കാർബണും, ആമിയും സംസ്ഥാന അവാർഡിൽ നിന്നും പിൻവലിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി

ഫിലിം ഡസ്ക്
Tuesday, February 12, 2019

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ സംവിധാനം ചെയ്ത ആമിയും, വൈസ് ചെയർപേഴ്സൺ ബീന പോൾ എഡിറ്റിങ് നിർവ്വഹിച്ച്‌, ഭർത്താവ് വേണു സംവിധാനം ചെയ്ത കാർബൺ എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര അവാർഡ് മത്സരത്തിൽ നിന്നും പിൻവലിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. രണ്ടും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങളാണ്. അന്തരിച്ച എഴുത്തുകാരി കമല സുരയ്യയുടെ ജീവിത കഥയാണ് മഞ്ജു വാര്യർ നായികയായ ആമി. ഫഹദ് ഫാസിൽ ചിത്രമാണ് കാർബൺ.

156 ചിത്രങ്ങൾ പുറത്തിറങ്ങിയ 2018ൽ, 105 സിനിമകളാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കുള്ള മത്സരയിനത്തിലുള്ളത്. അക്കാഡമി ഭാരവാഹികളുടെ ചിത്രങ്ങൾ മത്സരിക്കുന്നതിലെ ധാർമ്മികതയാണ് വിഷയം. നിർമ്മാതാക്കളാണ് ചിത്രങ്ങൾ സമർപ്പിച്ചത്. മത്സരത്തിൽ തുടരണമെങ്കിൽ അക്കാഡമി ഭാരവാഹിത്വത്തിൽ നിന്നും പിൻവാങ്ങലാണ് കമലിനും, ബീനക്കും മുന്നിലെ പോംവഴി. എന്നാൽ നിർമ്മാതാക്കളും പിന്നോട്ടില്ലെന്ന നിലപാടിലാണ്.

നിയമാവലി പ്രകാരം, അക്കാഡമി അംഗങ്ങൾ വ്യക്തിപരമായ അംഗീകാരങ്ങൾക്ക്‌ അപേക്ഷിക്കുന്നതിൽ വിലക്കുണ്ട്. എന്നാൽ മറ്റു വിഭാഗങ്ങളിൽ പരിഗണിക്കപ്പെടുന്നതിൽ തടസ്സമില്ല. വരുന്ന ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിടുക്കപ്പെട്ട് അവാർഡ് പ്രഖ്യാപിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും വാദമുയരുന്നു. ഇതിനുള്ള ജൂറി രൂപീകരണവും എങ്ങും എത്തിയിട്ടില്ലെന്നും ആക്ഷേപമുയരുന്നു. ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ, ചലച്ചിത്ര അവാർഡ് കോടതികയറുന്ന അവസ്ഥയിലേക്കാവും നീങ്ങുക.

×