Advertisment

ലോക്ഡൗണ്‍ കാലത്ത് മുണ്ടക്കയം ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം കടത്തി നേടിയത് കാല്‍ക്കോടി രൂപ ! മദ്യം ബിവറേജില്‍ നിന്നും കടത്തി ആദ്യം റബര്‍ തോട്ടത്തില്‍ നിക്ഷേപിക്കും; പിന്നീട് മുണ്ടക്കയം ടൗണിലെ ശേഖരണ കേന്ദ്രത്തില്‍ എത്തിച്ചു. മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കല്‍ പഞ്ചായത്തുകളില്‍ മദ്യം വിറ്റത് കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ ! ബിവറേജിലെ താല്‍ക്കാലിക ജീവനക്കാരന്‍ കോവിഡ് സന്നദ്ധ സേനയുടെ തിരിച്ചറിയല്‍ കാര്‍ഡും സമ്പാദിച്ചു ? മുണ്ടക്കയത്തെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം കടത്തി വിറ്റത് വിപുലമായ വിതരണ സംവീധാനത്തോടെ. ഒരുമാസത്തിനിടെ 2000 ലിറ്ററിലധികം വിദേശമദ്യം പ്രദേശത്ത് വിറ്റഴിച്ചിട്ടും ഒന്നുമറിയാത്ത എക്‌സൈസിന്റെ നിലപാടിലും സംശയം !

New Update

കോട്ടയം: ലോക്ഡൗണ്‍ കാലത്ത് മുണ്ടക്കയത്തെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും ജീവനക്കാരുടെ സഹായത്തോടെ കടത്തിയ 10ലക്ഷം രൂപയുടെ മദ്യം വിറ്റ് പ്രതികള്‍ നേടിയത് 25 ലക്ഷം രൂപ വരെ. വിപുലമായ വിതരണ സംവീധാനത്തോടെയാണ് പ്രതികള്‍ മദ്യം കടത്തിയത്. താല്‍ക്കാലിക ജീവനക്കാരുടെ സഹായത്തോടെ ജീവനക്കാരാണ് ഈ തട്ടിപ്പു നടത്തിയത്.

Advertisment

publive-image

രാത്രിയോടെ ഔട്ട്‌ലെറ്റില്‍ നിന്നും തൊട്ടടുത്ത റബര്‍ തോട്ടത്തില്‍ എത്തിച്ചിരുന്ന മദ്യം പിന്നീട് പ്രദേശത്തെ ഒരു കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. പലപ്പോഴായാണ് 2000 ലിറ്ററിലേറെ മദ്യം കടത്തിയത്. ഇതു സംബന്ധിച്ച് എക്‌സൈസിനും വിവരം ലഭിച്ചിരുന്നെങ്കിലും ആരെയും പിടികൂടാനായിരുന്നില്ല.

മുണ്ടക്കയത്തെ പെട്രോള്‍ പമ്പ് ജംഗ്ഷനിലുള്ള കെട്ടിടത്തില്‍ നിന്നും മദ്യം ചില്ലറയായി മുണ്ടക്കയത്തിന് സമീപത്തുള്ള പല കേന്ദ്രങ്ങളിലും എത്തിക്കുകയായിരുന്നു. മുണ്ടക്കയം പഞ്ചായത്തിന് പുറമെ കൂട്ടിക്കല്‍, കോരുത്തോട് പഞ്ചായത്തുകളിലായിട്ടായിരുന്നു വിതരണം. മദ്യവിതരണം നടത്തുന്നതിനായി ബിവറേജിലെ ഒരു ജീവനക്കാരന്‍ കോവിഡ് സന്നദ്ധ പ്രവര്‍ത്തകന്റെ തിരിച്ചറിയല്‍ കാര്‍ഡും ശേഖരിച്ചിരുന്നു.

സന്നദ്ധ പ്രവര്‍ത്തനത്തിനായുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്ന മറവിലായിരുന്നു അനധികൃത മദ്യക്കച്ചവടവും. വിലകുറഞ്ഞ മദ്യത്തിനടക്കം മൂന്നിരട്ടി ഈടാക്കിയായിരുന്നുവില്‍പ്പന. ഇതുവഴി 25 ലക്ഷത്തിലേറെ രൂപയാണ് ഇവര്‍ക്ക് കിട്ടിയത്.

ഓരോ പഞ്ചായത്തിലും രണ്ടിലേറെ വിതരണക്കാരെയാണ് ഇവര്‍ കണ്ടെത്തിയത്. പണം മുന്‍കൂര്‍ വാങ്ങാതെയാണ് ഇവര്‍ മദ്യം നല്‍കിയത്. വിറ്റതിനു ശേഷം പണം നല്‍കുകയായിരുന്നു ആദ്യം ചെയ്തത്. ഒരു ലിറ്ററിന് വില്‍ക്കുന്ന ആള്‍ക്ക് 200 രൂപയാണ് നല്‍കിയത്.

അതേസമയം ഇത്രയും ചെറിയൊരു സ്ഥലത്ത് പലസമയത്തായി 2000 ലിറ്ററിലേറെ മദ്യം പലര്‍ വില്‍പ്പന നടത്തിയിട്ടും അതറിയാതെ പോയ എക്‌സൈസിന്റെ പ്രവര്‍ത്തനത്തിലും സംശയമുണ്ട്.

ലോക്ഡൗണ്‍ കാലത്ത് അനധികൃത മദ്യവില്‍പ്പന തടയാന്‍ വലിയ പരിശോധന നടത്തിയെന്ന് അവകാശപ്പെട്ട എക്‌സൈസ് ഈ വലിയ കൊള്ള അറിയാതെ പോയതിലാണ് സംശയം വര്‍ധിക്കുന്നത്. എക്‌സൈസിലെ ആരുടെയെങ്കിലും പിന്തുണ ഈ അനധികൃത മദ്യവില്‍പ്പനയ്ക്ക് പിന്നിലുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

biverage
Advertisment