Advertisment

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ! പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്തു നിന്നുള്ള മുരളീധരന്റെ രാജിക്കു പിന്നില്‍ ഗ്രൂപ്പുവ്യത്യാസമില്ലാതെ കെപിസിസി പ്രസിഡന്റിനെതിരിയെള്ള പടപ്പുറപ്പാടിന്‍റെ തുടക്കം. ഗ്രൂപ്പുകളെ തമ്മിലടിപ്പിച്ചുള്ള മുല്ലപ്പള്ളിയുടെ നീക്കങ്ങള്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ? തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ മുല്ലപ്പള്ളിയെ മാറ്റി കരുത്തനായ നേതാവിനെ കൊണ്ടുവരണമെന്നും ആവശ്യം. നേതാക്കളുടെ മനസ്സിലുള്ളത് ഉമ്മന്‍ചാണ്ടി തന്നെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെക്കൂടി സ്ഥാനത്തുനിന്നും മാറ്റിയാല്‍ മാത്രമെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടന പൂര്‍ത്തിയാകുവെന്ന കടുത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍. പിസിസി പ്രസിഡന്റ് എന്ന നിലയില്‍ മുല്ലപ്പള്ളിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നാണ് പല നേതാക്കളുടെയും നിലപാട്. മുല്ലപ്പള്ളിക്ക് പകരം ശക്തനായ നേതാവ് വേണം അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം കേരളത്തിലെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നും കെ മുരളീധരന്‍ എംപി രാജി വച്ചിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്നതു പാലിക്കാനായാണ് തന്റെ രാജി എന്നാണ് മുരളീധരന്‍ പരസ്യമായി പറഞ്ഞത്. എന്നാല്‍ മുല്ലപ്പള്ളിക്കെതിരായ നീക്കത്തിന്റെ ഭാഗമായാണ് മുരളീധരന്റെ രാജിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

സാമൂഹിക മാധ്യമങ്ങളിലടക്കം തന്റെ രാജികത്ത് പോസ്റ്റു ചെയ്തിരുന്നുവെങ്കിലും അതു പിസിസി പ്രസിഡന്റിന് നല്‍കാന്‍ മുരളി തയ്യാറായില്ല. കേരളത്തിലെ പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന ഒളിയമ്പെയ്യാനും ഇതിനു ശേഷം മാധ്യമങ്ങളെ കണ്ട മുരളീധരന്‍ മറന്നില്ല.

publive-image

മുല്ലപ്പള്ളിക്കെതിരായ നീക്കങ്ങളൊക്കെയും കേരളത്തിലെ ഗ്രൂപ്പു വ്യത്യാസമില്ലാതെ എല്ലാവരുടെയും ആശീര്‍വാദത്തോടെയാണ്. മുല്ലപ്പള്ളി ഏതെങ്കിലും ഗ്രൂപ്പിന്റെ വക്താവല്ല എന്നു ആവര്‍ത്തിക്കുമ്പോഴും കേരളത്തില്‍ ഗ്രൂപ്പുപോരിന് കളമൊരുക്കുന്നുവെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. ഗ്രൂപ്പുകളെ പരസ്പരം പോരടിപ്പിച്ച് അതില്‍ നിന്നും നേട്ടമുണ്ടാക്കാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നതെന്നും ഇവര്‍ക്ക് പരാതിയുണ്ട്.

മുല്ലപ്പള്ളി നടത്തിയ പരിപാടികളുടെ പിന്തുണയില്ലായ്മയും മാധ്യമങ്ങള്‍ പോലും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും എതിരാളികള്‍ പറയുന്നുണ്ട്. അണികളെ ആകര്‍ഷിക്കാന്‍ തക്ക ഒരു പ്രവര്‍ത്തനവും ഇതുവരെ മുല്ലപ്പള്ളിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും വിമര്‍ശനമുണ്ട്.

കേരളത്തില്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന നീക്കളൊക്കെയുമെന്നും എ,ഐ ഗ്രൂപ്പുകള്‍ ഒരു പോലെ സംശയിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി ഗ്രൂപ്പ് തിരിഞ്ഞ് അടി നടന്നാല്‍ ഹൈക്കമാന്‍ഡിന്റെ പ്രതിനിധിയായി തനിക്ക് കസേര ഉറപ്പിക്കാമെന്നാണ് മുല്ലപ്പള്ളിയുടെ കണക്കുക്കൂട്ടലെന്നും ഇവര്‍ പറയുന്നു. പക്ഷേ മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അതു പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് പല നേതാക്കളുടെയും പക്ഷം.

മുല്ലപ്പള്ളിക്ക് പകരം കരുത്തനായ ഒരു നേതാവ് നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് ഇവരുടെ ആവശ്യം. ഈ നേതാക്കളുടെ പലരുടെയും മനസിലുള്ള പേര് ഉമ്മന്‍ചാണ്ടിയുടേതാണ്. ഉമ്മന്‍ചാണ്ടി പിസിസി പ്രസിഡന്റായാല്‍ പാര്‍ട്ടി സംവീധാനം കൂടുതല്‍ ചലനാത്മകമാകുമെന്നും ഇവര്‍ പറയുന്നു. ഈയാവശ്യവുമായി ഉടന്‍ തന്നെ കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ പരസ്യമായി രംഗത്തുവന്നേക്കും.

mullappally ramachandran
Advertisment