Advertisment

മുംബൈയില്‍ നൂറിലധികം റസ്റ്റോറന്റുകളിലും പബ്ബുകളിലുമുണ്ടായിരുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി; നടപടി ലോവര്‍ പരേലിലെ പബ്ബിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍

New Update

മുംബൈ: മുംബൈയില്‍ നൂറിലധികം റസ്റ്റോറന്റുകളിലും പബ്ബുകളിലുമുണ്ടായിരുന്ന ഒട്ടേറെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി. ലോവര്‍ പരേലിലെ റൂഫ്‌ടോപ് പബ്ബിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അധികൃതരാണ് നഗരപരിധിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയത്.

Advertisment

ഇതുവരെ 314 സ്ഥലങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി. 624 ഇടങ്ങളിലെ പരിശോധന ഇതുവരെ പൂര്‍ത്തിയാക്കി.ഏഴു ഹോട്ടലുകള്‍ പൂട്ടി സീല്‍ ചെയ്തു. മതിയായ സുരക്ഷ കൂടാതെ സൂക്ഷിച്ചിരുന്ന 417 എല്‍പിജി ഗാസ് സിലിന്‍ഡറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയതിന് ഇതുവരെ മൂന്നു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 24 വാര്‍ഡുകളുള്ള ബിഎംസിയില്‍ മൂന്നു വീതം ടീമുകളാണ് ഓരോ വാര്‍ഡിലും റസ്റ്ററന്റുകളും പബ്ബുകളും തട്ടുകടകളും കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഓരോ ടീമിലും കുറഞ്ഞത് 10 അംഗങ്ങളുണ്ടായിരുന്നു.

publive-image

ആരോഗ്യ, ഭരണ വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ നടപടിയില്‍ പങ്കെടുത്തു. പരിശോധനയില്‍ അനധികൃതമെന്ന് വ്യക്തമായ നിര്‍മാണങ്ങള്‍ അപ്പോള്‍ത്തന്നെ പൊളിച്ചുനീക്കിയതായാണ് റിപ്പോര്‍ട്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. ഇതിനായി അവധിയിലുള്ള ഉദ്യോഗസ്ഥരോടും തൊഴിലാളികളോടും ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ വിശദമായ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കാനാണ് തീരുമാനം.

മുംബൈ ലോവര്‍ പരേലിലെ റൂഫ്‌ടോപ് പബ്ബില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പിറന്നാളാഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ 11 സ്ത്രീകള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലോവര്‍ പരേല്‍ സേനാപതി ബാപ്പട് മാര്‍ഗിലെ കമലാ മില്‍സ് കോംപൗണ്ടില്‍ മൂന്നു നില കെട്ടിടത്തിന്റെ ടെറസില്‍ പ്രവര്‍ത്തിച്ചിരുന്ന പബ്ബിലായിരുന്നു അപകടം. 21 പേര്‍ക്കു ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിലെ അനധികൃത നിര്‍മാണത്തിനും സുരക്ഷാ വീഴ്ചകള്‍ക്കും നേരെ കോര്‍പറേഷന്‍ കണ്ണടയ്ക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിഎംസി കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു.

അതേസമയം, അപകടം നടന്ന പബ്ബിന്റെ ഉടമകളായ ഹൃദേഷ് സാങ്‌വി, ജിഗര്‍ സാങ്‌വി, അഭിജീത് മാന്‍ക എന്നിവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 337, 338 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇവരില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ നടപടിക്രമങ്ങളിലെ വീഴ്ചയ്ക്കു ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ (ബിഎംസി) അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

fire
Advertisment