Advertisment

ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമപരമായി സാധിക്കുന്നതെല്ലാം ചെയ്യും: മുല്ലപ്പള്ളി

New Update

publive-image

Advertisment

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നിയമപരമായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നാരങ്ങനീര് നല്‍കി നിരാഹാരസമരം അവസാനിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇച്ഛാശക്തിയുള്ള സര്‍ക്കാരല്ല കേരളം ഭരിക്കുന്നത്. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയ്യാറായില്ല, സമരക്കാരെ കലാപകാരികളായി ചിത്രീകരിച്ച് അധിക്ഷേപിക്കാനും അപമാനിക്കാനുമാണ് ശ്രമിച്ചത്. ഉദ്യോഗാര്‍ത്ഥികളുടെ പോരാട്ടത്തെ രാഷ്ട്രീയവത്കരിച്ച് തകര്‍ക്കാനാണ് ശ്രമിച്ചത്.

ജനങ്ങളോടും യുവതയോടും ഒരു പ്രതിബദ്ധതയില്ലാത്ത സര്‍ക്കാരാണിത്. ഹൃദയമില്ലാത്ത ഭരണാധികാരികളാണ് മന്ത്രിസഭയിലുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിന് അവസരം ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറായില്ല. ഉദ്യോഗാര്‍ത്ഥികള്‍ സമരമുഖത്തായിരുന്നപ്പോള്‍ സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്ന തിരക്കിലായിരുന്നു.

അനര്‍ഹമായ നിരവധി പിന്‍വാതില്‍ നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. എല്ലാ അനര്‍ഹമായ നിയമനങ്ങളും യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കുമെന്നും സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗര്‍ത്ഥികളെ സന്ദര്‍ശിച്ച ശേഷം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറപ്പ് നല്‍കി.

ന്യായമായ സമരങ്ങളെ മുഖ്യമന്ത്രി അധിക്ഷേപിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിഎസ്‌സി ഉദ്യോഗര്‍ത്ഥികളെ ഈ സര്‍ക്കാര്‍ വഞ്ചിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും അഭിപ്രായപ്പെട്ടു.

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, ബെന്നി ബെഹനാന്‍ എംപി,കെപിസിസി വൈസ് പ്രസിഡന്റുമാരായ പിസി വിഷ്ണുനാഥ്, ശരത്ചന്ദ്ര പ്രസാദ്,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന്‍ തുടങ്ങിയവരും സമരപന്തല്‍ സന്ദര്‍ശിച്ചു.

പിഎസ്സ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന്‍ എംഎല്‍എയും നിരാഹാര സമരം നടത്തിയിരുന്നു. അവരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് രണ്ടാംഘട്ട സമരങ്ങളുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍എസ് നുസൂര്‍, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവര്‍ നിരാഹാര സമരം നടത്തിയത്.

mullappally ramachandran
Advertisment