Advertisment

എംപി വീരേന്ദ്രകുമാറിന്റെ വിയോഗം കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവെന്ന് ഉമ്മന്‍ചാണ്ടി; വര്‍ത്തമാനകാലം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയെന്ന് പി.എസ്. ശ്രീധരന്‍പിള്ള; കേരളത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വമെന്ന് രമേശ് ചെന്നിത്തല...എംപി വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ അനുശോചനപ്രവാഹം

New Update

publive-image

Advertisment

കോഴിക്കോട്: രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ പ്രമുഖരുടെ അനുശോചന പ്രവാഹം.

മുഖ്യമന്ത്രി പിണറായി വിജയന്‍

വീരേന്ദ്രകുമാറിന്റെ മരണം കനത്തനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഈ വിയോഗം. പതിറ്റാണ്ടുകളുടെ വ്യക്തിബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. രാഷ്ട്രീയമായി ഭിന്നചേരിയിലായിരുന്നപ്പോഴും അദ്ദേഹവുമായി വ്യക്തിബന്ധം സൂക്ഷിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ഒരുമിച്ച് പോരാടിയിരുന്നു. ഒരേ ജയിലിലാണ് അക്കാലത്ത് കഴിഞ്ഞത്. അദ്ദേഹത്തിന്റെ സാഹിത്യ- മാധ്യമ രംഗത്തെ സംഭാവനകള്‍ വിലപ്പെട്ടതാണ്.

ഉമ്മന്‍ചാണ്ടി, മുന്‍ മുഖ്യമന്ത്രി

വീരേന്ദ്രകുമാറിന്റെ വേര്‍പാട് രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ വലിയ നഷ്ടം. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം സ്വന്തം വ്യക്തിത്വം പതിപ്പിച്ച് വിജയം കൊയ്ത നേതാവാണ്. ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.

പി എസ് ശ്രീധരന്‍പിള്ള, മിസോറാം ഗവര്‍ണര്‍

ജീവിത ആദര്‍ശവും കര്‍മപദവുമെല്ലാം മനുഷ്യനാണ്. മനുഷ്യന്റെ ആകുലതകളും വ്യാകുലതകളുമാണ് അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്. കോവിഡ് എങ്ങനെ അതിജീവിക്കുമെന്ന ആശങ്ക അദ്ദേഹം നാല് ദിവസം മുന്‍പ് പങ്കുവെച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ അനുഭവ ജ്ഞാനിയേയും നഷ്ടമായി.

രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്

കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ നഷ്ടമാണ് എം.പി വീരേന്ദ്രകുമാറിന്റെ വിയോഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഉജ്വലമായ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള നേതാവായിരുന്നു എം.പി വീരേന്ദ്രകുമാറെന്നും ചെന്നിത്തല പറഞ്ഞു.

വി.മുരളീധരന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു. രാഷ്ട്രീയത്തിനപ്പുറം പ്രമുഖ വ്യക്തിത്വം കൂടിയായിരുന്നു. സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ അനുഭാവം പുലര്‍ത്തുകയും ആ പ്രശ്‌നങ്ങളില്‍ ഇടപെഴുകുകയും ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ മുന്നോട്ട് കൊണ്ട് പോയത്.

കെകെ ശൈലജ, ആരോഗ്യമന്ത്രി

വീരേന്ദ്ര കുമാര്‍ സാര്‍ തനിക്ക് ഗുരുതുല്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അദ്ദേഹം എപ്പോഴുമൊരു ഇടതുപക്ഷ സഹയാത്രികനായിരുന്നു. തന്നോടദ്ദേഹത്തിന് വലിയ സ്നേഹവും വാത്സല്യവുമായിരുന്നു. പലപ്പോഴും തന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഗുരുതുല്യന്‍ കൂടിയാണ് അദ്ദേഹം.

മുല്ലപ്പള്ളി രാമചന്ദ്രന്‍, കെപിസിസി പ്രസിഡന്റ്‌

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുജ്ജ്വലനായ നേതാവ്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുജ്ജ്വലനായ നേതാവ് എന്ന നിലയില്‍ എന്റെ നാട്ടില്‍ അദ്ദേഹം പ്രസംഗിക്കാന്‍ വരുമായിരുന്നു. എന്റെ കുട്ടിക്കാലത്ത് തന്നെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. ഞങ്ങള്‍ എതിര്‍ ചേരിയിലാണ് പ്രവര്‍ത്തിച്ചതെങ്കില്‍ പോലും അദ്ദേഹവുമായി കഴിഞ്ഞ നാല്പത് വര്‍ഷമായി ആത്മബന്ധമുണ്ട്.

ഇപി ജയരാജന്‍, വ്യവസായ മന്ത്രി

ആരിലും ഞെട്ടലുളവാക്കുന്ന വാര്‍ത്തയാണ് ഈ വിയോഗവാര്‍ത്ത. സഹോദരിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് ഇന്നലെ തന്നെ വിളിച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നു. കേരളത്തെ ഇന്ന് കാണുന്ന സാംസ്‌കാരിക കേരളമാക്കി തീര്‍ക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ആദരണീയനായ നേതാവാണ് അദ്ദേഹം.

കുവൈത്ത് കെ.എം.സി.സി

തികഞ്ഞ മതേതര വിശ്വാസിയായ വീരേന്ദ്ര കുമാർ തത്വചിന്തകൻ, എഴുത്തുകാരൻ എന്നീ മേഖലകളിൽ വ്യകതിമുദ്രപതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നെന്നും, അദ്ദേഹത്തിന്റെ വിയോഗം ജനാതിപത്യ ഇന്ത്യക്ക് തീരാ നഷ്ടമാണെന്നും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment