Advertisment

മലപ്പുറം സ്വദേശിയുടെ കുടുംബം മാപ്പു നല്‍കി ;കുവൈത്തില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശി അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: കുവൈത്തില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശി അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്നാണ് ശിക്ഷയിളവ് കിട്ടിയത്.

Advertisment

publive-image

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം സ്വരൂപിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങളാണ് നേതൃത്വം നല്‍കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചെന്ന് മുനവ്വറലി തങ്ങള്‍ തന്നെയാണ് അറിയിച്ചത്.

കുവൈത്തില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് അര്‍ജുനന് വധശിക്ഷ വിധിച്ചത്. ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്റ്റംബറിലായിരുന്നു സംഭവം. വധശിക്ഷ കാത്തിരിക്കുന്ന അര്‍ജുനന് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയാല്‍ ശിക്ഷായിളവ് ലഭിക്കുമായിരുന്നു.

കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. പണം കണ്ടത്താന്‍ കഴിയാതെ വന്നതോടെ അര്‍ജ്ജുന്റെ കുടുംബം പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തി മുനവ്വറലി തങ്ങളോട് സഹായം തേടുകയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ ഇടപെട്ട് 25 ലക്ഷം രൂപ സമാഹരിച്ച് കുടുംബത്തിന് നല്‍കുകയായിരുന്നു.

കൊല്ലപ്പെട്ടയാളുടെ കുടുംബം അര്‍ജ്ജുന് മാപ്പ് നല്‍കിയതോടെ കുവൈത്ത് സര്‍ക്കാര്‍ വധശിക്ഷ റദ്ദാക്കിയിരിക്കുകയാണ് ഇപ്പോള്‍. പകരം ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കണം.

Advertisment