Advertisment

അംബാനി കേസ്: അസി. പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയെ എൻഐഎ അറസ്റ്റ് ചെയ്തു 

New Update

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്തു കാറിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ കേസിൽ അസി. പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. രാത്രി കസ്റ്റഡിയിലെടുത്ത സച്ചിനെ എൻഐഎ ഓഫിസിൽ ചോദ്യം ചെയ്യുകയാണ്.

Advertisment

publive-image

കാറുമായി ബന്ധമുള്ള ഓട്ടോ പാർട്‌സ് ഡീലർ മൻസുക് ഹിരണിന്റെ ദുരൂഹമരണം, കാർ മോഷണ കേസ് തുടങ്ങിയവയിൽ മഹാരാഷ്ട്ര എടിഎസിന്റെ (തീവ്രവാദവിരുദ്ധസേന) അന്വേഷണവും സച്ചിൻ നേരിടുന്നുണ്ട്.

ശനിയാഴ്ച, താനെ സെഷൻസ് കോടതിയിൽ സച്ചിൻ വാസെ മുൻകൂർ ജാമ്യം തേടിയിരുന്നു. ജാമ്യാപേക്ഷയിൽ 19ന് വാദം കേൾക്കും. അതുവരെ ഇടക്കാല സംരക്ഷണം നൽകണമെന്ന വാസെയുടെ ആവശ്യം കോടതി തള്ളി.

ഹിരണിന്റെ മരണവുമായി വാസെയെ ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര എടിഎസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. വാസെ ഇന്നലെ എൻഐഎ ഓഫിസിൽ എത്തി മൊഴി നൽകിയിരുന്നു. ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എടിഎസും ചോദ്യം ചെയ്യും.

ആത്മഹത്യാ സൂചനയടങ്ങുന്ന വാസെയുടെ വാട്‌സാപ് സ്റ്റാറ്റസ് ഇന്നലെ സജീവ ചർച്ചയായി. ‘ലോകത്തോട് വിട പറയാനുള്ള സമയം അടുത്തു വരുന്നു എന്നാണ് എനിക്കു തോന്നുന്നത്' എന്നായിരുന്നു സ്റ്റാറ്റസ്. ഇതേക്കുറിച്ച് എൻഐഎ ഉദ്യോഗസ്ഥർ മാറിമാറി ചോദിച്ചിട്ടും വാസെ വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് വിവരം. സഹപ്രവർത്തകർ തന്നെ കേസിൽ കുരുക്കുകയാണെന്ന് വാസെ സ്റ്റാറ്റസിൽ ആരോപിച്ചിരുന്നു.

2004 മാർച്ച് 3ന് സിഐഡി ഉദ്യോഗസ്ഥൻമാർ കള്ളക്കേസിൽ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അന്നു തനിക്ക് 17 വർഷത്തെ സർവീസും പ്രതീക്ഷയും ജീവിതവും ബാക്കിയുണ്ടായിരുന്നു. എന്നാൽ ഇന്നു വീണ്ടും തന്നെ കെണിയിൽ പെടുത്താൻ ശ്രമിക്കുമ്പോൾ അതല്ല സ്ഥിതി-സ്റ്റാറ്റസിൽ പറയുന്നു.

കഴിഞ്ഞ മാസം 25ന് ആണ് ജെലറ്റിൻ സ്റ്റിക്കുകൾ, ഭീഷണിക്കത്ത് എന്നിവയുമായി കാർ മുകേഷ് അംബാനിയുടെ വസതിക്ക് സമീപം പാർക്ക് ചെയ്തിരുന്നതായി കണ്ടെത്തിയത്. അന്വേഷണം ഹിരണിലേക്ക് നീണ്ടതോടെ ഈ മാസം 5ന് ഹിരണിന്റെ മൃതദേഹം താനെ കടലിടുക്കിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ അറസ്റ്റിലാകാൻ സച്ചിൻ വാസെ ഭർത്താവിനെ നിർബന്ധിച്ചതായി ഹിരണിന്റെ ഭാര്യ വിമല പൊലീസിന് മൊഴി നൽകിയിരുന്നു.

വാഹനം ഭർത്താവിന് പരിചയമുള്ള ഡോ. പീറ്റർ ന്യൂട്ടന്റെതാണെന്നും വിമല വെളിപ്പെടുത്തി. കഴിഞ്ഞ 3 വർഷമായി കാർ ഭർത്താവിന്റെ കൈവശമുണ്ടായിരുന്നു. വാസെയെ പരിചയമുള്ള ഹിരൺ 2020 നവംബറിൽ ഈ കാർ അദ്ദേഹത്തിന് നൽകി. കഴിഞ്ഞ മാസം 5ന് വാസെയുടെ ഡ്രൈവർ കാർ താനെയിലുള്ള ഹിരണിന്റെ കടയിൽ തിരിച്ചെത്തിച്ചിരുന്നു. പിന്നീടാണ് കാർ മോഷണം പോകുന്നതും അംബാനിയുടെ വസതിയുടെ മുൻപിൽ കണ്ടെത്തുന്നതും.

ഹിരണിന്റെ സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട് വാസെയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുംബൈ ക്രൈം ഇന്റലിജൻസ് യൂണിറ്റിൽ (സിഐയു) നിന്ന് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററിലേക്ക് വാസെയെ സ്ഥലംമാറ്റിയിട്ടുണ്ട്. ഹിരണിന്റെ മരണം കൊലപാതകമാണെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ടെന്ന് എടിഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

mukesh ambani
Advertisment