Advertisment

വണ്ടികൾ കയറാൻ കൊതിച്ച് പാലം : പാലം കയറാൻ കൊതിച്ച് വണ്ടികൾ ! 62 വർഷം കഴിയുന്നു, ചെങ്ങോലപ്പാടത്തെ ദുരിതത്തിന്!

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

മുളന്തുരുത്തി . കേരളത്തിൽ വികസനം എന്നത് വാഗ്ദാനങ്ങളും നിർമ്മാണ പ്രവർത്തനങ്ങളുടെ ആഘോഷകരമായ ഉദ്ഘാടനവും ആണോ എന്ന് കുറച്ച് വിവരമുള്ള ആർക്കും തോന്നാം. അതുകൊണ്ട് പുതിയ പദ്ധതികൾ വരാൻ പോകുന്നു എന്ന് പറഞ്ഞാൽ ജനം വലിയ വിലകൽപിയ്ക്കാറുമില്ല.

മുളന്തുരുത്തിയിലെ ചെങ്ങോലപ്പാടം റയിൽവെ മേൽപ്പാലത്തിന്റെ അവസ്ഥ നോക്കൂ. 39 കോടി രൂപയാണ് ജോസ് കെ.മാണി പ്രസ്തുത മേൽപ്പാലത്തിനായി അഞ്ചു വർഷം മുമ്പ് അനുവദിപ്പിച്ചത്.

 

publive-image

തമിഴ്നാട് ആസ്ഥാനമായ കമ്പനി പാലം പണിയാൻ കരാറെടുത്തു. നിർമ്മാണോദ്ഘാടനം കഴിഞ്ഞ് പണി തുടങ്ങിയപ്പോൾ കോണ്ക്രീറ്റ് കൂട്ടാൻപോലും അറിയാത്ത, മുളന്തുരുത്തി യിലെ ചുമട്ടുതൊഴിലാളികൾ സമരവും തുടങ്ങി. പണിമുടക്കിയും പണിമുടങ്ങിയും പണിതുടങ്ങിയും പിന്നെയും മുടക്കിയും പിന്നെ തുടങ്ങിയും പാലം പണി ഇഴഞ്ഞു നീങ്ങി.

publive-image

മൂന്ന് മൂന്നര വർഷം കൊണ്ട് ഒരു വിധത്തിൽ പാലം പണി പൂർത്തിയാക്കി കരാറുകാരൻ സ്ഥലംവിട്ടു. വണ്ടികൾ പാലം കയറണമെങ്കിൽ അപ്രോച്ച് റോഡ് പൂർത്തിയാകേണ്ടിയിരിയ്ക്കുന്നു. അപ്രോച്ച് റോഡിന് വേണ്ടി ഇതുവരെ സ്ഥലം അക്വയർ ചെയ്തിട്ടില്ല.

റെയിൽപാത കടന്നു പോകുന്നതിന് ഇരുവശത്തും ഉള്ള കണ്ടത്തിന്റ ഉടമകൾ സ്ഥലം വിട്ടു കൊടുക്കാത്തതാണ് അപ്രോച്ച് റോഡിന്റെ പണി ആരംഭിയ്ക്കാത്തത്. മതിയായ വില അധികൃതർ നൽകാത്തതാണ് സ്ഥലം വിട്ടു കൊടുക്കുന്നതിനുള്ള ഏക തടസ്സം.

പല വികസന പദ്ധതികളും കേരളത്തിൽ അനന്തമായി നീളുന്നതിനു പ്രധാന കാരണം ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടാകുന്ന പിടിവാശിയും കെടുകാര്യസ്ഥതയും കൊണ്ടാണെന്ന് മുടങ്ങി കിടക്കുന്ന പദ്ധതികൾ പറഞ്ഞു തരും. ഏതു പദ്ധതി വരുമ്പോഴും അതിനെ തുരങ്കം വയ്ക്കാൻ ചില ഉദ്യോഗസ്ഥർ ഉണ്ടാകും. ആർക്കൊക്കെയോ വേണ്ടി വിടുപണി ചെയ്യാൻ, ജനങ്ങളുടെ അവകാശവും ആവശ്യവും നിഷേധിക്കുന്ന, താമസിപ്പിയ്ക്കുന്ന ഉദ്യോഗസ്ഥരെ ഈ ജോലികൾ ചെയ്യാൻ അനുവദിയ്ക്കരുത്.

ചെങ്ങോലപ്പാടം ലെവൽ ക്രോസിൽ വാഹനങ്ങൾക്ക് മുന്നിൽ ഗേറ്റ് അടയ്ക്കുകയും തുറക്കുകയും ചെയ്യാൻ തുടങ്ങിയിട്ട് 62 വർഷം കഴിയുന്നു. അതായത് 1956 ൽ എറണാകുളം - കോട്ടയം പാതയിൽ ട്രെയിൻ ഗതാഗതം തുടങ്ങിയ അന്ന് മുതൽ. ഇനിയും ജനങ്ങളുടെ ക്ഷമയെ പരീക്ഷിയ്ക്കുന്നത് അവസാനിപ്പിയ്ക്കണം.

publive-image

ഈയിടെ റയിൽവേ ട്രാക്ക് നവീകരിച്ചപ്പോൾ ഗെയിറ്റിനകത്തെ ടാർ ചെയ്ത ഭാഗമെല്ലാം കുത്തി ഇളക്കിയിട്ടിരിയ്ക്കുകയാണ്. വണ്ടികൾ ഇതിലെ വളരെ പ്രയാസപ്പെട്ടാണ് കടന്ന് പോകുന്നത്. ടൂവീലറുകളും ഓട്ടോ റിക്ഷകളും തുടങ്ങി ചെറുവാഹനങ്ങൾ ഇതിനകത്തെ കുഴികളിൽ വീഴുന്നത് പതിവാണ്. ശബരിമല സീസണിൽ വാഹനങ്ങളുടെ നീണ്ട നിരകൾ തന്നെ ആയിരിക്കും എപ്പോഴും ഇവിടെ.

ഇച്ഛാശക്തിയും സാമൂഹിക പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതൃത്വം ഈ വിഷയത്തിൽ വളരെ അടിയന്തിരമായി ഇടപെടേണ്ടി വന്നിരിയ്ക്കുകയാണ്. പദ്ധതികൾ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു കൊടുത്തു കഴിഞ്ഞാൽ അവരുടെ അലംഭാവവും പിടിവാശിയും മൂലം പദ്ധതികൾ തകരും.

അഞ്ച് വർഷം മുമ്പ് ഉള്ള എസ്റ്റിമേറ്റ് ആയിരിയ്ക്കില്ല ഇപ്പോൾ കരാറുകാരൻ സമർപ്പിയ്ക്കുന്നത്. കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്നും അധികമായി വരുന്ന എസ്റ്റിമേറ്റ് തുക ഈടാക്കുന്നതാവും അവർക്ക് നൽകാവുന്ന പരമാവധി ശിക്ഷ.

ERNAKULAM
Advertisment