിയതിലൂടെ മോഡൽ റോഡിന്റെ മുൻഗണനയിലേക്കാണ് തലയോലപ്പറമ്പ്-കൂത്താട്ടുകുളം റോഡ് മാറുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു.

kaduthuruthi news
Advertisment