നൊന്തുപെറ്റ മകനെ മരിക്കുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി കാണണം ;പത്തുവര്‍ഷം മുമ്പ് നാടുവിട്ട മകനെ തേടി അഗതി മന്ദിരത്തില്‍ നിന്നും 77കാരിയായ അമ്മയുടെ വിലാപം ; ബേക്കറി ജോലിക്കാരനായ മകനെ കണ്ടെത്താന്‍ വഴിയൊരുക്കി കേരള ബേക്കറി അസോസിയേഷന്‍ പ്രതിനിധികളും രംഗത്ത്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, May 16, 2018

നൊന്തുപെറ്റ മകനെ മരിക്കുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി കാണണം. മക്കളാലും ബന്ധുക്കളാലും അവഗണിക്കപ്പെട്ട ഈ അമ്മ കൊയിലാണ്ടിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയതും ഈ മകനെത്തേടിയാണ്.

അതിനായി ഇവിടെ എത്താന്‍ ഇവര്‍ക്കു പ്രേരണയായത്, മകനെ ഒരു കുഞ്ഞിനൊപ്പം തലസ്ഥാനത്തു കണ്ടതായി ഒരു കൊയിലാണ്ടി സ്വദേശി നല്‍കിയ വിവരം. അതിന്റെ ചുവട് പിടിച്ച് ഇവിടെയെത്തിയ അമ്മ കയ്യില്‍ പണമില്ലാതെ റെയില്‍വേ സ്റ്റേഷനില്‍ മകനെയും കാത്തിരുന്നു. കൊയിലാണ്ടി മുജുകുന്ന് പാലാടിമീത്ത് ജാനകിയാണു(72) മകനെ തേടി അലയുന്നത്.

നാലു ദിവസം കാത്തിട്ട് മടങ്ങാനായിരുന്നു അമ്മയുടെ തീരുമാനം. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പാണു മകന്‍ ഷാജി വീട്ടില്‍നിന്നും ജോലി തേടി പോയത്. അതിനുശേഷം തിരികെ വന്നിട്ടില്ല. കുടുംബത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണു മകന്‍ നാടുവിട്ടതെന്നു ജാനകി പറയുന്നു. നാടു വിടുമ്പോള്‍ 36 വയസ്സുണ്ടായിരുന്നു. മകന്‍ എവിടെയെങ്കിലും സമാധാനത്തോടെ കഴിയട്ടെയെന്നു കരുതി പൊലീസില്‍ പരാതിപ്പെടാനും ഈ അമ്മ തയാറായില്ല. എന്നാല്‍ ഷാജി വീടുവിട്ടതിനു ശേഷമുള്ള നാളുകള്‍ ജാനകിയ്ക്ക് കഷ്ടകാലത്തിന്റേതായിരുന്നു.

മൂത്ത രണ്ടുമക്കളും അമ്മയെ നോക്കാതെ കയ്യൊഴിഞ്ഞു. ബന്ധുക്കളും തഴഞ്ഞു. അന്തിയുറങ്ങാന്‍ വീടുപോലുമില്ലാതെ ജാനകി പത്തുവര്‍ഷം കഴിഞ്ഞത് വൃദ്ധസദനങ്ങളില്‍. ജീവിക്കാനായി വീട്ടുജോലിയും ചെയ്തു. ബേക്കറി ജോലിക്കാരനായിരുന്ന ഷാജി ഭാര്യാ ബന്ധുക്കളുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വീട് വിട്ടതെന്നു ജാനകി പറയുന്നു. അതോടെ ഷാജിയും അമ്മയും താമസിച്ച വീടിന് താഴും വീണു. മകന്‍ തിരികെ എത്തുമ്പോള്‍ വീട് തുറക്കാമെന്ന നിലപാടിലാണു മരുമകള്‍ എന്നും ഇവര്‍ പറയുന്നു. വീട്ടു ജോലിയെടുത്ത് ഉപജീവനം നടത്തുമ്പോഴാണ് മകനെ കണ്ടതായുള്ള വിവരം ജാനകിയെ തേടിയെത്തുന്നത്.

മുന്‍പ് മകന്‍ ജോലി ചെയ്ത ബേക്കറി ഉടമയാണു വിവരം ജാനകിയെ അറിയിച്ചത്. ഉടമയോടു തലസ്ഥാനത്ത് എത്തിയ ഒരു കൊയിലാണ്ടി സ്വദേശിയാണു വിവരം നല്‍കിയത്. ഇതു കേട്ട ഉടനെ മകനെ തേടി ഇറങ്ങാന്‍ ജാനകി തീരുമാനിച്ചു. എന്നാല്‍ കയ്യില്‍ പണമില്ലായിരുന്നു. അതിനാല്‍ വീണ്ടും വീട്ടുജോലിക്കു പോയി. അതില്‍ നിന്നും കിട്ടിയ ചെറിയ തുകയില്‍ ട്രെയിന്‍ കയറി തലസ്ഥാനത്തെത്തി. എന്നാല്‍ അമ്മയെ തേടി മകന്‍ എത്തിയില്ല. മകനെ കാത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന അമ്മയെ റെയില്‍വേ പോലീസ് അഗതിമന്ദിരത്തിലാക്കി. ബേക്കറി ജോലിക്കാരനായ മകനെ കണ്ടെത്താന്‍ വഴിയൊരുക്കി കേരള ബേക്കറി അസോസിയേഷന്‍ പ്രതിനിധികളും രംഗത്തുവന്നിട്ടുണ്ട്.

×