Advertisment

വിടവാങ്ങിയത് മാധ്യമ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ കുലപതി; എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് സോഷ്യലിസ്റ്റ് പാരമ്പര്യം പ്രവൃത്തിയിലൂടെ ഉയര്‍ത്തിപ്പിടിച്ച നേതാവിനെ...

New Update

publive-image

Advertisment

എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ മലയാളനാടിന് നഷ്ടമാകുന്നത് സമസ്തമേഖലകളെയും സ്വാധീനിച്ച അപൂര്‍വ വ്യക്തിത്വത്തെ കൂടിയാണ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തില്‍ വീരേന്ദ്രകുമാര്‍ ഒരു അധ്യായമായിരുന്നു.

എഴുത്തുകാരന്‍, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി പത്രാധിപര്‍ ഒക്കെയായി രാഷ്ട്രീയ സാമൂഹിക സാസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകളായി നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു എംപി വീരേന്ദ്രകുമാറിന്റേത്‌. പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ച് പഠിക്കുകയും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും വീരേന്ദ്രകുമാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

ജനതാദൾ(എസ്), സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്), ജനതാദൾ(യുണൈറ്റഡ്) എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രസിഡന്റായും പ്രവർത്തിച്ചു. ലോക് താന്ത്രിക് ജനതാദൾ പാർട്ടി സ്ഥാപക നേതാവാണ്.

ജനനം, വിദ്യാഭ്യാസം...

സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഡൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പ്പറ്റയിലായിരുന്നു എംപി വീരേന്ദ്രകുമാറിന്റെ ജനനം.

മദ്രാസ് വിവേകാനന്ദ കോളേജില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദവും സ്വന്തമാക്കി.

1987ല്‍ സംസ്ഥാന വനംവകുപ്പ് മന്ത്രി; 48 മണിക്കൂറിനുള്ളില്‍ രാജി !

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുന്നത്. 1974ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയായി. 1975ൽ സംസ്ഥാനത്ത് പ്രതിപക്ഷ ഐക്യമുന്നണിയുടെ കൺവീനർ സ്ഥാനത്തേക്ക്. അടിയന്തിരാവസ്ഥക്കാലത്ത് ഒളിവിൽ പോയെങ്കിലും ഒമ്പത് മാസത്തിന് ശേഷം മൈസൂരിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു.

1977ൽ ജനത പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1983ൽ ജനത പാർട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ സ്ഥാനത്ത്. 1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു എംപി വീരേന്ദ്രകുമാറിന്റെ ആദ്യ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജി വച്ചു.

1997 ഫെബ്രുവരി 21 മുതൽ 1997 ജൂൺ 9 വരെ ദേവഗൗഡ മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രി. 1997 ജൂൺ 10 മുതൽ 1998 മാർച്ച് 19 വരെ ഐ കെ ഗുജ്റാൾ മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയോടെ തൊഴിൽ സഹമന്ത്രി, നഗരവികസന മന്ത്രാലയത്തിന്‍റെ അധിക ചുമതല കൂടിയുണ്ടായിരുന്നു വീരേന്ദ്രകുമാറിന്‌.

publive-image

1996ലും 2004ലും കോഴിക്കോട് ലോക്‌സഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ കോഴിക്കോട് സീറ്റ് ഇടതു മുന്നണി നിഷേധിച്ചതിനെത്തുടർന്ന് മുന്നണി ബന്ധം ഉപേക്ഷിച്ചു.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജനതാദൾ യുണൈറ്റഡുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് 2017ല്‍ രാജ്യസഭാംഗത്വം രാജിവച്ചു. പിന്നീട് യുഡിഎഫുമായുള്ള മുന്നണി ബന്ധം ഉപേക്ഷിച്ചു. ലോക് താന്ത്രിക് ജനതാദള്‍ രൂപീകരിച്ച ശേഷം 2018 മാര്‍ച്ചില്‍ ഇടതുമുന്നണിയുടെ പിന്തുണയോടെ വീണ്ടും രാജ്യസഭയിലെത്തി.

പ്ലാച്ചിമടയിലെ സമരം...

കൊക്കക്കോളയുടെ ശീതളപാനീയ നിർമാണ യൂണിറ്റിന്റെ പ്രവർത്തനം പ്രദേശത്തെ ജലസ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയ സമയം. പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായതിനാൽ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് 2002ൽ കേരളത്തിലെ പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിലെ ആദിവാസി ജനവിഭാഗം കുടിവെള്ളത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചു.

ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ മയിലമ്മയുടെ നേതൃത്വത്തില്‍ ചെറിയ ചെറിയ പ്രതിഷേധങ്ങള്‍ തുടങ്ങി. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്റെ നേതൃത്വത്തില്‍ സമരം ഊര്‍ജിതമായി.2004 ജനുവരി 21, 22, 23 തീയതികളില്‍ പ്ലാച്ചിമടയില്‍ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ജലസമ്മേളനം പ്ലാച്ചിമടയെ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കി. പോരാട്ട വീര്യം കൊക്കകോള കമ്പനിയെ അടച്ചു പൂട്ടാൻ നിർബന്ധിതരാക്കി.

രാഷ്ട്രീയത്തിന് പുറമേ മാധ്യമപ്രവര്‍ത്തനവും

മാതൃഭൂമി ദിനപ്പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായ എംപി വീരേന്ദ്രകുമാര്‍ മാധ്യമരംഗത്തെയും ശ്രദ്ധേയ വ്യക്തിത്വമായിരുന്നു. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പിടിഐ ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

publive-image

സാഹിത്യത്തിലും തിളങ്ങി; പുരസ്‌കാരങ്ങള്‍ തേടിയെത്തി

തത്വചിന്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു എംപി വീരേന്ദ്രകുമാര്‍. 'ഹൈമവതഭൂവില്‍' എന്ന രചനയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. ആമസോണും കുറേ വ്യാകുലതകളും എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

ഓടക്കുഴല്‍ പുരസ്‌കാരം, സി. അച്യുതമേനോന്‍ പുരസ്‌കാരം, നാലപ്പാടൻ പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്,സ്വദേശാഭിമാനി പുരസ്‌കാരം, മൂര്‍ത്തിദേവി പുരസ്‌കാരം, വയലാർ അവാർഡ്, തുടങ്ങി എണ്‍പതിലേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോൾ, പ്രതിഭയുടെ വേരുകൾ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, ഗാട്ടും കാണാച്ചരടുകളും, രോഷത്തിന്റെ വിത്തുകൾ, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം ബുദ്ധന്റെ ചിരി, സ്മൃതിചിത്രങ്ങൾ തുടങ്ങിയ കൃതികളും വീരേന്ദ്രകുമാറിന്റെ തൂലികയില്‍ നിന്ന് പിറന്നു.

കൃതികൾ

ഹൈമവതഭൂവിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2010)

സ്മൃതിചിത്രങ്ങൾ

അമസോണും കുറേ വ്യാകുലതകളും കേരള സാഹിത്യ അക്കാദമി പുരസ്കാരം(2002)

ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം

ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര

ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും

തിരിഞ്ഞുനോക്കുമ്പോൾ

പ്രതിഭയുടെ വേരുകൾ തേടി

അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ

ഗാട്ടും കാണാച്ചരടുകളും

രോഷത്തിന്റെ വിത്തുകൾ

രാമന്റെ ദുഃഖം

സമന്വയത്തിന്റെ വസന്തം

ബുദ്ധന്റെ ചിരി

Breaking...രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചു

Advertisment