Advertisment

കോണ്‍ഗ്രസ് പാര്‍ട്ടി ആള്‍ക്കൂട്ടമല്ല; കൂട്ടായ്മ : മുല്ലപ്പള്ളി

New Update

publive-image

Advertisment

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി ആള്‍ക്കൂട്ടമല്ലെന്നും അത് കൂട്ടായ്മയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ 11-ാം ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്തു കെപിസിസി ആസ്ഥാനത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അച്ചടക്കവും ഐക്യവുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. രാഷ്ട്രീയ രംഗത്തെ മലീമസമാക്കുന്ന ഊഹാപോഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും പിറകെ ഒരു പ്രവര്‍ത്തകനും പോകരുത്. വലിയ മാറ്റം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കൂട്ടായ നേതൃത്വത്തിന്റെ കീഴില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോയാല്‍ നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും. മാറ്റം പ്രതീക്ഷിക്കുന്ന ജനത ആഗ്രഹിക്കുന്നതും അതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുമായി ബന്ധപ്പെട്ട് എഐസിസി പ്രാരംഭഘട്ട ചര്‍ച്ച പോലും നടത്തിയിട്ടില്ല. ഓരോ നിയോജക മണ്ഡലത്തേയും വ്യക്തമായി പഠിച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തും. കഴിവും ജനസ്വീകാര്യതയും മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പൊതുമാനദണ്ഡം. അവശ-ദുര്‍ബല വിഭാഗങ്ങള്‍ക്കും യുവജനങ്ങള്‍ക്കും മഹിളകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നു. അത് ആശാസ്യമല്ല. കെപിസിസിയാണ് കോണ്‍ഗ്രസിന്റെ അന്തിമമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത്. എഐസിസിയാണ് കോണ്‍ഗ്രസിന്റെ നയവും നിലപാടും വ്യക്തമാക്കേണ്ടത്. അതിനപ്പുറത്ത് നിന്ന് ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അത് പാര്‍ട്ടി തീരുമാനമാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു

സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാര്‍ അവതരിപ്പിച്ച സമ്പൂര്‍ണ്ണ ബജറ്റ് രാഷ്ട്രീയ അധാര്‍മികതയാണ്. പരമാവധി വോട്ടോണ്‍ അക്കൗണ്ട് പാസാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.

നാലേമുക്കാല്‍ വര്‍ഷം ഭരിച്ച് നാടിനെ മുടിക്കുകയും അഴിമതിയും സ്വര്‍ണ്ണക്കടത്ത് നടത്തുകയും ചെയ്ത ശേഷം അവസാന നാളുകളില്‍ പാലും തേനും ഒഴുക്കുമെന്ന് ബജറ്റില്‍ പറയുന്നത് വെറും തട്ടിപ്പാണ്. അത് വിശ്വസിക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തയ്യാറാകില്ല.

ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയത് കോണ്‍ഗ്രസ് സര്‍ക്കാര്‍

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരാണ്. മറിച്ചുള്ള സിപിഎമ്മിന്റെ അവകാശവാദം തെറ്റാണ്.അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ കാലാനുസൃതമായി നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ മാത്രമാണ് ക്ഷേമ പെന്‍ഷനും സൗജന്യ കിറ്റും.

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പാവങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിച്ചു. നാളിതുവരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തുലോം നിസ്സാരമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

സര്‍ക്കാരിന്റെ പോക്ക് തെറ്റുകളിലേക്ക്

തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കാണ് ഈ സര്‍ക്കാര്‍ പോകുന്നത്.സര്‍ക്കാരിന്റെ ക്രമക്കേടുകളും തെറ്റുകളും മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു. അതിന്റെ ഭാഗമാണ് സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ സര്‍ക്കാരിനെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് മാധവ നമ്പ്യാര്‍ കമ്മിറ്റി നല്‍കിയത്. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയ ധനമന്ത്രിയുടെ ഗുരുതരമായ ചട്ടലംഘനത്തെ സംരക്ഷിക്കാനാണ് നിയമസഭ എത്തിക്‌സ് കമ്മിറ്റി ഏകപക്ഷീയമായി ശ്രമിച്ചത്.

അഭ്യസ്തവിദ്യരായ യുവാക്കളെ ഈ സര്‍ക്കാര്‍ വഞ്ചിച്ചു. തൊഴിലില്ലായ്മ രൂക്ഷമായി തുടരുമ്പോഴും സിപിഎമ്മിന്റെ ഇഷ്ടക്കാര്‍ക്ക് പിന്‍വാതില്‍ വഴി നിയമനം നല്‍കി സ്ഥിരപ്പെടുത്തുകയാണെന്നും ഇത് കൊടിയ അനീതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഎം സെക്രട്ടറി വര്‍ഗീയത പ്രചരിപ്പിക്കുന്നു

സിപിഎം സെക്രട്ടറി വര്‍ഗീയത പ്രചരിപ്പിക്കുകയും അത് ആളിക്കത്തിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തീവ്ര വര്‍ഗീയ ശക്തികളുമായി സമരസ്സപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. ബിജെപിയും എസ്ഡിപിഐയുമായി രഹസ്യധാരണ ഉണ്ടാക്കിയ ശേഷം സിപിഎം മതേതരത്വത്തിന്റെ വക്താക്കളെന്ന പൊയ്മുഖം അണിയുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഭിന്നശേഷിക്കാരെ ഈ സര്‍ക്കാര്‍ അവഗണിച്ചു.അവരുടെ പുനരധിവാസത്തിനായി ഒന്നും ചെയ്തില്ല. വികലാംഗപെന്‍ഷന്‍ കോവിഡ് കാലത്ത് 5000 രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ചികിത്സാ സഹായം ഉറപ്പാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ഇവര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് അടിയന്തരമായി പുനസ്ഥാപിക്കണം.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഭിന്നശേഷിക്കാരുടെയും ട്രാന്‍സ്‌ജെന്റേഴ്‌സ് വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം ഉണ്ടാകും. യുഡിഎഫിന്റെ നേതൃത്വത്തില്‍ വരാന്‍ പോകുന്ന ജനപക്ഷ സര്‍ക്കാര്‍ സാമൂഹ്യനീതി ഉറപ്പാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡിഎപിസി പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ വിജയന്‍ തോമസ്, ഡോ. സോന, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെപിസിസി സെക്രട്ടറി ഹരീന്ദ്രനാഥ്, കമ്പറ നാരായണന്‍, ഡിഎപിസി ഭാരവാഹികളായ സിഎസ് തോമസ്, പിസി ജയകുമാര്‍, വെങ്ങാനൂര്‍ പ്രസാദ്, ഊരൂട്ടമ്പലം വിജയന്‍, കടകംപള്ളി ഹരിദാസ്, ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

mullappally ramachandran
Advertisment